പാത്രം കൊണ്ട് പല്ലടിച്ച് കൊഴിച്ചു; നാവുകൊണ്ട് ശുചിമുറി വൃത്തിയാക്കിച്ചു; ബിജെപി നേതാവിന്റെ വീട്ടിൽ യുവതി 8 വർഷം നേരിട്ടത് ക്രൂരമായ പീഡനം; അറസ്റ്റിലായത് ‘ബേട്ടി ബച്ചാവോ, ബേഠി പഠാവോ’ ക്യംപെയിന്റെ സംസ്ഥാന കൺവീനറും

0

റാഞ്ചി: വീട്ടുജോലിക്കാരിയെ മർദ്ദിച്ച സംഭവത്തിൽ ബി ജെ പി നേതാവിനെതിരെ കേസെടുത്തു. സംഭവത്തിൽ ബി ജെ പി നേതൃത്വം വനിതാ നേതാവിനെ നിലവിൽ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ഗോത്രവിഭാഗത്തിൽ നിന്നുള്ള യുവതിയോട് അപമര്യാദയായി പെരുമാറുകയും അതിക്രൂരമായി മർദ്ദിക്കുകയും ചെയ്യുകയായിരുന്നു. ബിജെപി ജാർഖണ്ഡ് വനിതാ വിഭാഗം ദേശീയ വർക്കിങ് കമ്മിറ്റി അംഗമായ സീമാ പാത്രയയെയാണ് പാർട്ടി സസ്പെന്റ് ചെയ്തത്. ‘ബേട്ടി ബച്ചാവോ, ബേഠി പഠാവോ’ ക്യംപെയിന്റെ സംസ്ഥാന കൺവീനറുമായി ഇവർ പ്രവർത്തിച്ചിരുന്നു.

ആദിവാസി വിഭാഗത്തിൽപ്പെട്ട വീട്ടുജോലിക്കാരിയെ സുനിത എന്ന യുവതിയെ അതിക്രൂരമായി സീമാ പാത്ര ഉപദ്രവിക്കുകയായിരുന്നുവെന്നാണ് ആരോപണം. തനിക്ക് നേരിടേണ്ടി വന്ന ക്രൂരതകൾ സുനിത വിവരിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ജാർഖണ്ഡ് ബിജെപി അധ്യക്ഷൻ ദീപക് പ്രകാശ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. സീമാ പാത്രയുടെ ഭർത്താവ് മഹേശ്വർ പാത്ര മുൻ ഐഎഎസ് ഉദ്യോഗസ്ഥനാണ്.


വീട്ടുജോലിക്കാരി സുനിത എന്ന ഗോത്രവർഗ യുവതിയെ പീഡിപ്പിച്ചതിന് സീമ പാത്രയ്ക്കെതിരെ കേസെടുത്തു. റാഞ്ചിയിലെ അർഗോഡ പൊലീസ് സ്റ്റേഷനിൽ എഫ്ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സീമാ പാത്രയുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന. തന്നെ കഴിഞ്ഞ 8 വർഷമായി പീഡിപ്പിച്ചുവെന്നും ചൂടുള്ള വസ്തുക്കളുപയോഗിച്ച് ശരീരത്തിൽ പൊള്ളലേൽപ്പിച്ചുവെന്നും സുനിത ആരോപിച്ചു. സുനിതയുടെ ശരീരത്തിൽ നിരവധി മുറിവുകൾ കണ്ടെത്തി.


തനിക്ക് നേരിടേണ്ടി വന്ന ക്രൂരതകൾ സുനിത വിവരിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. നാവുകൊണ്ട് ശുചിമുറി വൃത്തിയാക്കാൻ നിർബന്ധിച്ചു. സീമാ പാത്ര തന്റെ പല്ലടിച്ച് കൊഴിച്ചതായും തറയിൽ വീണ മൂത്രം നക്കിയെടുക്കാൻ ആവശ്യപ്പെട്ടതായും സുനിത പറയുന്നു. സീമാ പാത്രയുടെ മകൻ ആയുഷ്മാനാണ് തന്നെ സഹായിച്ചതെന്നും ആയുഷ്മാൻ ഇല്ലായിരുന്നെങ്കിൽ താൻ ഇന്ന് ജീവനോടെ ഉണ്ടാകില്ലായിരുന്നുവെന്നും സുനിത പറയുന്നു. സുനിത നേരിടേണ്ടി വന്ന ക്രൂരതകൾ സഹോദരിയേയും ഭർത്താവിനേയും അറിയിച്ചിരുന്നെങ്കിലും ഏറ്റെടുക്കാൻ അവർ തയ്യാറായില്ല.


ആയുഷ്മാൻ വീട്ടിലെ സംഭവങ്ങൾ സുഹൃത്തായ വിവേക് ബാസ്‌കെയെ അറിയിച്ചു. സുനിത, വിവേകിനോട് തന്റെ ദുരനുഭവത്തെക്കുറിച്ച് തുറന്നു പറയുകയും അയാളുടെ സഹായത്തോടെ രക്ഷപ്പെടുകയുമായിരുന്നു. ആയുഷ്മാൻ അറിയിച്ചത് പ്രകാരം ഒരു സുഹൃത്ത് സുനിതയുടെ വിവരങ്ങൾ പൊലീസിനെ അറിയിക്കുകയും തുടർന്ന് പൊലീസെത്തി യുവതിയെ രക്ഷപെടുത്തുകയും ചെയ്തെന്നാണ് വിവരം. നിലയിൽ റാഞ്ചി റിംസ് ആശുപത്രിയിൽ ചികിത്സയിലാണ് സുനിത . ആരോഗ്യം വീണ്ടെടുത്താൽ പഠനം തുടരണമെന്നാണ് തന്റെ ആഗ്രഹമെന്ന് സുനിത പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here