എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിന്റെ വിപുലമായ അധികാരങ്ങള്‍ ശരിവച്ച്‌ സുപ്രീം കോടതി

0

എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റി(ഇ.ഡി)ന്റെ വിപുലമായ അധികാരങ്ങള്‍ ശരിവച്ച്‌ സുപ്രീം കോടതി. രാഷ്‌ട്രീയ എതിരാളികളെ വേട്ടയാടാന്‍ േകന്ദ്രസര്‍ക്കാര്‍ ഇ.ഡിയെ ആയുധമാക്കുന്നുവെന്ന ്രപതിപക്ഷ ആരോപണങ്ങള്‍ക്കിടെയാണു കോടതിയുടെ നിര്‍ണായകവിധി. അറസ്‌റ്റിന്റെ പൂര്‍ണവിവരം കുറ്റാരോപിതരോടു വെളിപ്പെടുത്താന്‍ ഇ.ഡിക്കു ബാധ്യതയില്ല. എന്‍ഫോഴ്‌സ്‌മെന്റ്‌ കേസ്‌ ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്‌ (ഇ.സി.ഐ.ആര്‍) അറസ്‌റ്റിലാകുന്നയാള്‍ക്കു നല്‍കണമെന്നു നിര്‍ബന്ധമില്ല. അറസ്‌റ്റിന്റെ കാരണം മാത്രം വെളിപ്പെടുത്തിയാല്‍ മതിയെന്നും സുപ്രീം കോടതി വ്യക്‌തമാക്കി.
കുറ്റം ചെയ്‌തില്ലെന്നു തെളിയിക്കാനുള്ള ഉത്തരവാദിത്വം പ്രതികള്‍ക്കുതന്നെയാണ്‌. ഇക്കാര്യം സാധൂകരിക്കുന്ന 24-ാം വകുപ്പും കോടതി ശരിവച്ചു. അനധികൃതമായി നേടിയ സ്വത്തുവകകള്‍ സംബന്ധിച്ച്‌ രേഖകള്‍ ഹാജരാക്കിയാലും കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം കേസെടുക്കാം. കള്ളപ്പണം കൈവശം വയ്‌ക്കുകയോ വരുമാനം വ്യക്‌തമാക്കാതിരിക്കുകയോ മറ്റാവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കുകയോ ചെയ്യുന്നതു കള്ളപ്പണം വെളുപ്പിക്കുന്നതിനു തുല്യമാണ്‌. ഇത്തരം കേസുകളില്‍ ജാമ്യത്തിനു കടുത്തനിബന്ധനകള്‍ ഏര്‍പ്പെടുത്തുന്ന 45-ാം വകുപ്പിനും കോടതി അംഗീകാരം നല്‍കി.രാജ്യത്തിന്റെ സാമ്പത്തികവ്യവസ്‌ഥയേയും പരമാധികാരത്തെയും ബാധിക്കുന്ന കുറ്റകൃത്യങ്ങളിലാണു കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം ചുമത്തുക. പ്രതിക്കു ജാമ്യം നല്‍കിയാല്‍ തുടര്‍ന്ന്‌ സമാനകുറ്റത്തില്‍ ഏര്‍പ്പെടില്ലെന്ന്‌ ഉറപ്പുവരുത്തണം. പബ്ലിക്‌ പ്രോസിക്യൂട്ടര്‍ എതിര്‍ത്താല്‍ പ്രതിയുടെ ജാമ്യാപേക്ഷയില്‍ വിശദപരിശോധന നടത്തണം. പ്രതി കുറ്റകൃത്യത്തില്‍ ഏര്‍പ്പെടാന്‍ യാതൊരു സാധ്യതയുമില്ലെന്നു കരുതാന്‍ ന്യായമായ കാരണങ്ങളുണ്ടെന്നു ബോധ്യപ്പെട്ടാലേ കോടതി ജാമ്യം അനുവദിക്കൂ.
ഇ.ഡിക്കു മുന്നില്‍ കുറ്റാരോപിതന്‍ നല്‍കിയ മൊഴിക്കു കോടതിയില്‍ സാധുതയുണ്ടാകും. നിയമത്തിലെ 50-ാം വകുപ്പുപ്രകാരം രേഖപ്പെടുത്തിയ മൊഴി, മൗലികാവകാശം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 20 (3) വകുപ്പിന്റെ പരിധിയില്‍പ്പെടില്ല. ഇ.ഡി. പോലീസ്‌ വിഭാഗമല്ലാത്തതിനാല്‍ ഇത്തരം നിബന്ധനകളില്‍ ഇളവുണ്ട്‌.
എന്‍ഫോഴ്‌സ്‌മെന്റ്‌ കേസ്‌ ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്‌ (ഇ.സി.ഐ.ആര്‍) അന്വേഷണ റിപ്പോര്‍ട്ടായി പരിഗണിക്കാനാവില്ല. കുറ്റാരോപിതന്റെ കേസ്‌ പ്രത്യേകകോടതി പരിഗണിക്കുമ്പോള്‍, തടവ്‌ തുടരണോയെന്നറിയാന്‍ രേഖകള്‍ ആവശ്യപ്പെടാം. എഫ്‌.ഐ.ആറുമായി ബന്ധപ്പെട്ട നിയമവ്യവസ്‌ഥ ഇ.സി.ഐ.ആറിനു ബാധകമല്ലെങ്കിലും രേഖകള്‍ ആവശ്യപ്പെടാന്‍ സാധിക്കുമെന്നും സുപ്രീം കോടതി വ്യക്‌തമാക്കി. അനില്‍ ദേശ്‌മുഖ്‌, കാര്‍ത്തി ചിദംബരം, മെഹബൂബ മുഫ്‌തി തുടങ്ങിയ പ്രമുഖരാണ്‌ ഇ.ഡിക്കെതിരേ സുപ്രീം കോടതിയെ സമീപിച്ചത്‌.

Leave a Reply