ഇരമ്പിയെത്തിയ മലവെള്ളപ്പാച്ചില്‍ നദീറയുടെ കൈയില്‍നിന്നു തട്ടിയെടുത്തത്‌ ജീവന്റെ ജീവനായ പൊന്നുമോളെ

0

ഇരമ്പിയെത്തിയ മലവെള്ളപ്പാച്ചില്‍ നദീറയുടെ കൈയില്‍നിന്നു തട്ടിയെടുത്തത്‌ ജീവന്റെ ജീവനായ പൊന്നുമോളെ. തിങ്കളാഴ്‌ച കണ്ണൂര്‍ നെടുംപുറംചാലില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ അകപ്പെട്ടാണ്‌ നദീറയ്‌ക്ക്‌ മകള്‍ നുമ തസ്‌ലിനെ നഷ്‌ടമായത്‌.
കൊളക്കാട്‌ കുടുംബക്ഷേമകേന്ദ്രത്തിലെ നഴ്‌സായ ചെങ്ങന്നൂര്‍ സ്വദേശിനി നദീറ കുടുംബത്തോടൊപ്പം കൊളക്കാടാണ്‌ താമസിച്ചിരുന്നത്‌. തിങ്കളാഴ്‌ച വൈകുന്നേരം ഭര്‍ത്താവ്‌ സമീര്‍ കടയില്‍പോയതിനാല്‍ നദീറയും കുഞ്ഞും വല്യമ്മയും മാത്രമാണ്‌ വീട്ടിലുണ്ടായിരുന്നത്‌. ഈ സമയത്തായിരുന്നു ഉരുള്‍പൊട്ടിയുള്ള മലവെള്ളപ്പാച്ചില്‍.
വെള്ളത്തിന്റെ ഇരമ്പല്‍ കേട്ട്‌ രണ്ടരവയസുകാരിയായ മകള്‍ നുമയെയും എടുത്ത്‌ വീടിന്റെ പിന്‍ഭാഗത്തേക്കു വന്നതായിരുന്നു നദീറ. എന്നാല്‍ കുതിച്ചെത്തിയ മലവെള്ളപ്പാച്ചിലില്‍ ഇരുവരും അകപ്പെട്ടു. ഇതിനിടെ നദീറയുടെ കൈയിലിരുന്ന കുഞ്ഞ്‌ പിടിവിട്ട്‌ വെള്ളപ്പാച്ചിലില്‍ വീണ്‌ ഒഴുകിപ്പോകുകയായിരുന്നു. നദീറയെയും മറ്റൊരു കുടുംബത്തെയും ഫയര്‍ഫോഴ്‌സാണ്‌ രക്ഷപ്പെടുത്തിയത്‌. എന്‍.ഡി.ആര്‍എഫ്‌. സംഘവും നാട്ടുകാരും ചേര്‍ന്നുനടത്തിയ തെരച്ചിലില്‍ ഇന്നലെ രാവിലെയോടെയാണ്‌ നുമ തസ്‌ലിന്റെ മൃതദേഹം കണ്ടെത്തിയത്‌. നെടുംപുറംചാലിനു പുറമേ സമീപത്തെ പൂളക്കുറ്റി, വെള്ളറ, കോളയാട്‌ പഞ്ചായത്തിലെ ചെക്കേരി, പൂളക്കുണ്ട്‌, കേളകത്തെ വെള്ളൂന്നി എന്നിവിടങ്ങളിലും ഉരുള്‍പൊട്ടി വ്യാപക നാശമുണ്ടായിട്ടുണ്ട്‌.

Leave a Reply