മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണു മരിച്ച എസ്.ഐ. വിനോദ് ബാബുവിൻ്റെ സംസ്ക്കാരം ഇന്ന്

0

മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ ആലുവ ട്രാഫിക്ക് യൂണിറ്റിലെ ഗ്രേഡ് എസ്.ഐ. വിനോദ് ബാബു (52) കുഴഞ്ഞുവീണു മരിച്ചു.
ഇന്നലെ രാവിലെ 11.15നു ദേശീയപാതയില്‍ ബൈപ്പാസിലെ ട്രാഫിക്ക് സിഗ്‌നല്‍ കാബിന്‍ ഡ്യൂട്ടിക്കിടയിലാണ് അദ്ദേഹം കുഴഞ്ഞുവീണത്. ഉച്ചക്ക് 1.05നു ചുണങ്ങംവേലി രാജഗിരി ആശുപത്രിയില്‍ മരണം സ്ഥിരീകരിച്ചു.
ആലുവ പാലസില്‍നിന്നും മുഖ്യമന്ത്രി 11നു ബൈപ്പാസ് വഴി കാക്കനാട് ഭാഗത്തേക്ക് പോയിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ വഴി നീളെ പോലീസുണ്ടായിരുന്നു.
നജാത്ത് ആശുപത്രി ഭാഗത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക്ക് യൂണിറ്റിലെ സി.പി.ഒ: ബിപിന്‍ ജോയി മുഖ്യമന്ത്രി മടങ്ങി വരുന്നത് വരെയുള്ള സമയം വിശ്രമിക്കുന്നതിനായി ബൈപ്പാസിലെ ട്രാഫിക്ക് ക്യാബിനിലേക്ക് എത്തി.
ഈ സമയം നെഞ്ചിന് ചെറിയ അസ്വസ്ഥതയുണ്ടെന്നും ചായ കുടിച്ചിട്ടുവരാമെന്ന് പറഞ്ഞ് വിനോദ്ബാബു താഴെക്കിറങ്ങി. ഇതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. പെരുമ്പാവൂര്‍ കീഴില്ലം ക്ഷേത്രത്തിന് സമീപം അറക്കല്‍ വീട്ടില്‍ വിനോദ് ബാബു രണ്ട് വര്‍ഷത്തോളമായി ആലുവ ട്രാഫിക്ക് യൂണിറ്റിലാണു ജോലി ചെയ്യുന്നത്.
ബൈപ്പാസിലെ ട്രാഫിക്ക് കാബിനില്‍ നേരത്തെ ജോലി ചെയ്ത ആരോ മറന്നുവച്ച കണ്ണടയുടെ ഫോട്ടോയെടുത്ത് ഇന്നലെ രാവിലെ പത്തരക്ക് വിനോദ് ബാബു പോലീസുകാരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരുന്നു.
മൃതദേഹം ഇന്ന് രാവിലെ ഒമ്പതിന് ആലുവ ട്രാഫിക്ക് യൂണിറ്റില്‍ ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് മൂന്നിന് വീട്ടുവളപ്പിലാണ് സംസ്‌കാരം.ഭാര്യ: സിന്ധു. മകന്‍: രോഹിത്ത് (അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥി, ശ്രീ ശങ്കര വിദ്യാപീഠം, ഐരാപുരം).

LEAVE A REPLY

Please enter your comment!
Please enter your name here