ലൈംഗിക പീഡന കേസില്‍ സാഹിത്യകാരന്‍ സിവിക് ചന്ദ്രന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ കോഴിക്കോട് ജില്ലാ കോടതി ചൊവ്വാഴ്ച വിധി പറയും

0

ലൈംഗിക പീഡന കേസില്‍ സാഹിത്യകാരന്‍ സിവിക് ചന്ദ്രന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ കോഴിക്കോട് ജില്ലാ കോടതി ചൊവ്വാഴ്ച വിധി പറയും. സിവിക്കിന്‍റെ ജാമ്യപേക്ഷയെ പോലീസ് എതിര്‍ത്തു.

സിവിക് ചന്ദ്രനെതിരെ പുതിയ പരാതികള്‍ വരുന്നുണ്ടെന്നും ഇയാളുടെ വാട്സ്അപ്പ് സന്ദേശങ്ങള്‍ സ്വഭാവ ദൂ‍ഷ്യം തെളിയിക്കുന്നെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. എസ്‌സി എസ്ടി ആക്ട് പ്രകാരമുള്ള കുറ്റം നിലനില്‍ക്കുമെന്നും അതിനാല്‍തന്നെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളണമെന്നും ജില്ലാ പ്രോസിക്യൂട്ടര്‍ വാദിച്ചു.

എന്നാല്‍ ഊന്നുവടി പോലുമില്ലാതെ നടക്കാന്‍ കഴിയാത്ത ആളാണ് ആരോപണ വിധേയനെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. ജാമ്യപേക്ഷയില്‍ ഓഗസ്റ്റ് രണ്ടിന് കോടതി വിധി പറയും.

ഏപ്രില്‍ 17 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഒരു പുസ്തക പ്രകാശന ചടങ്ങിനായി കൊയിലാണ്ടി നന്തിയില്‍ ഒത്തുകൂടിയപ്പോള്‍ സിവിക് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികാതിക്രമം, പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കൊയിലാണ്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വടകര ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

ഇതിനിടെ മറ്റൊരു യുവതി കൂടി സിവിക്കിനെതിരെ കൊയിലാണ്ടി പോലീസില്‍ പീഡന പരാതി നല്‍കി. 2020 ഫെബ്രുവരിയില്‍ നന്തി കടപ്പുറത്തെ ആളൊഴിഞ്ഞയിടത്തുവച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പുതിയ പരാതിയില്‍ പറയുന്നത്.

എന്നാല്‍ സിവിക് ചന്ദ്രനിപ്പോഴും ഒളിവിലാണ്. കോഴിക്കോട് വെസ്റ്റ് ഹില്ലിലുള്ള വീട്ടിലേക്ക് പലവട്ടം അന്വേഷണ സംഘം എത്തിയെങ്കിലും കണ്ടെത്താനായില്ല. ഇയാളുടെ മൊബെെല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അയല്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here