മാനസികമായും ശാരീരികമായും പീഡിപ്പിച്ചു ; ഭാര്യയുടെ പരാതിയിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിക്കെതിരെ കേസ്

0

കാസർഗോഡ്: കാസർകോട്ട് യൂത്ത് കോൺഗ്രസ് നേതാവിനെതിരെ ഗാർഹിക പീഡനത്തിന് കേസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസഫിനെതിരെയാണ് ഗാർഹിക പീഡനത്തിന് പൊലീസ് കേസ് എടുത്തത്. ഭാര്യയുടെ പരാതിയിൽ നോയൽ നോയൽ ടോമിൻ ജോസഫിനെതിരെ രാജപുരം പൊലീസ് ആണ് കേസെടുത്തത്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നാണ് നോയൽ ടോമിൻ ജോസഫിനെതിരായ പരാതിയിൽ പറയുന്നത്.

സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിക്കും യുവതി പരാതി നൽകിയിരിക്കുകയാണ്. മുതിർന്ന നേതാവും എം പിയുമായ രാജ്‌മോഹൻ ഉണ്ണിത്താന്റെ പി എ ആയിരുന്നു നോയൽ ടോമിൻ ജോസഫ്. രണ്ട് തവണ അച്ചടക്ക ലംഘനത്തിന്റെ പേരിൽ പാർട്ടിയിൽ നിന്ന് നടപടി നേരിട്ട നേതാവ് കൂടിയാണ് നോയൽ ടോമിൻ ജോസഫ്.

നോയൽ ടോമിൻ ജോസഫിനെ കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു. എന്നാൽ പിന്നീട് കെ പി സി സി പ്രസിഡന്റാണ് ഈ നടപടി പിൻവലിച്ചത്. മുൻ ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിൽ ആയിരുന്നു 2021 ൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നോയൽ ടോമിൻ ജോസഫിനെ പുറത്താക്കിയത്.
കെ സുധാകരൻ കെ പി സി സി പ്രസിഡന്റായി നിയമിതനായ ദിവസം തന്നെയായിരുന്നു ഈ നടപടി. നവമാധ്യമങ്ങളിലൂടെ ഡിസിസി പ്രസിഡന്റിനെ അപമാനിച്ചെന്ന കാരണം പറഞ്ഞാണ് നോയൽ ടോമിൻ ജോസഫിനെതിരെ നടപടിയെടുത്തത്.

നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഡിസിസി പ്രസിഡണ്ടായിരുന്ന ഹക്കീം കുന്നിൽ ഗൾഫ് സന്ദർശനം നടത്തിയിരുന്നു. ഈ സമയത്ത് തന്നെ ഉദുമയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന ബാലകൃഷ്ണൻ പെരിയ തന്റെ പേരിൽ ഗൾഫിൽ വ്യാപകമായി പണപിരിവ് നടക്കുന്നുണ്ടെന്നും പിരിവ് താൻ അറിയാതെയാണെന്നും ഫേസ്‌ബുക്കിലൂടെ പറഞ്ഞത് വിവാദമായിരുന്നു.
ഇതിന് താഴെ നോയൽ ടോമിൻ ജോസഫ് കമന്റ് ചെയ്തത് തന്നെ അപമാനിക്കാനുള്ള ശ്രമമാണ് എന്നാരോപിച്ച് ഹക്കീം കുന്നിൽ കെ പി സി സിക്ക് പരാതി നൽകുകയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് നോയൽ ടോമിൻ ജോസഫിനെ പുറത്താക്കിയിരുന്നത്. എന്നാൽ പിന്നീട് നടപടി റദ്ദാക്കുകയായിരുന്നു. അതിന് പിന്നാലെയാണ് ഭാര്യയുടെ സ്ത്രീധന പീഡന ആരോപണം വന്നിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here