മൃതദേഹത്തില്‍ കുത്തേറ്റ പാടുകള്‍; കഴുത്തു ഞെരിച്ച ശേഷം ഫാനില്‍ കെട്ടിത്തൂക്കാനും ശ്രമം; നവവധുവിന്റെ കൊലപാതകം ആസൂത്രിതം

0

തിരുവനന്തപുരം: വര്‍ക്കലയിലെ നവ വധുവിന്റെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്. ആലപ്പുഴ തത്തംപ്പള്ളി സ്വദേശി നിഖിതയെ ഭര്‍ത്താവ് അനീഷ് മൂന്ന് തവണ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് പൊലീസ് പറയുന്നത്. ആദ്യം അനീഷ് കഴുത്ത് ഞെരിച്ചു. മരണം ഉറപ്പാക്കാന്‍ വിളക്ക് കൊണ്ട് കുത്തുകയും തലക്കടിക്കുകയും ചെയ്തു. മൃതദേഹത്തില്‍ കുത്തേറ്റ പാടുണ്ടെന്നും പൊലീസ് പറഞ്ഞു. കഴുത്ത് ഞെരിച്ച ശേഷം ഫാനില്‍ കെട്ടി തൂക്കാനും ശ്രമിച്ചു. കഴുത്ത് ഞെരിക്കാന്‍ ഉപയോഗിച്ച തുണി മുറിയില്‍ നിന്നും ഫൊറന്‍സിക് സംഘത്തിന് ലഭിച്ചു.

ജൂലൈ എട്ടിനായിരുന്നു വര്‍ക്കല സ്വദേശി അനീഷും ആലപ്പുഴ തത്തപ്പള്ളി സ്വദേശി നിഖിതയും തമ്മിലുള്ള വിവാഹം. അനീഷ് ദുബായ് തുറമുഖത്തായിരുന്നു ജോലി ചെയ്തിരുന്നത്. വിവാഹ ശേഷം ഇരുവരും വിദേശത്ത് പോയി. 10 ദിവസം മുമ്പ് അനീഷിന്റെ കാലുവേദനയുടെ ചികിത്സക്കായി ഇവര്‍ നാട്ടിലെത്തി. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം പതിവായിരുന്നുവെന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയ മൊഴി.

ഇന്ന് പുലര്‍ച്ചെയും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. വീട്ടിലെ നിലവിളക്കെടുത്ത് അനീഷ് ഭാര്യയുടെ തലക്കടിച്ചു. സംഭവം നടക്കുന്ന സമയത്ത് അനീഷിന്റെ മാതാപിതാക്കളും സഹോദരനും വീട്ടിലുണ്ടായിരുന്നു. ഇവര്‍ അറിയിച്ചതനുസരിച്ച് നിഖിതയെ പൊലീസ് വര്‍ക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വീട്ടില്‍ നിന്ന് തന്നെ അനീഷിനെ കസ്റ്റിലെടുത്തു. നാട്ടിലെത്തിയ ശേഷം നിഖിത ഫോണ്‍ വിളിക്കുന്നത് കുറവായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

Leave a Reply