ഒടുവില്‍ കിട്ടി യൂത്ത്‌ കോണ്‍ഗ്രസുകാരന്‍തന്നെ

0



തിരുവനന്തപുരം: “കിട്ടിയോ” എന്നു ഹാഷ്‌ടാഗ്‌ ഇനി മാറ്റാം. എ.കെ.ജി. സെന്ററിനു നേരേ പടക്കമെറിഞ്ഞ കേസില്‍ ഒടുവില്‍ അറസ്‌റ്റ്‌. യൂത്ത്‌ കോണ്‍ഗ്രസ്‌ ആറ്റിപ്ര മണ്ഡലം പ്രസിഡന്റും മണ്‍വിള സ്വദേശിയുമായ വി. ജിതിനെ 84 ദിവസത്തിന്‌ ശേഷം ക്രൈംബ്രാഞ്ച്‌ അറസ്‌റ്റ്‌ ചെയ്‌തു. ഇന്നലെ രാവിലെ കസ്‌റ്റഡിയിലെടുത്ത്‌ കവടിയാറിലെ ക്രൈംബ്രാഞ്ച്‌ ഓഫീസില്‍ ചോദ്യംചെയ്‌ത ശേഷം അറസ്‌റ്റ്‌ രേഖപ്പെടുത്തുകയായിരുന്നു.
ജൂണ്‍ 30 ന്‌ രാത്രി 11.25നാണ്‌ സ്‌കൂട്ടറില്‍ എത്തിയ അക്രമി എ.കെ.ജി. സെന്ററിലേക്ക്‌ സ്‌ഫോടകവസ്‌തു എറിഞ്ഞത്‌. സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പടെ നിരവധി നേതാക്കള്‍ ഈ സമയം എ.കെ.ജി. സെന്ററില്‍ ഉണ്ടായിരുന്നു.
ആക്രമണ ദൃശ്യങ്ങളിലെ കാര്‍ ജിതിന്റെതാണെന്ന്‌ സ്‌ഥിരീകരിച്ചതോടെ അന്വേഷണ സംഘം ജിതിനെ നിരീക്ഷിച്ചു വരികയായിരുന്നു. ജിതിന്റ കാറും ടീ ഷര്‍ട്ടും ഷൂസും മൊബൈല്‍ ഫോണ്‍ കോളുകളും മുഖ്യതെളിവായി.
സ്‌കൂട്ടറിലെത്തി സ്‌ഫോടകവസ്‌തു എറിഞ്ഞ ശേഷം ഗൗരീശപട്ടത്തെത്തിയ ജിതിന്‍ കാറില്‍ കയറി രക്ഷപ്പെട്ടെന്നാണു ക്രൈബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഗൗരീശപട്ടത്ത്‌ എത്തിയ ശേഷം മറ്റൊരാളാണ്‌ ഈ സ്‌കൂട്ടര്‍ ഓടിക്കുന്നത്‌. സ്‌കൂട്ടറിന്‌ പിന്നിലായി കെ.എസ്‌.ഇ.ബിയുടെ ബോര്‍ഡ്‌ വെച്ച ഒരു കാറാണുള്ളത്‌. ഇത്‌ ജിതിന്റെ ഉടമസ്‌ഥതയിലുള്ളതാണെന്നു കണ്ടത്തി.
സംഭവസമയത്ത്‌ അക്രമി ധരിച്ചിരുന്ന ടീ ഷര്‍ട്ടിന്റെ ബ്രാന്‍ഡ്‌ മനസിലാക്കിയ പോലീസ്‌ ഈ പ്രത്യേക ബ്രാന്‍ഡ്‌ വില്‍ക്കുന്ന കടയിലെത്തി പരിശോധന നടത്തി. ആകെയുള്ള 12 എണ്ണത്തില്‍ ഒരെണ്ണം വാങ്ങിയത്‌ ജിതിന്‍ ആണെന്നു കണ്ടെത്തിയതു നിര്‍ണായകമായി. ചുവന്ന സ്‌കൂട്ടറിലാണ്‌ അക്രമി എത്തിയതെന്നും അത്‌ ഡിയോ സ്‌കൂട്ടറാണെന്നതും മാത്രമായിരുന്നു നേരത്തെ ലഭിച്ച സൂചനകള്‍. സിസിടിവി ദൃശ്യങ്ങളില്‍നിന്ന്‌ സ്‌കൂട്ടറിന്റെ നമ്പര്‍ കിട്ടിയിരുന്നില്ല. എറിഞ്ഞത്‌ സാധാരണ പടക്കമാണെന്നാണ്‌ ഫൊറന്‍സിക്‌ റിപ്പോര്‍ട്ട്‌.
അന്വേഷണത്തിന്റെ ഭാഗമായി നൂറിലധികം സിസിടിവി ക്യാമറകള്‍ പോലീസ്‌ പരിശോധിച്ചു. 250 ല്‍ അധികം ആളുകളെ ചോദ്യം ചെയ്‌തു. അയ്യായിരത്തില്‍ അധികം മൊബൈല്‍ ഫോണ്‍രേഖകളും പരിശോധിച്ചു.ആറ്റിപ്ര, മേനംകുളം, കഴക്കൂട്ടം ഭാഗത്തെ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചായിരുന്നു തുടക്കം മുതല്‍ അന്വേഷണം.

LEAVE A REPLY

Please enter your comment!
Please enter your name here