എറണാകുളം അങ്കമാലി അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാന അനുവദിക്കണമെന്ന് വൈദിക സമിതി

0

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാന അനുവദിക്കണമെന്ന് വൈദിക സമിതി യോഗത്തില്‍ ആവശ്യം. ഭൂമി ഇടപാടിലെ നഷ്ടം നികത്തണമെന്നും ആര്‍ച്ച് ബിഷപ് ആന്റണി കരിയിലിനെ രാജിവയ്പ്പിക്കാന്‍ ഇടയാക്കിയ കാരണം അറിയണമെന്നും വൈദികര്‍ ആവശ്യപ്പെട്ടതായി അതിരൂപത സംരക്ഷണ സമിതി വക്താവ് ഫാ. ജോസ് വൈലിക്കോടത്ത് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

കാനോനിക നടപടിയനുസരിച്ച് കാരണം കാണിക്കല്‍ നോട്ടീസു പോലും നല്കാതെ രാജി വപ്പിച്ചത് ക്രൈസ്തവികത പോലുമല്ലെന്നും ഈ തിരുമാനം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രതിച്ഛായയെ പോലും ഇകഴ്ത്തിയെന്നു വൈദികര്‍ പറഞ്ഞു.

ഒരു സഹായ മെത്രാനു വേണ്ടി വൈദികര്‍ പേര് എഴുതിക്കൊടുക്കണമെന്ന അന്‍ഡ്രൂസ് താഴത്ത് പിതാവിന്റെ നിര്‍ദ്ദേശം വൈദികര്‍ ഒറ്റക്കെട്ടായി തള്ളി. അഡ്മിനിസ്‌ട്രേറ്റര്‍ ആദ്യം ഇവിടുത്തെ പ്രശ്‌നങ്ങള്‍ തീര്‍ക്കട്ടേ എന്നിട്ടു മതി മറ്റു കാര്യങ്ങള്‍ എന്നു വൈദികര്‍ അഭിപ്രായപ്പെട്ടു.

ആര്‍ച്ച് ബിഷപ് ആന്റണി കരിയില്‍ ഒരു സഹായ മെത്രാനെ നല്കാന്‍ പലവട്ടം സിനഡിനോട് ആവശ്യപ്പെട്ടെങ്കിലും അതിനു സമ്മതിക്കാത്തവര്‍ ഇപ്പോള്‍ അതിനു തിടുക്കം കാണിക്കുന്നതില്‍ സ്ഥാപിത താല്പര്യമുണ്ടെന്നാണ് വൈദികര്‍ നിലപാട് എടുത്തത്. വൈദികരുടെ ജൂബിലി ആഘോഷം ഇന്നത്തെ സാഹചര്യത്തില്‍ വൈദികര്‍ ഉപേക്ഷിച്ചു.

വൈദികരുടെ വികാരങ്ങള്‍ മേലാധികാരികളെ അറിയിക്കാമെന്ന് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് പിതാവ് ഉറപ്പു നല്കിയതായി അതിരൂപത സംരക്ഷണ സമിതി പറയുന്നു. കരിയില്‍ പിതാവിന്റെ രാജി റോമിന്റെ തീരുമാനമാണെന്നാണ് അഡ്മിനിസ്‌ട്രേറ്റര്‍ പറഞ്ഞതെന്നും സംരക്ഷണ സമിതി പറയുന്നു.

ഇന്നു ചേര്‍ന്ന വൈദിക സമിതി യോഗത്തില്‍ 360 വൈദികര്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം ഫൊറോന വികാരിമാരുടെ യോഗം അഡ്മിനിസ്‌ട്രേറ്റര്‍ വിളിച്ചിരുന്നു. എന്നാല്‍ മുഴുവന്‍ വൈദികരേയും കേള്‍ക്കണമെന്ന നിലപാടാണ് ഇവര്‍ സ്വീകരിച്ചത്. ഇതേതുടര്‍ന്നാണ് ഇന്ന് വൈദിക സമിതി വിളിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ തയ്യാറായത്.

LEAVE A REPLY

Please enter your comment!
Please enter your name here