തമിഴ്‌നാട്ടിൽ സ്‌കൂൾ വിദ്യാർത്ഥിനികളുടെ ആത്മഹത്യ തുടർക്കഥയാകുന്നു

0

ചെന്നൈ: തമിഴ്‌നാട്ടിൽ സ്‌കൂൾ വിദ്യാർത്ഥിനികളുടെ ആത്മഹത്യ തുടർക്കഥയാകുന്നു. ചൊവ്വാഴ്ച കടലൂർ ജില്ലയിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാഴ്ചക്കിടെ തമിഴ്‌നാട്ടിൽ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ പ്ലസ് ടു വിദ്യാർത്ഥിനിയാണിത്. കഴിഞ്ഞ ദിവസങ്ങളിൽ തിരുവള്ളൂരിലും കള്ളക്കുറിച്ചിയിലും പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനികൾ ജീവനൊടുക്കിയതു വൻവിവാദമായിരുന്നു.

ഐഎഎസ് പ്രവേശന പരീക്ഷയെഴുതാൻ മാതാപിതാക്കൾ നിർബന്ധിച്ചതിന്റെ സമ്മർദം താങ്ങാനാകാതെയാണ് ആത്മഹത്യയെന്ന് പെൺകുട്ടിയുടെ വീട്ടിൽനിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ പറയുന്നതായി പൊലീസ് അറിയിച്ചു. അസ്വഭാവിക മരണത്തിനു കേസെടുത്ത് അന്വേഷിച്ചു വരികയാണെന്നും പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു അയച്ചതായും കടലൂർ ജില്ലാ പൊലീസ് മേധാവി ശക്തി ഗണേശൻ പറഞ്ഞു.

പഠിക്കാനുള്ള സമ്മർദ്ദത്തെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പ് പറയുന്നു. അമ്മ ശകാരിച്ചതിനെ തുടർന്ന് പെൺകുട്ടി അസ്വസ്ഥയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുടുംബ പ്രശ്‌നത്തെ തുടർന്നാണ് ആത്മഹത്യയെന്നാണ് പൊലീസ് നൽകുന്ന സൂചന.

അതേ സമയം തമിഴ്‌നാട് തിരുവള്ളൂരിനടുത്ത് കീഴ്‌ചേരിയിലെ സ്‌കൂൾ ഹോസ്റ്റലിൽ ഇന്നലെ ആത്മഹത്യ ചെയ്ത പ്ലസ് ടു വിദ്യാർത്ഥിയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടക്കുന്ന തിരുവള്ളൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുമ്പിൽ വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർണമായും ക്യാമറയിൽ പകർത്തും. പെൺകുട്ടിയുടെ സഹോദരന്റെ സാന്നിദ്ധ്യത്തിലാണ് നേരത്തേ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. കേസ് അന്വേഷിക്കുന്ന സിബിസിഐഡി സംഘവും പെൺകുട്ടിയുടെ ബന്ധുക്കളും ആശുപത്രിയിൽ എത്തിയിട്ടുണ്ട്. മൃതദേഹം ഏറ്റുവാങ്ങുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് പ്ലസ് ടു വിദ്യാർത്ഥിയെ സ്‌കൂൾ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ സ്‌കൂളിൽ എത്തിയ ശേഷം ഹോസ്റ്റലിലേക്ക് മടങ്ങിയ കുട്ടി തിരികെ എത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാളിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. മരണത്തിൽ ദുരൂഹത ആരോപിച്ച് മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലായിരുന്നു കുടുംബം. കേസന്വേഷണം ഏറ്റെടുത്ത സിബിസിഐഡി പ്രത്യേക അന്വേഷണ സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.

അതേസമയം കള്ളാക്കുറിച്ചിയിലെ അക്രമത്തിന്റെ അനുഭവത്തിൽ വൻ പൊലീസ് സംഘത്തെ പ്രദേശത്ത് വിന്ന്യസിച്ചിട്ടുണ്ട്. അക്രമസംഭവങ്ങൾ തടയാൻ വൻ പൊലീസ് സംഘത്തെ സ്‌കൂളിന് മുന്നിലും പരിസരപ്രദേശങ്ങളിലും വിന്ന്യസിച്ചിട്ടുണ്ടെന്ന് തിരുവള്ളൂർ ജില്ലാ കളക്ടർ ആൽബി ജോൺ പറഞ്ഞു. മരണകാരണം പൊലീസ് അന്വേഷണത്തിൽ വെളിവാകുമെന്നും ക്രമസമാധാനം ഉറപ്പുവരുത്താൻ നടപടികളെല്ലാം എടുത്തിട്ടുണ്ടെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. കഴിഞ്ഞദിവസം നിരവധിപേർ സ്‌കൂളിലേക്ക് എത്തിയെങ്കിലും ഇവരെയെല്ലാം പൊലീസ് വഴിമധ്യേ തടഞ്ഞിരുന്നു. അടുത്ത ബന്ധുക്കളെ മാത്രമാണ് സ്‌കൂളിനകത്തേക്ക് പ്രവേശിപ്പിച്ചത്.

Leave a Reply