നക്ഷത്ര ആമയെ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ സംവിധായികക്കെതിരെ കേസ്

0

മുംബൈ: നക്ഷത്ര ആമയെ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ വന്യജീവി ചലച്ചിത്ര സംവിധായികക്കെതിരെ കേസ്. പനവേലിൽനിന്ന് പുണെയിലേക്ക് നക്ഷത്ര ആമയെ കടത്തിയതിനാണ് സംവിധായിക ഐശ്വര്യ ശ്രീധറിനെതിരെ വനംവകുപ്പ് കേസെടുത്തത്. ചികിത്സയ്ക്കായാണ് ഐശ്വര്യ പുണെയിലെ റെസ്‌ക്യു ചാരിറ്റബിൾ ട്രസ്റ്റിലേക്ക് നക്ഷത്ര ആമയെ അയച്ചത്.

1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത വിഭാഗത്തിൽപ്പെടുന്നവയാണ് നക്ഷത്ര ആമകൾ. ഐശ്വര്യക്കെതിരേ വന്യജീവി സംരക്ഷണ നിയമമനുസരിച്ചാണ് കേസെടുത്തത്. ഇക്കാര്യം വ്യക്തമാക്കി ഓഗസ്റ്റ് 18-ന് ഫോറസ്റ്റ് ടെറിട്ടോറിയൽ ആൻഡ് വൈൽഡ് ലൈഫ് പനവേൽ അസിസ്റ്റന്റ് കൺസർവേറ്റർ അവർക്ക് നോട്ടീസ് അയച്ചിരുന്നു. അതേസമയം, ഐശ്വര്യ ശ്രീധർ അന്വേഷണത്തിൽ സഹകരിക്കുന്നില്ലെന്നും അധികൃതർ പറഞ്ഞു.

നക്ഷത്ര ആമയെ എവിടെനിന്നാണ് രക്ഷപ്പെടുത്തിയതെന്നും ആരുടെ അനുമതിയോടെയാണ് റെസ്‌ക്യൂവിന് കൈമാറിയതെന്നും വ്യക്തമാക്കാൻ ഇവരോട് വനംവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. പൻവേൽ ഫാമുടമയിൽനിന്നാണ് തനിക്ക് ആമയെ കിട്ടിയതെന്ന് അവർ ഉദ്യോഗസ്ഥരോട് പറഞ്ഞു.

ഇതു സംബന്ധിച്ച രേഖകൾ ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്. ഹാജരായില്ലെങ്കിൽ നിയമപ്രകാരം നടപടിയെടുക്കുമെന്നും വനംവകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here