കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കൂടിക്കാഴ്ച നിഷേധിച്ചെന്ന് സംസ്ഥാന മന്ത്രിമാർ

0

ന്യൂഡൽഹി: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കൂടിക്കാഴ്ച നിഷേധിച്ചെന്ന് സംസ്ഥാന മന്ത്രിമാർ. മന്ത്രിമാരായ ജി.ആർ.അനിൽ, ആന്റണി രാജു, വി.ശിവൻകുട്ടി എന്നിവർക്കാണ് പരാതി. കൊച്ചുവേളി, നേമം, തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനുകളുടെ വികസനം ചർച്ച ചെയ്യാനാണ് മന്ത്രിമാർ കേന്ദ്ര റെയിൽവേ മന്ത്രിയെ കാണാനെത്തിയത്.എന്നാൽ ഇന്ന് റെയിൽവേ മന്ത്രിയെ കാണാൻ സാധിക്കില്ലെന്നും പകരം സഹമന്ത്രിയെ കാണണമെന്നും അവസാന നിമിഷം മന്ത്രിമാർക്ക് നിർദ്ദേശം ലഭിക്കുകയായിരുന്നു.

കൂടിക്കാഴ്ച നിഷേധിച്ചതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നൽകുമെന്ന് മന്ത്രിമാർ പറഞ്ഞു. ഇന്ന് കാണാം എന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ അറിയിച്ചിരുന്നുവെന്നും അതനുസരിച്ചാണ് ഇന്ന് ഡൽഹിയിൽ എത്തിയതെന്നും മന്ത്രിമാർ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ തങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് മന്ത്രി തയ്യാറായില്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രിയുടേത് ജനാധിപത്യവിരുദ്ധമായ നിലപാടാണെന്നും ഇക്കാര്യത്തിൽ പ്രധാനമന്ത്രിക്ക് പരാതി നൽകുമെന്നും മന്ത്രിമാർ അറിയിച്ചു. എന്നാൽ ഇക്കാര്യത്തിൽ പ്രധാനമന്ത്രി എന്തെങ്കിലും നടപടിയെടുക്കുമെന്ന് കരുതുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

കേരളത്തിൽ നിന്നുള്ള ബിജെപി നേതാക്കൾ റെയിൽവേ മന്ത്രിയെ കണ്ടതായി അറിഞ്ഞിരുന്നു. കേന്ദ്രമന്ത്രിയുമായുള്ള ഇന്നത്തെ കൂടിക്കാഴ്ചയിൽ സിൽവർ ലൈൻ പദ്ധതി ചർച്ചയായിട്ടില്ലെന്ന് മന്ത്രിമാർ വ്യക്തമാക്കി. തിരുവനന്തപുരം ജില്ലയിലെ റെയിൽവേ വികസന പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യാനാണ് പ്രധാനമായും ഇന്ന് എത്തിയതെന്നും വിഷയം നേരിട്ട് പരിശോധിക്കാൻ കേന്ദ്ര റെയിൽവേ സഹമന്ത്രി അടുത്ത മാസം 25-ന് കേരളത്തിലേക്ക് വരുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രിമാർ അറിയിച്ചു.

നേമം ടെർമിനൽ പദ്ധതിയോട് അനുകൂല നിലപാട് ആണ് റെയിൽവേ മന്ത്രാലയം സ്വീകരിച്ചിട്ടുള്ളത്. പദ്ധതി ഉപേക്ഷിച്ചു എന്ന വാർത്ത ശ്രദ്ധയിൽ പെട്ടിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞതും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന്റെ വികസനം അടിയന്തരമായി തുടങ്ങും. കൊച്ചുവേളി സ്റ്റേഷൻ വികസനം അടുത്ത വർഷത്തോടെ തുടങ്ങാമെന്നും റെയിൽവേ സഹമന്ത്രി അറിയിച്ചതായും വി ശിവൻകുട്ടി പറഞ്ഞു.

റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ഒരാഴ്ച മുൻപ് അനുമതി തേടിയിരുന്നു. ഇതുസംബന്ധിച്ചുള്ള കത്തിടപ്പാടുകളും നടത്തിയിരുന്നു. എന്നാൽ വ്യാഴാഴ്ച ഡൽഹിയിലെത്തി കൂടിക്കാഴ്ചയ്ക്കുള്ള സമയം ചോദിച്ചപ്പോൾ റെയിൽവേ മന്ത്രി ലൈനിലില്ലെന്ന മറുപടിയാണ് നൽകിയത്.

Leave a Reply