ബ്ലോക്ക്‌ പഞ്ചായത്തുകള്‍ക്കു കീഴില്‍ തെരുവുനായ പരിപാലനത്തിനു പ്രത്യേക യൂണിറ്റുകള്‍ തുടങ്ങുമെന്നു സംസ്‌ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

0

ബ്ലോക്ക്‌ പഞ്ചായത്തുകള്‍ക്കു കീഴില്‍ തെരുവുനായ പരിപാലനത്തിനു പ്രത്യേക യൂണിറ്റുകള്‍ തുടങ്ങുമെന്നു സംസ്‌ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. മൃഗസംരക്ഷണവകുപ്പ്‌ സമര്‍പ്പിച്ച വിശദീകരണപത്രികയിലാണ്‌ ഇക്കാര്യം വ്യക്‌തമാക്കുന്നത്‌.
വെറ്ററിനറി സര്‍ജന്‍, തീയറ്റര്‍ അസിസ്‌റ്റന്റ്‌, അനിമല്‍ ഹാന്‍ഡ്‌ലര്‍, സ്വീപ്പര്‍ എന്നിവരുള്‍പ്പെട്ടതാണ്‌ ഒരു യൂണിറ്റ്‌. പി.എസ്‌.സി. മുഖേനയാകും നിയമനം. ശമ്പളം: വെറ്ററിനറി സര്‍ജന്‍- 40,000 രൂപ, തീയറ്റര്‍ അസിസ്‌റ്റന്റ്‌-25,000 രൂപ, അനിമല്‍ ഹാന്‍ഡ്‌ലര്‍-20,000 രൂപ, സ്വീപ്പര്‍- 12,000 രൂപ. ബ്ലോക്ക്‌ പഞ്ചായത്ത്‌ ഫണ്ടില്‍നിന്നാണു തുക വിനിയോഗിക്കുക. ഈ വകയില്‍ ചെലവഴിക്കാത്ത തുക ജില്ലാപഞ്ചായത്തിനു കൈമാറണം. സര്‍ക്കാര്‍ ഇതിനായി പണം നല്‍കില്ല. തനത്‌ ഫണ്ടില്‍നിന്നു കണ്ടെത്തണം. വാസ്‌കിനേഷന്‍ ഫണ്ട്‌ ഉയര്‍ത്തുന്നതു ജില്ലാ ആസൂത്രണസമിതി പരിഗണിക്കണം.
പ്രാദേശികതലത്തില്‍ നായപിടിത്തക്കാരെ സര്‍ക്കാര്‍ നേരിട്ട്‌ നിയമിക്കും. ഊട്ടി കുനൂരിലെ വെറ്ററിനറി ട്രെയിനിങ്‌ സെന്ററിലയച്ച്‌ ഇവര്‍ക്കു പരിശീലനം നല്‍കും. ഒരു തെരുവുനായയെ പിടികൂടാന്‍ 300 രൂപയും ഒരുമാസത്തേക്കുള്ള ഭക്ഷണത്തിനു 400 രൂപയും അനുവദിക്കും. ഒരു നായയ്‌ക്കു പ്രതിമാസം 1,200 രൂപയാണു വളര്‍ത്തുചെലവ്‌ കണക്കാക്കുന്നത്‌. സര്‍ക്കാര്‍ വിശദീകരണം സുപ്രീം കോടതി നാളെ പരിഗണിക്കും.
മൃഗസംരക്ഷണവകുപ്പിനെക്കൂടാതെ ആരോഗ്യം, തദ്ദേശസ്വയംഭരണവകുപ്പുകള്‍ക്കാണു തെരുവുനായ വിഷയത്തില്‍ ബന്ധമുള്ളത്‌. ആരോഗ്യവകുപ്പിനു കാര്യമായ പങ്കാളിത്തമില്ല.
വാക്‌സിനേഷന്റെയും സംരക്ഷണത്തിന്റെയും ഉത്തരവാദിത്വം മൃഗസംരക്ഷണവകുപ്പിനാണ്‌. ഫണ്ട്‌ നല്‍കേണ്ടതു തദ്ദേശസ്‌ഥാപനങ്ങളാണ്‌. നേരത്തേ ചുമതലയുണ്ടായിരുന്ന കുടുംബശ്രീക്ക്‌ ഇതിനുള്ള ഫണ്ടില്ലെന്നും അടിസ്‌ഥാനസൗകര്യത്തിന്റെ കുറവുണ്ടെന്നും ഹൈക്കോടതി വ്യക്‌തമാക്കിയതോടെയാണ്‌ അവരെ ഒഴിവാക്കിയത്‌. തെരുവുനായ വിഷയത്തില്‍ തദ്ദേശസ്വയംഭരണവകുപ്പിനോടും സുപ്രീം കോടതി വിശദീകരണമാവശ്യപ്പെട്ടിട്ടുണ്ട്‌.

Leave a Reply