ചത്താലും ചമഞ്ഞ് കിടക്കണം’ ; സാമ്പത്തിക പ്രതിസന്ധിക്കിടയിൽ മുഖ്യമന്ത്രിയ്ക്ക് പിന്നാലെ മന്ത്രിമാർക്കും കാറുകൾ വാങ്ങാനൊരുങ്ങി സർക്കാർ; രണ്ടരക്കോടി രൂപ ചെലവിൽ വാങ്ങുന്നത് 10 ഇന്നോവ ക്രിസ്റ്റ കാറുകൾ

0

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ മുഖ്യമന്ത്രിയ്ക്ക് പിന്നാലെ മന്ത്രിമാർക്കും കാറുകൾ വാങ്ങാൻ സർക്കാർ തീരുമാനം. രണ്ടരക്കോടി രൂപ ചെലവിൽ 10 ഇന്നോവ ക്രിസ്റ്റ കാറുകളാണ് പുതിയതായി വാങ്ങുന്നത്. ഇതിൽ എട്ടെണ്ണം മന്ത്രിമാർക്കും രണ്ടെണ്ണം വി.ഐ.പി.കൾക്കുമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ തീരുമാനം കടുത്ത വിമർശനത്തിനാണ് വഴിവെച്ചിരിക്കുന്നത്.

മുഖ്യമന്ത്രി കിയ വാങ്ങി. ഡൽഹിയിലേക്ക് മുഖ്യമന്ത്രിക്കും ഗവർണ്ണർക്കും വാങ്ങി. അതുകൊണ്ടു തന്നെ മന്ത്രിമാരേയും നിരാശരാക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധിക്കിടെ മന്ത്രിമാർക്കായി രണ്ടരക്കോടി രൂപ ചെലവിൽ 10 കാറുകൾകൂടി വാങ്ങാൻ തീരുമാനം. ഇന്നോവ ക്രിസ്റ്റയാണ് വാങ്ങുന്നത്. എട്ടെണ്ണം മന്ത്രിമാർക്കും രണ്ടെണ്ണം വി.ഐ.പി.കൾക്കുമായി നീക്കിവെക്കും. അങ്ങനെ കാർ വാങ്ങൽ മഹാമഹം തുടരുകയാണ്.

പത്ത് ബസ് വാങ്ങുമ്പോൾ ഒരു ബസ് കമ്മീഷനായി കിട്ടുമെന്നത് പഴയൊരു കഥയാണ്. കെ എസ് ആർ ടി സിയെ നശിപ്പിച്ചത് ഇങ്ങനെ ഫ്രീ കാറിന് വേണ്ടിയുള്ള മോഹമാണെന്നും വിലയിരുത്തൽ എത്തിയിരുന്നു. ഇതിന് സമാനമാണോ ഇപ്പോഴത്തെ കാർ വാങ്ങൽ എന്ന ചർച്ച സജീവമാണ്. എന്നാൽ അങ്ങനെ അല്ലെന്നാണ് സർക്കാർ പറയുന്നത്. ലാഭത്തിലോടിയ കെ എസ് ആർ ടി സിയെ ബസ് വാങ്ങി ചതിച്ചതിന്റെ ദുരന്തമാണ് ഇപ്പോൾ ആ സ്ഥാപനം അനുഭവിക്കുന്നത്. സമാന സാഹചര്യം ഖജനാവിനും കാറുവാങ്ങൾ തുടർന്നാൽ ഉണ്ടാകും.

കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം പുതുതായി വാഹനങ്ങൾ വാങ്ങുന്നതിന് സർക്കാർ വിലക്ക് എർപ്പെടുത്തിയിരുന്നു. എന്നാൽ, നിലവിലുള്ള കാറുകൾ പഴകിയതാണെന്നും പലപ്പോഴും വഴിയിൽക്കുടുങ്ങേണ്ടിവരുന്നെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉൾപ്പടെയുള്ള മന്ത്രിമാർ ടൂറിസം വകുപ്പിനെ അറിയിച്ചു. ഇവ മാറ്റി പുതിയവ നൽകാൻ ടൂറിസം വകുപ്പ് ധനവകുപ്പിനുമുന്നിൽ നിർദ്ദേശം വെച്ചു. ധനവകുപ്പിന്റെ അനുമതിയോടെ ടൂറിസം വകുപ്പാണ് ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള വാഹനങ്ങൾ വാങ്ങുന്നത്. ധനമന്ത്രിയുടെ കൂടെ ആവശ്യമായതു കൊണ്ട് ഒന്നിനും തടസ്സം വന്നില്ല.

Leave a Reply