രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ‘രാഷ്ട്രപത്‌നി’ എന്നു വിളിച്ചതില്‍ മാപ്പു പറഞ്ഞ് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി

0

ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ‘രാഷ്ട്രപത്‌നി’ എന്നു വിളിച്ചതില്‍ മാപ്പു പറഞ്ഞ് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി.
രാഷ്ട്രപതിക്ക് അയച്ച കത്തിലാണ് അധീര്‍ രഞ്ജന്‍ ചൗധരി രേഖാമൂലം മാപ്പ് അറിയിച്ചത്.”താങ്കള്‍ വഹിക്കുന്ന പദവി വിവരിക്കാന്‍ തെറ്റായ ഒരു വാക്ക് ഉപയോഗിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നു. അതു നാക്കുപിഴ സംഭവിച്ചതാണെന്നു ബോധിപ്പിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു. മാപ്പ് അംഗീകരിക്കണമെന്ന് അഭ്യര്‍ഥന”- അധീര്‍ രഞ്ജന്‍ ചൗധരി കത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് എം.പിമാരുടെ രാഷ്ട്രപതിഭവന്‍ മാര്‍ച്ചിനിടെയായിരുന്നു അധീര്‍ രഞ്ജന്റെ വിവാദ പരാമര്‍ശം. ഇതിനെ ഭരണപക്ഷ അംഗങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ബി.ജെ.പി. അംഗങ്ങളുടെ പ്രതിഷേധത്തില്‍ വ്യാഴാഴ്ച ലോക്‌സഭ സ്തംഭിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അനുമതിയോടെയാണ് പ്രസ്താവനയെന്നും വിഷയത്തില്‍ അവരും മാപ്പ് പറയണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു.
രാഷ്ട്രപതിയെ നേരിട്ടുകണ്ട് മാപ്പു പറയാമെന്നും ബി.ജെ.പിയിലെ ഇരട്ടത്താപ്പുകാരോടു പറയില്ലെന്നുമായിരുന്നു അധീര്‍ രഞ്ജന്‍ ചൗധരിയുടെ നിലപാട്.

Leave a Reply