റിഫയുടെ ഭര്‍ത്താവ് മെഹ്നാസ് പോക്സോ കേസില്‍ പോലീസ് കസ്റ്റഡിയിൽ

0

റിഫ മെഹ്നുവിന്‍റെ ഭർത്താവ് മെഹ്നാസ് പൊലീസ് കസ്റ്റഡിയിൽ. പോക്സോ കേസിലാണ് മെഹ്നാസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. വിവാഹ സമയത്ത് റിഫ മെഹ്നുവിന് പ്രായപൂർത്തിയായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി.

റിഫ മെഹ്നുവിന്‍റേത് ആത്മഹത്യയാണെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തൂങ്ങിമരണമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി കുടുംബം കോടതിയെ സമീപിച്ചതിനെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തുകയായിരുന്നു. റിഫ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പറയുന്നത്. റിഫയുടെ കഴുത്തിൽ ഒരു പാടുള്ളതായി കണ്ടെത്തിയത് കൊലപാതകമാണെന്ന സംശയം വർധിപ്പിച്ചിരുന്നു. എന്നാൽ ഇത് തൂങ്ങിമരിച്ചപ്പോൾ കയർ കുരുങ്ങിയുണ്ടായതാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. റിഫയുടെ ഭർത്താവ് മെഹ്നാസിന്‍റെ പെരുമാറ്റത്തിൽ അസ്വാഭാവികതയുള്ളതായാണ് പൊലീസ് പറയുന്നത്. നിലവിൽ ആത്മഹത്യാ പ്രേരണാകുറ്റത്തിനും ശാരീരിക മാനസിക പീഡനത്തിനും മെഹ്നാസിനെതിരെ കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് റിഫയെ ദുബൈ ജാഫിലിയയിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർത്താവ് നീലേശ്വരം സ്വദേശിയായ​ മെഹ്​നൂവിനൊപ്പമായിരുന്നു താമസം. മരിക്കുന്നതിന് തൊട്ടു മുന്‍പ് വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. റിഫ മെഹ്നൂസ് എന്ന പേരിൽ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും സജീവമായിരുന്നു. വ്ലോഗിങ്ങിന് പുറമെ റിഫയും ഭർത്താവും ചേർന്ന് മ്യൂസിക് ആൽബങ്ങളും ചെയ്തിരുന്നു. ഫാഷൻ, ഫുഡ്, യാത്ര തുടങ്ങിയവയിലെ വീഡിയോകളായിരുന്നു റിഫ ചെയ്തിരുന്നത്

Leave a Reply