വിഴിഞ്ഞം സമരം തുടരണമെന്ന് ലത്തീന്‍ അതിരൂപത; പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കും; നാളെ കടലിലും ഉപരോധം

0

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് എതിരായ മത്സ്യത്തൊഴിലാളികളുടെ സമരം പതിമൂന്നാം ദിവസത്തിലേക്ക്. സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ജനങ്ങൾ, കൂടെ ലത്തീൻ അതിരൂപതയും ( latin archdiocese ) ഉറച്ച് നിൽക്കുന്നു. വിഴിഞ്ഞം സമരം തുടരുമെന്ന് ലത്തീന്‍ അതിരൂപത അറിയിച്ചു. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഞായറാഴ്ച പള്ളികളില്‍ വായിക്കും. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ ( latin arch കീഴിലുള്ള പള്ളികളിലാണ് ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍ വായിക്കുക. സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനും വിഘടിപ്പിക്കാനുമുള്ള ശ്രമങ്ങളില്‍ വീഴരുതെന്ന് സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. കേസുകള്‍ നല്‍കി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചാല്‍ നിയമപരമായി നീങ്ങുമെന്നും അതിരൂപത സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. സെപ്തംബര്‍ ഒന്ന് മുതലുള്ള സമരരീതിയെക്കുറിച്ച് സര്‍ക്കുലറില്‍ വിശദീകരിക്കും. അതേസമയം നാളെ വീണ്ടും മന്ത്രിതല ചര്‍ച്ച നടത്തും. ആറ് മണിക്ക് ചേരുന്ന ചര്‍ച്ചയില്‍ മന്ത്രിമാരായ ആന്റണി രാജുവും അബ്ദുര്‍ റഹിമാനും പങ്കെടുക്കും.

സംസ്ഥാന സര്‍ക്കാരുമായി കഴിഞ്ഞ ദിവസം നടത്തിയ അനുനയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്. സമരം പതിമൂന്നാം ദിനത്തിലേക്ക് കടക്കുമ്പോഴാണ് പള്ളികളില്‍ സമരത്തെക്കുറിച്ച് സര്‍ക്കുലര്‍ വായിക്കുന്നത്. ഇത് നിലനില്‍പ്പിന്റെ പ്രശ്‌നമണെന്നും വിഴിഞ്ഞം അതിജീവന സമരം മുന്നോട്ട് കൊണ്ടുപോകുമെന്നും സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡിഷ്യസ് ഡിക്രൂസ് വ്യക്തമാക്കിയിരുന്നു. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണം എന്നാവശ്യം അംഗീകരിക്കും വരെ സമരത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് സമര സമിതിയുടെ തീരുമാനം.

തിങ്കളാഴ്ച കടല്‍ സമരം നിശ്ചയിച്ചിട്ടുണ്ട്. ക്രമസമാധാന പ്രശ്‌നമുണ്ടാകരുതെന്ന ഹൈക്കോടതി വിധി കൂടി പരിഗണിച്ച് സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം. ഇതിനിടെ സമരത്തിനെതിരെ അദാനി പോര്‍ട്ട് സമര്‍പ്പിച്ച ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. തൊഴിലാളികളുടെ ജീവന് ഭീഷണിയാണ് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരമെന്നും പോലീസ് സുരക്ഷ വേണമെന്നുമാണ് ആവശ്യം.സമരത്തിനിടെ നൂറ് കണക്കിന് സമരക്കാര്‍ പദ്ധതി പ്രദേശത്തെ അതീവ സുരക്ഷ മേഖലയിലേക്ക് ഇരച്ച് കയറി. ഇത് ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടാക്കി. സമരക്കാര്‍ അക്രമം അഴിച്ചുവിട്ടപ്പോള്‍ പോലീസ് നിഷ്‌ക്രിയരായി നോക്കി നിന്നെന്നും ഹര്‍ജിയില്‍ അദാനിഗ്രൂപ്പ് വ്യക്തമാക്കുന്നു.
നിര്‍മാണപ്രവര്‍ത്തനം തുടരാന്‍ പോലീസ് സുരക്ഷ വേണം. കേന്ദ്രസേനയുടെ സുരക്ഷയൊരുക്കാന്‍ കേന്ദ്ര സര്‍ക്കാറിനും നിര്‍ദേശം നല്‍കണമെന്നും അദാനി ഗ്രൂപ്പും ഹോവെ എഞ്ചിനിയറിംഗും ആവശ്യപ്പെടുന്നു.2015ല്‍ തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനം അന്തിമഘട്ടതിലാണ്. സമരം തുടര്‍ന്നാല്‍ പദ്ധതി ഇനിയും വൈകും. സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പൊലീസിന്റെയും കേന്ദ്രസേനയുടെയും സുരക്ഷ ആവശ്യമാണെന്നാണ് ഇരുഹര്‍ജികളിലും വാദിക്കുന്നത്. ജസ്റ്റിസ് അനു ശിവരാമനാണ് ഹര്‍ജി പരിഗണിക്കുക.
അതേസമയം തിരുവനന്തപുരത്ത് വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ തുടർന്ന് തീരത്ത് ഉണ്ടായിട്ടുള്ള തീരശോഷണവും പ്രത്യാഘാതങ്ങളും സംബന്ധിച്ച് ശാസ്ത്രീയവും സുതാര്യവുമായ പഠനം നടത്തണമെന്ന് കേരള ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി ആവശ്യപ്പെട്ടു. അടുത്ത കാലത്ത് കോവളം, ശംഖുമുഖം, പൂന്തുറ, വലിയതുറ തുടങ്ങിയ തീരങ്ങളിൽ ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങൾക്ക് കാരണം തുറമുഖ നിർമ്മാണമാണ് .ഈ പ്രത്യാഘാതങ്ങൾ പരിഹരിക്കപ്പെടുന്നതുവരെ തുറമുഖ നിർമ്മാണം നിർത്തി വയ്ക്കണമെന്നും മെത്രാൻ സമിതി കൊച്ചിയില്‍ ആവശ്യപെട്ടു. തിരുവനന്തപുരം അതിരുപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരങ്ങൾക്ക് ലത്തീൻസഭയുടെ പൂർണ പിന്തുണയുണ്ടെന്ന് യോഗം വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖസമരം ശക്തമായി തുടരുകയാണ്. പ്രതിഷേധക്കാർ ഇന്നലേയും ബാരിക്കേഡ് തകർത്ത് അകത്ത് കടന്ന് കൊടികുത്തി. മര്യനാട്, വെട്ടുതുറ,പുത്തൻതോപ്പ്, ഫാത്തിമാപുരം,സെന്റ് ആൻഡ്രൂസ് എന്നീ ഇടവകയിലെ ആളുകളാണ് ഇന്നലെ പ്രതിഷേധവുമായി എത്തിയത്. സമരത്തിന് അഭിവാദ്യമർപ്പിച്ച് കുമാരപുരം ഇടവകയിൽ നിന്നും പേട്ട ഫെറോനയിൽ നിന്നും ആളുകളെത്തി. തുറമുഖനിർമാണം നിർത്തണമെന്ന ആവശ്യം അംഗികരിക്കും വരെ സമരം ശക്തമായി തുടരാനാണ് സമരസമിതിടെ തീരുമാനം

Leave a Reply