കാർ യാത്രക്കാരനും ആംബുലൻസ് ഡ്രൈവറും തമ്മിൽ തർക്കം; പിന്തുടർന്ന് ആശുപത്രിയിലെത്തിയും കയ്യാങ്കളി; ചികിത്സ വൈകി രോഗിയ്ക്ക് ദാരുണാന്ത്യം

0

പെരിന്തൽമണ്ണ: നെഞ്ചുവേദന വന്ന രോഗിയുമായി ആശുപത്രിയിലേക്ക് പോകവേ കാർ യാത്രക്കാരൻ വഴിയിലും പിന്തുടർന്ന് ആശുപത്രിയിലും തടസ്സം ഉണ്ടാക്കിയതിനെത്തുടർന്ന് ചികിത്സ ലഭിക്കാൻ വൈകിയ രോഗി മരിച്ചു. വളാഞ്ചേരി കരേക്കാട് പാടത്തെപ്പീടിക വടക്കേപ്പീടിയേക്കൽ വാപ്പക്കുട്ടിഹാജിയുടെയും ഫാത്തിമക്കുട്ടിയുടെയും മകൻ ഖാലിദ്(33) ആണു മരിച്ചത്. ആശുപത്രിക്കു മുന്നിലെ കയ്യാങ്കളിക്കിടെ പരുക്കേറ്റ ആംബുലൻസ് ഡ്രൈവർ പാങ്ങ് വലിയപറമ്പിൽ അബ്ദുൽ അസീസ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ ഉച്ചയ്ക്ക് 12.45നാണ് സംഭവം. പടപ്പറമ്പിലെ വാഹന ഷോറൂമിൽ എത്തിയ ഖാലിദിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് അവിടത്തെ ജീവനക്കാർ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അങ്ങാടിപ്പുറം മേൽപാലത്തിൽ ആംബുലൻസിനു മുൻപിൽ കാർ തടസ്സം ഉണ്ടാക്കിയെന്നാണ് പരാതി.

കാർ യാത്രക്കാരനും ആംബുലൻസ് ഡ്രൈവറും തമ്മിൽ ഇവിടെവച്ച് തർക്കമുണ്ടായി. പിന്നീട് ആശുപത്രിയിലേക്കു പിന്തുടർന്നെത്തിയ കാർ യാത്രക്കാരൻ ആംബുലൻസ് ഡ്രൈവറെ കയ്യേറ്റം ചെയ്തു. ആശുപത്രി ജീവനക്കാർ സ്ട്രെച്ചറും മറ്റുമായി എത്തിയെങ്കിലും തർക്കം തീർന്ന ശേഷമാണ് രോഗിയെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയത്. അൽപസമയത്തിനകം രോഗി മരിച്ചു. ആംബുലൻസ് ഡ്രൈവറുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. തിരൂർക്കാട് സ്വദേശിയുടേതാണ് കാർ.

സംഭവസമയത്ത് താൻ കാറിലുണ്ടായിരുന്നില്ലെന്നും സൈക്കിളിൽനിന്നു വീണു പരുക്കേറ്റ തന്റെ മകനുമായി അയൽവാസിയും ജ്യേഷ്ഠനും മറ്റും ആശുപത്രിയിലേക്ക് പോകുമ്പോഴാണ് സംഭവമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഖാലിദിന്റെ കബറടക്കം ഇന്ന് 8ന് വടക്കുംപുറം പഴയ ജുമാഅത്ത് പള്ളിയി‍ൽ. ഭാര്യ: ഫാസില. മക്കൾ: മുഹമ്മദ് ആത്തിഫ്, മുഹമ്മദ് ആസിം.

LEAVE A REPLY

Please enter your comment!
Please enter your name here