കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരണകാരണം ഇനിയും വ്യക്‌തമല്ല;ആത്മഹത്യയല്ലെന്ന നിഗമനത്തിലാണു പ്രദേശവാസികള്‍

0

ചിന്നക്കനാല്‍ 301 കോളനിയില്‍ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം വീടിന്റെ ജനാലയോടു ബന്ധിച്ച തുടലില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരണകാരണം ഇനിയും വ്യക്‌തമായിട്ടില്ല. ആത്മഹത്യയല്ലെന്ന നിഗമനത്തിലാണു പ്രദേശവാസികള്‍.
301 കോളനി സ്വദേശി തരുണ്‍(23) ആണ്‌ വെള്ളിയാഴ്‌ച വൈകുന്നേരം 6 ന്‌ മരിച്ച നിലയില്‍ കാണപ്പെട്ടത്‌. വീടിന്റെ ജനലില്‍ ഇരുമ്പുതുടലില്‍ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. ഈ സമയത്ത്‌ തരുണിന്റെ അമ്മ വസ്‌ത്രങ്ങള്‍ കഴുകാന്‍ പോയിരുന്നതായും പറയുന്നു. വീട്ടിലുള്ള മുത്തശി പ്രായാധിക്യത്താല്‍ അവശയാണ്‌. എന്നാല്‍ ഈ വീട്ടില്‍ താമസിച്ചിരുന്ന മറ്റൊരു വ്യക്‌തിയെ സംശയാസ്‌പദമായ സാഹചര്യത്തില്‍ പോലീസ്‌ ചോദ്യംചെയ്‌തു വരികയാണ്‌. തരുണിന്റെ കത്തിക്കരിഞ്ഞ മൃതദേഹം വീട്ടുകാര്‍ കാണുന്നതിനു രണ്ടുമണിക്കൂര്‍ മുന്‍പ്‌ ഇയാളെ പുറത്തുകണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഫോറന്‍സിക്‌ വിദഗ്‌ധര്‍ സ്‌ഥലം സന്ദര്‍ശിച്ച്‌ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്‌. ഇടുക്കി മെഡിക്കല്‍ കോളജിലേക്ക്‌ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.
തരുണിന്റെ വീട്ടില്‍നിന്ന്‌ 100 മീറ്റര്‍ താഴെയുള്ള കൃഷിയിടത്തില്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. അസ്വാഭാവിക ശബ്‌ദമോ നിലവിളിയോ കേട്ടില്ലെന്ന്‌ ഇവര്‍ പറയുന്നു. മൃതദേഹം തുടലില്‍ പൂട്ടിയിട്ടതിനു സമീപത്തുനിന്ന്‌ മണ്ണെണ്ണ കന്നാസും ചൂരല്‍വടിയും കണ്ടെത്തിയതും ദുരൂഹത വര്‍ധിപ്പിക്കുന്നു. ഈ വീട്ടിലോ അടുത്ത വീടുകളിലോ മണ്ണണ്ണയില്ലെന്നാണ്‌ മുന്‍ എസ്‌.ടി. പ്ര?മോട്ടര്‍ പറയുന്നത്‌. വിദ്യാസമ്പന്നനായ യുവാവിന്റെ മരണത്തില്‍ ദുരൂഹത നിറഞ്ഞുനില്‍ക്കുകയാണ്‌. കൊലപാതകമാകാനാണു സാധ്യതയെന്നാണ്‌ പ്രദേശവാസികള്‍ പറയുന്നത്‌. ഫോറന്‍സിക്‌ വിവരങ്ങളും പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ലഭിച്ചാലേ സംഭവത്തില്‍ വ്യക്‌തത വരുത്താന്‍ കഴിയുകയുള്ളുവെന്ന്‌ ശാന്തന്‍പാറ പോലീസ്‌ പറഞ്ഞു.

Leave a Reply