കനത്ത മഴയിൽ കണ്ണൂർ ജില്ലയിലെ മലയോര പ്രദേശത്ത് വീടുകൾ തകർന്നു

0

കണ്ണൂർ: ഇടയ്ക്കിടെ തകർത്ത് പെയ്യുന്ന മഴയിൽ കണ്ണൂർ ജില്ലയിലെ അയ്യങ്കുന്ന് പഞ്ചായത്തിലെ രണ്ടാം കടവിലും മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് ചാക്കാടും വീടുകൾ തകർന്നു. രണ്ടാംക്കടവിലെ വാതില്ലൂർ ചെറിയാന്റെയും മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് ചാക്കാടിലെ ചാലാടൻ പത്മിനിയുടെയും വീടുകളാണ് തകർന്നത്.

കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലാണ് ചെറിയാന്റെ വീട് തകർന്നു വീണത്. സംഭവസമയത്ത് വീട്ടിൽ ആളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ വീട് സന്ദർശിച്ചു. ഞായറാഴ്ച ഉണ്ടായ കനത്ത മഴയിൽ ഉച്ചയോടെയാണ് ചാലാടൻ പത്മിനിയുടെ വീട് തകർന്നത്. മക്കളും പേരമക്കളും ഉൾപ്പെടെ താമസിക്കുന്ന വീടിന്റെ അടുക്കള ഭാഗവും പിറകുവശവും പൂർണ്ണമായി തകർന്നു വീണു.

വീടിന്റെ മുൻഭാഗവും മേൽക്കുരയും ഏതു നിമിഷവും തകർന്നു വീഴാവുന്ന നിലയിൽ അപകട ഭീഷണിയിലായിരിക്കുകയാണ്. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ വീട്ടിലുണ്ടായിരുന്നെങ്കിലും എല്ലാവരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ണൂർ ജില്ലയിലെ മലയോര പ്രദേശത്ത് കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. കൃഷിനാശത്തിന് പുറമേ വീടിനും നാശനഷ്ടങ്ങൾ സംഭവിക്കുന്നത് ജനങ്ങൾക്കുള്ളിൽ ആശങ്ക പടർത്തിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here