നാളെ കർക്കടകവാവ്

0

നാളെ (2022 ജൂലൈ 28 വ്യാഴം) കർക്കടകവാവ്. പിതൃക്കളുടെ പ്രീതിക്കായി ബലിതർപ്പണം നടത്തേണ്ട ദിവസം.
ഭൂമിയില്‍ ദക്ഷിണായനം ആരംഭിക്കുന്നത് കര്‍ക്കടക മാസം ഒന്നാം തിയതിയാണ്. ദക്ഷിണായന ആരംഭമാസമായ കര്‍ക്കടകത്തില്‍ വരുന്ന അമാവാസിയ്ക്ക് ചില പ്രാധാന്യങ്ങളുണ്ട്. അതില്‍ പ്രധാനമായത് പൂര്‍വ്വ പരമ്പരയുടെ സ്മൃതിദിനമെന്നുള്ളതാണ്. വംശപരമ്പരയുടെ പിതൃക്കള്‍ക്ക് വേണ്ട ശ്രാദ്ധ കര്‍മ്മങ്ങള്‍ ചെയ്യുന്നതിനായി കര്‍ക്കടകത്തിലെ അമാവാസി സ്വീകാര്യമായത് ഇപ്രകാരം.

അനുഷ്ഠാനങ്ങൾ

ഇനി ഈ ദിവസത്തെ അനുഷ്ഠാനങ്ങള്‍ എങ്ങനെ എന്നു പറയാം. വാവിന്റെ തലേ ദിവസം ഒരിക്കല്‍ വ്രതം ആചരിക്കണം. ഒരു നേരം മാത്രം അരിയാഹാരം കഴിക്കുക. വാവുദിവസം രാവിലെ കുളി കഴിഞ്ഞി ഒരു വാഴയിലയില്‍ ദര്‍ഭകൂര്‍ച്ഛം (കുറേ ദര്‍ഭകള്‍ ചേര്‍ത്ത് അഗ്രഭാഗം പവിത്രക്കെട്ടിട്ട് എടുക്കുക) തയ്യറാക്കി വയ്ക്കുക. ഉണക്കലരി വറ്റിച്ച് ചോറുവച്ച് അതില്‍ നിന്നും പിണ്ഡമുരുട്ടി ദര്‍ഭയുടെ മുകള്‍ഭാഗത്ത് വയ്ക്കുക. പിന്നീട്, രണ്ട് കൈകൊണ്ടും കിണ്ടിയിലെ ജലം എടുത്ത് ഉയര്‍ത്തി ഗംഗാ ആവാഹന മന്ത്രം ജപിക്കുക.

‘ ഗംഗേ ച യമുനേ ചൈവ ഗോദാവരീ സരസ്വതി നര്‍മ്മദേ സിന്ധുകാവേരി ജലേസ്മിന്‍ സന്നിധിം കുരു’

തുടര്‍ന്ന് ജലം ഇലയില്‍ തളിച്ച പിതൃക്കളെ പിണ്ഡത്തിലേയ്ക്ക് ആവാഹിക്കുന്നതായി സങ്കല്‍പ്പിച്ച് പ്രാര്‍ത്ഥിക്കുക. പിന്നീട്, എള്ള്, പുഷ്പം, ചന്ദനം ഇവ യഥാക്രമം ജലം ചേര്‍ത്ത് പിണ്ഡത്തില്‍ തര്‍പ്പണം. തുടര്‍ന്ന് എള്ളും പൂവും ചന്ദനവും ഉണക്കലരിയും ചേര്‍ത്ത് ഒരുമിച്ചെടുത്ത് തര്‍പ്പണം നടത്തുക. തുടര്‍ന്ന് പാല്‍, തൈര്, നെയ്യ്, തേന്‍ ഇവ യഥാക്രമം തര്‍പ്പിക്കുക. പിന്നീട് ഇവ ഒരുമിച്ച് ചേര്‍ത്ത് തര്‍പ്പണം നടത്തുക.

പിന്നീട് രണ്ട് കൈകള്‍കൊണ്ട് ഇലയോടുകൂടി എടുത്ത് മെഴുകിയ സ്ഥലത്ത് പിതൃക്കള്‍ക്ക് സമര്‍പ്പിച്ച് കാക്കകളെ കൈകൊട്ടി ആഹ്വാനം ചെയ്ത്, മാറി കുളിച്ചു പോരിക. ഇങ്ങനെ വാവുബലി പൂര്‍ത്തീകരിക്കാം.

എല്ലാ മാസത്തിലെയും അമാവാസി (കറുത്ത വാവ്) ദിവസം ബലിതർപ്പണം നടത്താം. എന്നാൽ കർക്കടകമാസത്തിലെ അമാവാസി ദിവസത്തിനു കൂടുതൽ പ്രാധാന്യമുണ്ട്.

നിരയനരീതിയിലുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസി എന്നതാണ് കർക്കടകവാവിന്റെ പ്രത്യേകത.

ബലിതർപ്പണം ചെയ്താൽ ലഭിക്കുന്ന പിതൃപ്രീതിയിലൂടെ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകും എന്നാണു വിശ്വാസം.

Leave a Reply