സംസ്‌ഥാനത്ത്‌ 95 ക്യാമ്പുകൾ; 2291 പേരെ മാറ്റിപ്പാര്‍പ്പിച്ചു; മഴക്കെടുതിയില്‍ സംസ്‌ഥാനത്ത്‌ ഏഴുമരണംകൂടി; മറ്റന്നാള്‍വരെ വ്യാപകമഴ; ജാഗ്രതയോടെ കേരളം

0

മഴക്കെടുതിയില്‍ സംസ്‌ഥാനത്ത്‌ ഏഴുമരണംകൂടി. കണ്ണൂര്‍ ജില്ലയില്‍ മൂന്നുപേരും തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓരോരുത്തരുമാണു മരിച്ചത്‌. ഇതോടെ കഴിഞ്ഞ ഞായര്‍ മുതല്‍ പെയ്യുന്ന കനത്തമഴയില്‍ സംസ്‌ഥാനത്തു ജീവന്‍ പൊലിഞ്ഞവരുടെ എണ്ണം 13 ആയി. കാണാതായ മൂന്നുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു.
മറ്റന്നാള്‍വരെ വ്യാപകമഴയ്‌ക്കും ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്കും നാളെവരെ ഒറ്റപ്പെട്ട അതിശക്‌ത/അതിതീവ്രമഴയ്‌ക്കും (204 മില്ലിമീറ്ററില്‍ കൂടുതല്‍) സാധ്യതയെന്നു കേന്ദ്ര കാലാവസ്‌ഥാവകുപ്പ്‌ അറിയിച്ചതോടെ ഇന്ന്‌ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍ ജില്ലകളില്‍ റെഡ്‌ അലെര്‍ട്ട്‌ പ്രഖ്യാപിച്ചു.
ആറ്‌ നദികളില്‍ പ്രളയസാധ്യതയെന്നു കേന്ദ്ര ജല കമ്മിഷന്റെ മുന്നറിയിപ്പ്‌. അച്ചന്‍കോവിലാര്‍, ഗായത്രിപ്പുഴ, ചാലക്കുടിപ്പുഴ, മീനച്ചിലാര്‍ എന്നിവിടങ്ങളില്‍ ഓറഞ്ച്‌ അലെര്‍ട്ട്‌. മണിമലയാര്‍, നെയ്യാര്‍, കരമനയാര്‍ എന്നിവയിലും പ്രളയമുന്നറിയിപ്പുണ്ട്‌. മണിമലയാര്‍ രണ്ടിടങ്ങളില്‍ അപകടനിരപ്പിനു മുകളില്‍ ഒഴുകുന്നു. കണ്ണൂര്‍ ഇരിട്ടി താലൂക്കിലെ കണിച്ചാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ പിഞ്ചുകുട്ടിയടക്കം മൂന്നുപേരാണു മരിച്ചത്‌. കണിച്ചാര്‍ വില്ലേജിലെ പൂളക്കുറ്റി, വെള്ളറ, നെടുംപുറംചാല്‍ എന്നിവിടങ്ങളിലായിരുന്നു ഉരുള്‍പൊട്ടല്‍.
കണിച്ചാല്‍ വെള്ളറ കോളനിയിലെ അരുവിക്കല്‍ ഹൗസില്‍ രാജേഷ്‌ (45), പൂളക്കുറ്റി ആരോഗ്യകേന്ദ്രം ജീവനക്കാരി നദീറ ജെ. റഹീമിന്റെ രണ്ടരവയസുകാരിയായ മകള്‍ നൂമ തസ്‌മീന്‍, കണിച്ചാര്‍ വെള്ളറ കോളനിയിലെ മണ്ണാളി ചന്ദ്രന്‍ (55) എന്നിവരാണു മരിച്ചത്‌. പൂളക്കുറ്റിയിലെ ഉരുള്‍പൊട്ടലില്‍ കാണാതായ ചന്ദ്രന്റെ മൃതദേഹം ഇന്നലെ വൈകിട്ട്‌ നാലരയോടെ താഴെവെള്ളറ ഭാഗത്തുനിന്നാണു കണ്ടെടുത്തത്‌.
തെരച്ചിലില്‍ അഗ്നിശമനസേനയ്‌ക്കൊപ്പം കരസേനയും പങ്കെടുത്തു. ചന്ദ്രന്റെ വീട്‌ പൂര്‍ണമായും മണ്ണിനടിയിലാണ്‌. ഇദ്ദേഹത്തിന്റെ മകന്‍ റിവി(22)നെ അഗ്നിശമനസേന രക്ഷപ്പെടുത്തിയിരുന്നു. കുടിയേറ്റമേഖലയായ കണിച്ചാര്‍ പഞ്ചായത്തിലെ കൊളക്കാട്‌, കണ്ണവം വനമേഖലയില്‍ പെയ്‌ത കനത്തമഴയാണു ദുരിതം വിതച്ചത്‌.
ഇരിട്ടി താലൂക്കിലെ പേരാവൂരില്‍ നാലിടത്ത്‌ ഉരുള്‍പൊട്ടലുണ്ടായി. വന്‍മരങ്ങള്‍ കടപുഴകി വീണതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്‌. ജില്ലാ കലക്‌ടര്‍ സൈന്യത്തിന്റെ അടിയന്തരസഹായം തേടി.
തമിഴ്‌നാട്ടിലെ കന്യാകുമാരി, പുത്തന്‍തുറ സ്വദേശി കിങ്‌സറ്റണ്‍ (27) തിരുവനന്തപുരത്തു തിരയില്‍പ്പെട്ടു മരിച്ചു. കോട്ടയം, കൂട്ടിക്കലില്‍ പുല്ലകയാറ്റിലെ മലവെള്ളപ്പാച്ചിലില്‍പ്പെട്ടു കാണാതായ കന്നുപറമ്പില്‍ റിയാസി(44)ന്റെ മൃതദേഹവും കണ്ടെത്തി. കൂട്ടിക്കല്‍ ടൗണിലെ ചുമട്ടുതൊഴിലാളിയായിരുന്നു. പിതാവ്‌ പരേതനായ ഇബ്രാഹിം, മാതാവ്‌ ആയിഷ, ഭാര്യ റാഫിയ, മക്കള്‍: റിഫാന, റാഷിദ, റംസിയ.
എറണാകുളം കുട്ടമ്പുഴയില്‍ കഴിഞ്ഞ തിങ്കളാഴ്‌ച കാണാതായ ഉരുളംതണ്ണി, കാവനാകുടിയില്‍ പൗലോസി(65)നെ വനത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ദേഹത്തേക്കു മരം ഒടിഞ്ഞുവീണാണു മരണം.

ശബരിമല യാത്രാവിലക്കില്ല

പത്തനംതിട്ട ജില്ലയില്‍ മഴയ്‌ക്കു ശക്‌തി കുറഞ്ഞതിനാല്‍ നിറപുത്തരി ചടങ്ങ്‌ നടക്കുന്ന ശബരിമലയിലേക്കു നിലവില്‍ യാത്രാവിലക്കില്ല. ശബരിമല നട ഇന്ന്‌ തുറക്കും. തിരുവനന്തപുരത്ത്‌ ഇന്ന്‌ നടത്താനിരുന്ന സംസ്‌ഥാന ചലച്ചിത്രപുരസ്‌കാരച്ചടങ്ങ്‌ മാറ്റിവച്ചു.

95 ക്യാമ്പുകളിലായി 2291 പേര്‍

ദേശീയ ദുരന്തനിവാരണസേനയുടെ ഒന്‍പത്‌ സംഘങ്ങള്‍ ഇടുക്കി, കോഴിക്കോട്‌, വയനാട്‌, തൃശൂര്‍, മലപ്പുറം, എറണാകുളം, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുണ്ട്‌. ഡിഫന്‍സ്‌ സെക്യൂരിറ്റി കോപ്‌സിന്റെ രണ്ട്‌ യൂണിറ്റ്‌ കണ്ണൂര്‍, പാലക്കാട്‌ ജില്ലകളിലും കരസേന തിരുവനന്തപുരം ജില്ലയിലും സജ്‌ജമാണ്‌.
മന്ത്രി കെ. രാജന്റെ നേതൃത്വത്തില്‍ ജില്ലാ കലക്‌ടര്‍മാരുടെ യോഗം ചേര്‍ന്ന്‌ സ്‌ഥിതിഗതികള്‍ വിലയിരുത്തി. സംസ്‌ഥാനത്ത്‌ 95 ക്യാമ്പുകളിലായി 2291 പേരെ മാറ്റിപ്പാര്‍പ്പിച്ചു. നദികളില്‍ ജലനിരപ്പ്‌ താഴാത്തതിനാല്‍ തീരവാസികള്‍ക്കുള്ള ജാഗ്രതാ മുന്നറിയിപ്പ്‌ തുടരുന്നു.

Leave a Reply