14 ദിവസം, സഞ്ചരിക്കേണ്ടത് 8800 കിമീ; ഇന്ത്യന്‍ ടീമിനെ കാത്ത് കടുപ്പമേറിയ ഷെഡ്യൂള്‍ 

0

 
ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പിന് മുന്‍പായി സൗത്ത് ആഫ്രിക്കയ്ക്കും ഓസ്‌ട്രേലിയക്കും എതിരെ ഇന്ത്യ ട്വന്റി20 പരമ്പര കളിക്കും. ഇതിന്റെ ഷെഡ്യൂള്‍ കഴിഞ്ഞ ദിവസം ബിസിസിഐ പുറത്ത് വിട്ടിരുന്നു. എന്നാല്‍ ട്വന്റി20 ലോകകപ്പിന് മുന്‍പ് ഇന്ത്യന്‍ സംഘം വിശ്രമമില്ലാതെ യാത്ര ചെയ്യേണ്ടി വരും. 

14 ദിവസത്തിന് ഇടയില്‍ 6 മത്സരങ്ങള്‍ക്കായി 8800 കിലോമീറ്ററാണ് രോഹിത് ശര്‍മയ്ക്കും കൂട്ടര്‍ക്കും സഞ്ചരിക്കേണ്ടി വരിക. 11 മണിക്കൂറെങ്കിലും കളിക്കാര്‍ക്ക് ഫ്‌ളൈറ്റില്‍ ചിലവഴിക്കേണ്ടി വരും. കൊമേഴ്ഷ്യല്‍ വിമാനത്തിലാണ് കളിക്കാര്‍ക്ക് ബിസിസിഐ യാത്ര ഒരുക്കുന്നത് എങ്കില്‍ ഈ സമയം 20 മണിക്കൂറിന് മുകളിലാവും. 

സെപ്തംബര്‍ 20ന് മൊഹാലിയിലാണ് ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ആദ്യ മത്സരം. ആറ് ദിവസത്തിനുള്ളില്‍ നാഗ്പൂരും ഹൈദരാബാദും ഇന്ത്യ കളിക്കും. 5 മണിക്കൂറാണ് ഈ പരമ്പരക്കായി ടീമിന്റെ ഫ്‌ളൈറ്റ് യാത്രയ്ക്ക് വേണ്ടത്. 6 ദിവസത്തിനുള്ളില്‍ പിന്നിടുക 3000 കിലോമീറ്റര്‍. 
സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പരക്കായി ഹൈദരാബാദില്‍ നിന്ന് ഇന്ത്യന്‍ സംഘം തിരുവനന്തപുരത്തേക്ക് എത്തും. പിന്നാലെ ഗുവാഹത്തിയിലേക്ക്. ഇവിടെ കൊമേഴ്ഷ്യല്‍ ഫ്‌ളൈറ്റാണ് ഇന്ത്യ ഉപയോഗിക്കേണ്ടത് എങ്കില്‍ 10 മണിക്കൂര്‍ വേണ്ടിവരും അസം തലസ്ഥാനത്തേക്കുള്ള ഇന്ത്യയുടെ യാത്രയ്ക്ക്. കളിക്കാര്‍ പരിക്കിലേക്ക് വീഴുന്നതിനും ഈ ഷെഡ്യൂള്‍ ഇടയാക്കില്ലേ എന്ന ചോദ്യം ശക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here