കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ചു; ഒപി നിര്‍ത്തിവെച്ച് ഡോക്ടറെത്തി; കലക്ടര്‍ക്കെതിരെ പരാതി

0

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കലക്ടര്‍ക്കെതിരെ പരാതിയുമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രംഗത്ത്. കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ കലക്ടര്‍ വീട്ടിലേക്ക് വിളിപ്പിച്ചു എന്നാണ് പരാതി. ജനറല്‍ ആശുപത്രിയിലെ ഡ്യൂട്ടിക്കിടെയാണ് ഡോക്ടര്‍ കലക്ടറുടെ വീട്ടിലെത്തി ചികിത്സ നല്‍കിയത്.

കലക്ടര്‍ ജെറോമിക് ജോര്‍ജിന്റെ നടപടി അധികാരദുര്‍വിനിയോഗമാണെന്ന് കെജിഎംഒഎ പറഞ്ഞു. ഇക്കാര്യം ആവര്‍ത്തിച്ചാല്‍ സമരം നടത്തുമെന്നും ഡോക്ടര്‍മാരുടെ സംഘടന വ്യക്തമാക്കി. കഴിഞ്ഞദിവസം ജില്ലാകലക്ടര്‍ ഡിഎംഒയെ വിളിച്ച് സ്വകാര്യമായ ആവശ്യത്തിനായി ഒരു ഡോക്ടറെ വിട്ടു തരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അത്തരമൊരു കീഴ് വഴക്കം ഇല്ലാത്തതിനാല്‍ ആദ്യം ഡിഎംഒ ഇതിന് തയ്യാറായില്ല.തുടര്‍ന്നും ജില്ലാ കലക്ടര്‍ വിളിക്കുകയും അധികാരത്തോടെ സംസാരിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഡിഎംഒ ജനറല്‍ ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് കലക്ടറുടെ വസതിയിലേക്ക് ഒരു ഡോക്ടറെ അയക്കണമെന്ന് നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് ആശുപത്രിയിലെ ജനറല്‍ സര്‍ജറി വിഭാഗത്തിലെ ഒരു ഡോക്ടറെ ഒപിയിലെ പരിശോധന നിര്‍ത്തിവെപ്പിച്ച് കലക്ടറുടെ ഔദ്യോഗിക വസതിയിലേക്ക് അയക്കുകയായിരുന്നു.

ഡോക്ടര്‍ വീട്ടിലെത്തുമ്പോള്‍ കലക്ടര്‍ മീറ്റിങ്ങിലായിരുന്നു. അരമണിക്കൂറോളം കാത്തു നിന്ന ശേഷമാണ് കലക്ടറെ കണ്ടത്. കാലില്‍ കുഴിനഖത്തിന്റെ പ്രശ്‌നമുണ്ടെന്നും നീരുവന്നതിന് ചികിത്സ തേടിയാണ് വിളിച്ചതെന്നും അറിയിച്ചു. തുടര്‍ന്ന് ചികിത്സ നല്‍കിയശേഷം ഡോക്ടര്‍ മടങ്ങുകയായിരുന്നു. മുമ്പും പേരൂര്‍ക്കട ആശുപത്രിയില്‍ നിന്നും ജില്ലാ കലക്ടര്‍ ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ച് ചികിത്സ തേടിയിരുന്നതായി ഡോക്ടര്‍മാരുടെ സംഘടന സൂചിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here