പലതവണ നിര്‍ദേശിച്ചിട്ടും സത്യവാങ്‌മൂലം നല്‍കാന്‍ വൈകി; കെ.എസ്‌.ആര്‍.ടി.സിക്കു സുപ്രീം കോടതി അമ്പതിനായിരം രൂപ പിഴയിട്ടു

0

പലതവണ നിര്‍ദേശിച്ചിട്ടും സത്യവാങ്‌മൂലം നല്‍കാന്‍ വൈകിയതിനു കെ.എസ്‌.ആര്‍.ടി.സിക്കു സുപ്രീം കോടതി അമ്പതിനായിരം രൂപ പിഴയിട്ടു. നാളെയോടെ പണമടയ്‌ക്കണം. അല്ലാത്തപക്ഷം ചീഫ്‌ സെക്രട്ടറി നേരിട്ടു സുപ്രീംകോടതിയില്‍ ഹാജരായി വിശദീകരണം നല്‍കണം.
അനാസ്‌ഥ വരുത്തിയ ഉദ്യോഗസ്‌ഥനില്‍നിന്നു പിഴ ഈടാക്കി അടയ്‌ക്കണമെന്നാണു സുപ്രീംകോടതി ഉത്തരവിലുള്ളത്‌. എന്നാല്‍, കെ.എസ്‌.ആര്‍.ടി.സിയുടെ ഫണ്ടില്‍നിന്നു അടയ്‌ക്കണമെന്നാണു ട്രാന്‍സ്‌ഫോര്‍ട്ട്‌ വകുപ്പിന്റെ നിലപാട്‌. സത്യവാങ്‌മൂലം വൈകിയതിനു ഉത്തരവാദിയായ ഉദ്യോഗസ്‌ഥനെ കണ്ടെത്താന്‍ കഴിയാത്തതിനാലാണു ഒടുവില്‍ കെ.എസ്‌.ആര്‍.ടി.സി. ഫണ്ടില്‍നിന്നെടുത്തു പണമടയ്‌ക്കാന്‍ തീരുമാനിച്ചത്‌. കടക്കെണിയില്‍പ്പെട്ടു നട്ടംതിരിയുന്ന കെ.എസ്‌.ആര്‍.ടി.സിയ്‌ക്കിതു അപ്രതീക്ഷിത പ്രഹരമായി.
വാഹനാപകട ഇരകള്‍ക്കു ഇന്‍ഷുറന്‍സ്‌ തുക വൈകുന്നതു ഒഴിവാക്കാന്‍ സ്‌ഥിരം കോര്‍പസ്‌ ഫണ്ട്‌ രൂപികരിച്ചു അക്കാര്യം സത്യവാങ്‌മൂലമായി അറിയിക്കാനായിരുന്നു സുപ്രീം കോടതി നിര്‍ദേശം. എന്നാല്‍ കേരളമുള്‍പ്പെടെ ഏതാനും സംസ്‌ഥാനങ്ങള്‍ മറുപടി നല്‍കിയില്ല. മറുപടി നല്‍കിയ സംസ്‌ഥാനങ്ങള്‍ക്കു പതിനായിരം രൂപയും ഒരു മറുപടിയും നല്‍കാത്തവര്‍ക്ക്‌ അമ്പതിനായിരവുമാണു പിഴയിട്ടത്‌. ഉദ്യോഗസ്‌ഥന്‍ പിഴ അടയ്‌ക്കേണ്ടതിനു പകരം കെ.എസ്‌.ആര്‍.ടി.സിയുടെ ഫണ്ടില്‍നിന്നു എടുക്കുന്നതു കോടതിയുടെ വിമര്‍ശനത്തിനു കാരണമാകുമോ എന്ന്‌ ആശങ്കയുള്ളതിനാല്‍, പിഴയൊടുക്കി റിപ്പോര്‍ട്ടു നല്‍കുന്ന കാര്യത്തില്‍ അവ്യക്‌തത നിലനില്‍ക്കുന്നുണ്ട്‌.
ഗതാഗതവകുപ്പിനോടാണു കോടതി നിര്‍ദേശിച്ചതെങ്കിലും കെ.എസ്‌.ആര്‍.ടി.സിയോടു സത്യവാങ്‌മൂലം നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. കെ.എസ്‌.ആര്‍.ടി.സി. ഡയറക്‌ടര്‍ ബോര്‍ഡ്‌ ചേരാന്‍ വൈകിയതാണു സത്യവാങ്‌മൂലം താമസിച്ചതെന്നാണു ഗതാഗതവകുപ്പ്‌ ആരോപിക്കുന്നത്‌. വാഹനാപകട ഇന്‍ഷുറന്‍സ്‌ കൊടുക്കാന്‍ സ്‌ഥിരം ഫണ്ട്‌ കെ.എസ്‌.ആര്‍.ടി.സി. രൂപീകരിക്കണമെന്നാണു തീരുമാനിച്ചത്‌. ഫണ്ട്‌ രൂപീകരണത്തിനു തുടക്കമിട്ടെങ്കിലും അക്കാര്യം സുപ്രീംകോടതിയെ അറിയിക്കാന്‍ വൈകുകയായിരുന്നു.
വാഹന അപകടമുണ്ടായാല്‍ ഇന്‍ഷുറന്‍സ്‌ തുക ലഭിക്കാന്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ട അവസ്‌ഥയാണുള്ളത്‌. ഈ അവസ്‌ഥയ്‌ക്കു പരിഹാരമായി പരമാവധി വേഗത്തില്‍ ഇന്‍ഷുറന്‍സ്‌ തുക ലഭ്യമാക്കാനുള്ള നടപടികളുമായി മുന്നോട്ടു നീങ്ങുകയാണ്‌ കേന്ദ്രസര്‍ക്കാരും സുപ്രീം കോടതിയും. സാങ്കേതിക കാരണങ്ങള്‍ നിരത്തി ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ നഷ്‌ടപരിഹാരം വൈകിപ്പിക്കുന്നതു പതിവാണ്‌.

Leave a Reply