ഓര്‍ത്തഡോക്‌സ് വിഭാഗം കാതോലിക്കാ ബസേലിയോസ്‌ മാര്‍ത്തോമാ മാത്യൂസ്‌ തൃതീയന്‍ ബാവയെ കട്ടച്ചിറയിലെ യാക്കോബായ വിശ്വാസികളുടെ നേതൃത്വത്തില്‍ തടഞ്ഞു

0

കട്ടച്ചിറ സെന്റ്‌മേരിസ്‌ പള്ളിയില്‍ ആരാധനയ്‌ക്കായി എത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗം കാതോലിക്കാ ബസേലിയോസ്‌ മാര്‍ത്തോമാ മാത്യൂസ്‌ തൃതീയന്‍ ബാവയെ കട്ടച്ചിറയിലെ യാക്കോബായ വിശ്വാസികളുടെ നേതൃത്വത്തില്‍ തടയുകയും കരിങ്കൊടി കാണിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ പ്രതിഷേധക്കാരെ മാറ്റി വന്‍ പോലീസ്‌ കാവലില്‍ കാതോലിക്കാ ബാവയെ പള്ളിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന്‌ ബാവ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്‌തു. 125 കുടുംബങ്ങളുള്ള കട്ടച്ചിറ സെന്റ്‌മേരിസ്‌ പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം എട്ടു വീട്ടുകാര്‍ മാത്രമാണ്‌ എന്ന്‌ യാക്കോബായ വിഭാഗം പറഞ്ഞു. 2018ലെ സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ്‌ യാക്കോബായ വിഭാഗത്തിന്റെ കൈവശമിരുന്ന പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്‌ ലഭിച്ചത്‌. ശവസംസ്‌കാരം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇവിടെ തര്‍ക്കം പതിവാണ്‌. മൃതദേഹം സംസ്‌കരിക്കാനാകാതെ ദിവസങ്ങളോളം ഭവനത്തില്‍ സൂക്ഷിച്ച അവസ്‌ഥ വരെ ഉണ്ടായി. ഇതിനെ തുടര്‍ന്നാണ്‌ കേരള സര്‍ക്കാര്‍ സെമിത്തേരി ഓര്‍ഡിനന്‍സ്‌ കൊണ്ടുവന്നത്‌. അതേസമയം പള്ളി ഭരണസമിതിക്ക്‌ തടസ്സം കൂടാതെ പ്രവര്‍ത്തിക്കാമെന്ന ഹൈക്കോടതി വിധി ഇതുവരെയും കട്ടച്ചിറയില്‍ നടപ്പാക്കിയിട്ടില്ലെന്ന്‌ ഇടവക ട്രസ്‌റ്റി അലക്‌സ്. എം.ജോര്‍ജ്‌ ആരോപിച്ചു. മനപ്പൂര്‍വ്വം കട്ടച്ചിറയില്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുക എന്നുള്ളതാണ്‌ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാവേലിക്കര തഹസില്‍ദാരുടെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍, മാവേലിക്കര, കുറത്തികാട്‌ വള്ളികുന്നം തുടങ്ങിയ സേ്‌റ്റഷനുകളിലെ പോലീസ്‌ സംഘം സ്‌ഥലത്ത്‌ ക്യാമ്പ്‌ ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here