15 മാസം പ്രായമുള്ള രവിരാജിനെ കടുവയുടെ വായില്‍നിന്ന്‌ രക്ഷിച്ച്‌ അര്‍ച്ചന “പുലി”യായി

0

15 മാസം പ്രായമുള്ള രവിരാജിനെ കടുവയുടെ വായില്‍നിന്ന്‌ രക്ഷിച്ച്‌ അര്‍ച്ചന “പുലി”യായി. സ്വജീവന്‍ പണയം വച്ചാണ്‌ പൊന്നോമനയെ കടുവയില്‍നിന്നു രക്ഷിച്ചത്‌. ഇതിനിടെ അര്‍ച്ചയ്‌ക്കും പരുക്കേറ്റു.
മധ്യപ്രദേശിലെ ഉമാരിയ ജില്ലയിലെ റൊഹാനിയ ഗ്രാമത്തില്‍ ബാന്ധവ്‌ഗഡ്‌ കടുവ സംരക്ഷണകേന്ദ്രത്തിനു സമീപമുള്ള പ്രദേശത്താണ്‌ സംഭവം. അര്‍ച്ചന ചൗധരിയെന്ന ഇരുപത്തിയഞ്ചുകാരി കുഞ്ഞിനെ പ്രാഥമിക കൃത്യങ്ങള്‍ക്കായി വീടിനു സമീപമുള്ള വയലില്‍ കൊണ്ടിരിത്തിയതാണ്‌. ഇതിനിടെയാണ്‌ എവിടെനിന്നോ പാഞ്ഞെത്തി കടുവ ആക്രമിച്ചത്‌. കുട്ടിയെ കടിച്ചുതൂക്കി എടുത്തുകൊണ്ടു പോകാന്‍ ശ്രമിച്ചു. ഈ സമയം സധൈര്യം അര്‍ച്ചന കടുവയ്‌ക്കു നേര്‍ക്കു തിരിഞ്ഞു. ജീവന്‍ അപകടത്തിലായിട്ടും അവര്‍ പിന്മാറിയില്ല. നിലവിളി കേട്ട്‌ ഗ്രാമവാസികളും രക്ഷയ്‌ക്കെത്തി. അവര്‍ വിരട്ടിയോടിച്ചപ്പോള്‍ കുട്ടിയെ ഉപേക്ഷിച്ച്‌ കടുവ കാട്ടിലേക്ക്‌ മറഞ്ഞു.
ഭാര്യയുടെ അരക്കെട്ടിലും, കുട്ടിയുടെ തലയിലും പുറത്തും പരുക്കുള്ളതായി അര്‍ച്ചനയുടെ ഭര്‍ത്താവ്‌ ഭോല പ്രസാദ്‌ പറഞ്ഞു. കുട്ടിയെയും അമ്മയെയും മന്‍പൂരിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പിന്നീട്‌ ഇവിടെ നിന്നും ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ജനവാസ മേഖലയില്‍ കുട്ടിയെയും അമ്മയെയും ആക്രമിച്ച കടുവയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതയായി വനംവകുപ്പ്‌ അറിയിച്ചു.

Leave a Reply