കലിയടങ്ങാതെ പേമാരി; 5 ഡാമുകളിൽ റെഡ് അലർട്ട്; ഇടുക്കി ഡാം തുറക്കാൻ സാധ്യത

0

ഇടുക്കി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അഞ്ച് ഡാമുകളിൽ റെഡ് അലർട്ട് തുടരുന്നു. ഇടുക്കിയിലെ പൊന്മുടി, ലോവർപെരിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, കുണ്ടള ഡാമുകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പെരിങ്ങൽകുത്ത്, ഷോളയാർ മീങ്കര, മംഗലം ഡാമുകളിൽ ഓറഞ്ച് അലർട്ടാണ്. വ്യഷ്ടിപ്രദേശത്ത് മഴ ശക്തമായതിനാൽ ഇടുക്കി, കക്കി ഡാമുകളിലേക്ക് കൂടുതൽ വെള്ളമെത്തികൊണ്ടിരിക്കുകയാണ്. രണ്ട് ഡാമുകളിലും ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പ് ഇനിയും ഉയരുകയാണെങ്കിൽ ഇടുക്കി ഡാം തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

തെന്മല ഡാം തുറന്നു
തെന്മല ഡാമിന്റെ മൂന്ന് ഷട്ടറുകൾ 5 സെ. മീ വീതം തുറന്നു. കല്ലടയാറ്റിൽ വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ ഇരു കരയിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു.
മലമ്പുഴ ഡാം ഉടൻ തുറക്കില്ല
പാലക്കാട് മഴ കുറഞ്ഞതിനാൽ മലമ്പുഴ ഡാം ഉടൻ തുറക്കില്ല. രാവിലെ 9 മണിയോടെ ഡാം തുറക്കുന്നതിനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാൽ ഡാമിലെ ജലനിരപ്പ് ഉയർന്നിട്ടില്ല അതുകൊണ്ടുതന്നെ നിലവിൽ ഡാം തുറക്കേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.
ബാണാസുര സാഗറിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു

വയനാട് ബാണാസുര സാഗർ ജലസംഭരണിയിൽ ജലനിരപ്പ് 772.50 മീറ്റർ എത്തിയ സാഹചര്യത്തിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. 774 മീറ്ററാണ് ജലസംരണയുടെ ഇന്നത്തെ അപ്പർ റൂൾ ലെവൽ. ഡാമിലെ അധിക ജലം താഴേക്ക് ഒഴിക്കിവിടുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായുള്ള ആദ്യഘട്ട മുന്നറിയിപ്പാണ് ബ്ലൂ അലർട്ട്.
മുല്ലപ്പെരിയാർ
അതേസമയം,നീരൊഴുക്ക് ശക്തമായ മുല്ലപ്പെരിയാർ അണക്കെട്ട് അൽപ്പ സമയത്തിനുള്ളിൽ തുറക്കുമെന്നാണ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചത്. മൂന്ന് ഷട്ടറുകൾ 30 സെ.മീ വീതം തുറക്കാനാണ് തീരുമാനം. 534 ഘനയടി വെള്ളമാകും ആദ്യം തുറന്ന് വിടുക. പിന്നീട് രണ്ട് മണിക്കൂറിന് ശേഷം 1000 ഘനയടി ആയി ഉയർത്തും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
മുല്ലപ്പെരിയാർ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കത്ത് നൽകിയിട്ടുണ്ട്. . അണക്കെട്ടിലെ ജലനിരപ്പ് കുറക്കുന്നതിന് വേണ്ടി തമിഴ്നാട് കൂടുതൽ ജലം കൊണ്ടുപോകണമെന്നും, സ്വീകരിക്കുന്ന നടപടികൾ 24 മണിക്കൂർ മുൻകൂട്ടി കേരളത്തെ അറിയിക്കണമെന്നുമാണ് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here