സ്‌കാനിയ ഉള്‍പ്പെടെ നാലു കെ.എസ്‌.ആര്‍.ടി.സി. ബസുകളുടെ ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ത്ത യുവാവ്‌ അറസ്‌റ്റില്‍

0

സ്‌കാനിയ ഉള്‍പ്പെടെ നാലു കെ.എസ്‌.ആര്‍.ടി.സി. ബസുകളുടെ ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ത്ത യുവാവ്‌ അറസ്‌റ്റില്‍. കുന്നംകുളം കാണിയാമ്പാല്‍ ചെമ്മണൂര്‍ വീട്ടില്‍ യാനി (26) ആണ്‌ തൃശൂര്‍ സിറ്റി പോലീസ്‌ സ്‌പെഷല്‍ ആക്ഷന്‍ ഗ്രൂപ്പിന്റെ പിടിയിലായത്‌. കഴിഞ്ഞ എട്ടിനായിരുന്നു സംഭവങ്ങളുടെ തുടക്കം. തൃശൂര്‍ -കുന്നംകുളം റോഡില്‍ പുലര്‍ച്ചെ സര്‍വീസ്‌ നടത്തിയ കെ.എസ്‌.ആര്‍.ടി.സി. ബസിന്റെ ചില്ല്‌ എറിഞ്ഞു തകര്‍ത്തതായി പേരാമംഗലം പോലീസില്‍ പരാതി ലഭിച്ചു. അന്വേഷണത്തിനിടെ, 14 ന്‌ പുലര്‍ച്ചെ സ്‌കാനിയ ബസിനുനേരേയും ആക്രമണമുണ്ടായതായി വിവരം ലഭിച്ചു. 18 ന്‌ മറ്റു രണ്ടു ബസുകളുടെ ചില്ലുകള്‍കൂടി കല്ലേറില്‍ തകര്‍ന്നു. ആക്രമണം മന:പൂര്‍വമാണെന്ന നിഗമനത്തിലായിരുന്നു പോലീസ്‌. നിരീക്ഷണം തുടര്‍ന്ന അന്വേഷണ സംഘം, സി.സി. ടിവി ക്യാമറ ദൃശ്യങ്ങളും പരിശോധിച്ചു.
അറസ്‌റ്റിലായ പ്രതി കുന്നംകുളത്ത്‌ മെഡിക്കല്‍ ഷോപ്പ്‌ ഉടമയാണ്‌. അവധി ദിവസങ്ങളില്‍ കൂട്ടുകാര്‍ക്കൊപ്പം ബൈക്ക്‌ യാത്രകള്‍ നടത്താറുണ്ട്‌. ഓഗസ്‌റ്റ്‌ എട്ടിന്‌ ബൈക്കില്‍ യാത്രചെയ്യുമ്പോള്‍ മുന്നില്‍പോയ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സൈഡ്‌ കൊടുക്കാത്തതിലുള്ള വൈരാഗ്യം അക്രമത്തിനു പ്രേരണയായെന്നാണ്‌ മൊഴി. കെ.എസ്‌.ആര്‍.ടി.സി. ബസുകള്‍ പലപ്പോഴും ഹെഡ്‌ ലൈറ്റ്‌ ഡിം ചെയ്യാത്തതിലും ഇയാള്‍ക്ക്‌ രോഷമുണ്ടായിരുന്നു. തുടര്‍ന്ന്‌ ബസുകള്‍ക്ക്‌ കല്ലെറിയാന്‍ തീരുമാനിക്കുകയായിരുന്നു. രാത്രികാലങ്ങളില്‍ ഒളിഞ്ഞിരുന്നായിരുന്നു ഓപ്പറേഷന്‍. പേരാമംഗലം സ്‌റ്റേഷനില്‍ നാലു കേസുകളാണ്‌ രജിസ്‌റ്റര്‍ ചെയ്‌തിരുന്നത്‌. പ്രതിയെക്കുറിച്ച്‌ വ്യക്‌തമായ സൂചനയില്ലാതിരുന്നതിനാല്‍ പട്രോളിങ്‌ ശക്‌തമാക്കി. കെ.എസ്‌.ആര്‍.ടി.സി. ബസുകള്‍ക്ക്‌ പ്രത്യേക സുരക്ഷയും ഏര്‍പ്പാടാക്കി. ആസൂത്രിത കുറ്റകൃത്യങ്ങള്‍ തടയുന്നതിന്‌ സിറ്റി പോലീസ്‌ കമ്മിഷണര്‍ രൂപീകരിച്ച സ്‌പെഷല്‍ ആക്ഷന്‍ ഗ്രൂപ്പ്‌ അംഗങ്ങള്‍ സജീവമായി രംഗത്തിറങ്ങി.
ഇരുനൂറിലധികം സി.സി. ടിവി ക്യാമറകള്‍ പരിശോധിച്ചു. നിരവധി മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനുകളും നിരീക്ഷിച്ചു. തുടര്‍അന്വേഷണങ്ങള്‍ക്കൊടുവില്‍ പ്രതി കുടുങ്ങി. പ്രതി ലഹരിവസ്‌തുക്കള്‍ക്ക്‌ അടിമയാണോ എന്നതടക്കം അന്വേഷിക്കുന്നുണ്ട്‌. പേരാമംഗലം പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ വി. അശോക്‌ കുമാര്‍, സബ്‌ ഇന്‍സ്‌പെക്‌ടര്‍ കെ.ആര്‍. റെമിന്‍, അസിസ്‌റ്റന്റ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ എ.യു. മനോജ്‌, സ്‌പെഷല്‍ ആക്ഷന്‍ ഗ്രൂപ്പ്‌ സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ കെ.ജി. പ്രദീപ്‌, കെ.ബി. സുനീപ്‌, സജി ചന്ദ്രന്‍, സിംസണ്‍, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ പി.എസ്‌. പ്രദീപ്‌, കെ.എന്‍. സുധീര്‍, അതുല്‍ശങ്കര്‍, ജിതിന്‍രാജ്‌, അബി ബിലയ്‌ എന്നിവരടങ്ങിയ സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌.

Leave a Reply