ചാലക്കുടി പുഴയുടെ തീരങ്ങളില്‍ ഇന്ന് രാത്രി തുടരുന്നത് സുരക്ഷിതമല്ലെന്ന് മന്ത്രി കെ. രാജന്‍

0

തൃശ്ശൂര്‍: ചാലക്കുടി പുഴയുടെ തീരങ്ങളില്‍ ഇന്ന് രാത്രി തുടരുന്നത് സുരക്ഷിതമല്ലെന്ന് മന്ത്രി കെ. രാജന്‍. രേഖകളും അവശ്യം വേണ്ട വസ്തുക്കളുമായി ജനം ക്യാമ്പുകളിലേക്ക് മാറണമെന്ന് മന്ത്രി പറഞ്ഞു. വൈകുന്നേരമാകുമ്പോഴേക്കും ജലനിരപ്പ് ഇനിയും കൂടുമെന്നും ചാലക്കുടിപ്പുഴയുടെ തീരത്തുള്ള മുഴുവന്‍ പോരും മാറിത്താമസിക്കണമെന്നും മന്ത്രി കെ. രാജന്‍ പറഞ്ഞു.

ചാലക്കുടി പുഴയില്‍ വൈകിട്ടോടെ കൂടുതല്‍ ജലം എത്തിച്ചേരുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കാന്‍ തയ്യാറാവുകയും ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൃശ്ശൂര്‍, എറണാകുളം ജില്ലകളുടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ജാഗ്രത പുലര്‍ത്തണം. 2018 ലെ പ്രളയകാലത്ത് ആളുകള്‍ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവര്‍ മുഴുവന്‍ ക്യാംപുകളിലേക്ക് മാറണമെന്നും അദ്ദേഹം പറഞ്ഞു.

ചാലക്കുടി പുഴയില്‍ അടുത്ത മണിക്കൂറുകളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ഹരിത വി. കുമാറും അറിയിച്ചു. പറമ്പികുളത്തും തമിഴ്‌നാടിന്റെ ചില ഭാഗങ്ങളിലും വിചാരിക്കാത്ത അതിശക്തമായമഴയാണ് ലഭിക്കുന്നത്. പറമ്പികുളത്തും തമിഴ്‌നാട് ഷോളയാറിലും ജലനിരപ്പ് വല്ലാതെ കൂടുന്നുണ്ട്.

പറമ്പിക്കുളത്തുനിന്ന് ജലം പുറന്തള്ളുന്നതിന് പുറമേ, പെരിങ്ങല്‍ക്കുത്തിന്റെ താഴേയ്ക്കുള്ള ഭാഗത്ത് നല്ല മഴയും പെയ്യുന്നുണ്ട്. ഇത് രണ്ടുംകൂടിയാകുമ്പോള്‍ ചാലക്കുടി പുഴയില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരാനുള്ള സാധ്യതയുണ്ട്. 2018-ലെയും 2019-ലേയും പ്രളയത്തില്‍ മുങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളും കച്ചവടസ്ഥാപനങ്ങളിലെ ആളുകളും അധികൃതരുടെ അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് അടിയന്തിരമായി മാറാന്‍ തയ്യാറാകണമെന്ന് കലക്ടറുടെ നിര്‍ദേശം.

അതേസമയം ആറ് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ലോവര്‍ പെരിയാര്‍, പൊന്മുടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, മൂഴിയാര്‍, കുണ്ടള ഡാമുകളിലാണ് അലര്‍ട്ട്.

എന്‍ഡിആര്‍എഫും നേവിയും എയര്‍ഫോഴ്‌സും സൈന്യവും ഇന്തോ -ഡിബറ്റന്‍ ബോര്‍ഡര്‍ പോലീസ്, സി.ആര്‍പി.ഫ്, ബി.എസ്.എഫ് എന്നിവരും സജ്ജമാണ്. നേവിയുടെയും കോസ്റ്റ്ഗാര്‍ഡിന്റെയും ബോട്ടുകള്‍ എറണാകുളത്ത് സജ്ജമാണ്. അപകടമുണ്ടായാല്‍ ഉടന്‍ സ്ഥലത്തെത്താനുള്ള ക്രമീകരണം ഏര്‍പ്പെടുത്തി. മഴ മുന്നറിയിപ്പ് ജാഗ്രത ക്കുറവ് വരുത്തിയിട്ടില്ല. നാളെ വരെ ജാഗ്രത നിര്‍ദേശമുണ്ടെന്നും മന്ത്രി പറഞ്ഞു.

ചാലക്കുടി പുഴയുടെ തീരത്തുള്ളവരെ ഒഴിപ്പിക്കും. സ്‌കൂളുകളുടെ വാഹനങ്ങള്‍ ഉപയോഗിക്കും. ആളുകള്‍ക്കൊപ്പം വളര്‍ത്തുമൃഗങ്ങളെയും സുരക്ഷിതമാക്കും. ജനങ്ങള്‍ ജില്ലാ, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം.

അനാവശ്യമായി സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയാല്‍ കര്‍ശനമായ നടപടി സ്വീകരിക്കും. നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഔദ്യോഗികമായി അറിയിക്കും. മറിച്ചുള്ള പ്രചാരണത്തിന് ആളുകള്‍ പോകരുത്.- മന്ത്രി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here