ഒന്നാം വർഷ ബിബിഎ വിദ്യാർത്ഥിനി സ്വന്തം ന​ഗ്നദൃശ്യങ്ങൾ ഫോണിൽ ചിത്രീകരിച്ച് കാമുകന് നൽകി; താനയച്ച സ്വകാര്യ ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ട് തിരിച്ചയച്ചത് മറ്റൊരു യുവാവും; ലേഡീസ് ഹോസ്റ്റലിലെ കുളിമുറി വീഡിയോ വിവാദത്തിൽ വൻ വഴിത്തിരിവ്

0

ചണ്ഡീഗഢ്: ചണ്ഡീഗഢ് സർവകലാശാലയിലെ വനിതാ ഹോസ്റ്റലിലെ പെൺകുട്ടികളുടെ സ്വകാര്യ ദുശ്യങ്ങൾ പുറത്തായെന്ന വിവാദത്തിൽ വൻ വഴിത്തിരിവ്. പെൺകുട്ടികൾ ആരോപിച്ചത് പോലെ വലിയ തോതിൽ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിക്കപ്പെട്ടിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത ഒന്നാം വർഷ ബിബിഎ വിദ്യാർത്ഥിനി തന്റെ സ്വകാര്യ ദൃശ്യങ്ങൾ മാത്രമാണ് ഫോണിൽ ചിത്രീകരിച്ച് കാമുകന് അയച്ചു കൊടുത്തത്. യുവതിയേയും കാമുകനെയും കൂടാതെ മറ്റൊരാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളാണ് പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിച്ചത് എന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.

പഞ്ചാബ് പോലീസിന്റെ നിർദേശപ്രകാരം ഹിമാചൽ പ്രദേശ് പോലീസാണ് പെൺകുട്ടിയുടെ ആൺസുഹൃത്തായ 23-കാരനെയും മറ്റൊരു യുവാവിനെയും പിടികൂടിയത്. ഇവരെ പഞ്ചാബ് പോലീസിന് കൈമാറിയതായി ഹിമാചൽ പോലീസ് അറിയിച്ചു. പിടിയിലായ 23-കാരൻ ഹിമാചലിലെ രൊഹ്‌റു സ്വദേശിയാണ്. ഹോസ്റ്റൽ കുളിമുറിയിൽനിന്ന് പകർത്തിയ ദൃശ്യങ്ങൾ വിദ്യാർഥിനി ഇയാൾക്ക് അയച്ചുനൽകിയെന്നാണ് ആരോപണം.

ഹിമാചലിലെ ധല്ലിയിൽനിന്നാണ് മൂന്നാംപ്രതിയായ 31-കാരനെ പോലീസ് പിടികൂടിയത്. ഇയാളുടെ ഫോൺനമ്പർ നേരത്തെ അറസ്റ്റിലായ വിദ്യാർഥിനിയുടെ കൈവശമുണ്ടായിരുന്നു. ഇയാളെ തനിക്ക് അറിയില്ലെന്നും ഹോസ്റ്റലിൽ തന്നെ ചോദ്യംചെയ്യുന്ന സമയത്ത് ഇയാളുടെ നമ്പറിൽനിന്ന് തന്റെ ഫോണിലേക്ക് ചില സ്‌ക്രീൻഷോട്ടുകൾ വന്നതായുമാണ് പെൺകുട്ടിയുടെ മൊഴി. നേരത്തെ തന്റെ ആൺസുഹൃത്തിന് പങ്കുവെച്ച വീഡിയോയുടെ സ്‌ക്രീൻഷോട്ടുകളാണ് ഇയാൾ അയച്ചിരുന്നതെന്നും പെൺകുട്ടി പറഞ്ഞിരുന്നു. ഇതോടെയാണ് 31-കാരന്റെ പേരും എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയത്.

അറസ്റ്റിലായ വിദ്യാർഥിനിയിൽനിന്ന് ആകെ നാല് വീഡിയോകളാണ് കണ്ടെടുത്തതെന്നും ഇതെല്ലാം പ്രതിയുടെ സ്വന്തം വീഡിയോ ആണെന്നും പഞ്ചാബ് പോലീസ് പ്രതികരിച്ചു. ഈ വീഡിയോകൾ വിദ്യാർഥിനി ആൺസുഹൃത്തുമായി പങ്കുവെച്ചിരുന്നു. വിദ്യാർഥികൾ ആരോപിക്കുന്നത് പോലെ മറ്റു വീഡിയോകൾ കണ്ടെടുത്തിട്ടില്ലെന്നും ഇത്തരം വീഡിയോകൾ പ്രചരിക്കുന്നുവെന്ന അവകാശവാദത്തിന് തെളിവുകൾ ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. എന്നാൽ പോലീസിന്റെ വാദങ്ങൾ തെറ്റാണെന്നാണ് വിദ്യാർഥികളുടെ പ്രതികരണം. ഹോസ്റ്റലിൽനിന്നുള്ള കുളിമുറി ദൃശ്യങ്ങൾ പകർത്തിയതായി വിദ്യാർഥിനി സമ്മതിച്ചിട്ടുണ്ടെന്നും പോലീസും സർവകലാശാല അധികൃതരും പലതും ഒളിച്ചുവെയ്ക്കാൻ ശ്രമിക്കുകയാണെന്നും വിദ്യാർഥികൾ ആരോപിച്ചു.

കുളിമുറി ദൃശ്യങ്ങൾ പുറത്തായതിനെ തുടർന്ന് ഹോസ്റ്റലിലെ എട്ട് വിദ്യാർഥിനികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇത് തെറ്റാണെന്നും കാമ്പസിൽ ആരും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ലെന്നുമാണ് പോലീസിന്റെയും സർവകലാശാല അധികൃതരുടെയും വിശദീകരണം.

ശനിയാഴ്ച രാത്രിയോടെയാണ് ഹോസ്റ്റലിൽനിന്നുള്ള കുളിമുറി ദൃശ്യങ്ങൾ പ്രചരിക്കുന്നതായി ആരോപിച്ച് വിദ്യാർഥികൾ സർവകലാശാലയിൽ പ്രതിഷേധം ആരംഭിച്ചത്. നൂറുകണക്കിന് വിദ്യാർഥികളാണ് രാത്രി വൈകിയും കാമ്പസിൽ തടിച്ചുകൂടി പ്രതിഷേധിച്ചത്. അതേസമയം, വിദ്യാർഥി പ്രതിഷേധം കാരണം ചണ്ഡീഗഢ് സർവകലാശാല സെപ്റ്റംബർ 24 വരെ അടച്ചിട്ടു. കഴിഞ്ഞദിവസം രാത്രിയും വിദ്യാർഥികൾ കാമ്പസിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സർവകലാശാല അധികൃതർ വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ചതോടെ തിങ്കളാഴ്ച പുലർച്ചെ 1.30-ഓടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ഹോസ്റ്റൽ വാർഡന്മാർക്കെതിരേ സർവകലാശാല നടപടി സ്വീകരിച്ചിട്ടുണ്ട്. രണ്ട് ഹോസ്റ്റൽ വാർഡന്മാരെ സർവകലാശാല സസ്‌പെൻഡ് ചെയ്തു. ഇതിനുപുറമെ എല്ലാ ഹോസ്റ്റലുകളിലെയും വാർഡന്മാരെ സ്ഥലംമാറ്റുകയും ചെയ്തു. വിദ്യാർഥികളുടെ ആവശ്യപ്രകാരം ഹോസ്റ്റലുകളുടെ സമയക്രമത്തിലും മാറ്റംവരുത്തിയിട്ടുണ്ട്. മതിയായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കുമെന്നും അധികൃതർ ഉറപ്പുനൽകി

Leave a Reply