സെക്രേട്ടറിയറ്റിലും പരിസരത്തും സിനിമ-സീരിയൽ ചിത്രീകരണം നിരോധിച്ചു

0

തിരുവനന്തപുരം: സെക്രേട്ടറിയറ്റിലും പരിസരത്തും സിനിമ-സീരിയൽ ചിത്രീകരണം നിരോധിച്ചു, പാർക്കിങ്ങിനും കർശന നിയന്ത്രണം. സിനിമ-സീരിയൽ ചിത്രീകരണ അനുമതി തേടുന്ന അപേക്ഷകളും തള്ളി. അതി സുരക്ഷാമേഖലയായതിനാലാണ് തീരുമാനമെന്നും ഔദ്യോഗിക ചിത്രീകരണങ്ങൾ മാത്രം പി.ആർ.ഡി നേതൃത്വത്തിൽ നടത്തുമെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.
സെക്രട്ടേറിയറ്റിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കഴിഞ്ഞദിവസം ഉത്തരവിറങ്ങിയിരുന്നു. വിവിധ വകുപ്പുകൾ, ബോർഡുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ മേധാവികൾക്കും ഉദ്യോഗസ്ഥർക്കും വാഹന പാസ് നൽകുന്നത് നിർത്തി. സെക്രട്ടേറിയറ്റിൽനിന്ന് ലഭിക്കുന്ന കത്തിന്‍റെയും ഉദ്യോഗസ്ഥരുടെ തിരിച്ചറിയൽ കാർഡിന്‍റെയും അടിസ്ഥാനത്തിൽ മാത്രം കടത്തി വിടും. വാഹന പാസ് നിർബന്ധമാക്കും. പാസുള്ള വാഹനങ്ങൾക്കേ പാർക്കിങ് അനുവദിക്കൂ. പാസ് ആവശ്യമുള്ള ജീവനക്കാർ ഉടൻ അപേക്ഷ നൽകണമെന്നും പൊതുഭരണ വകുപ്പ് സർക്കുലറിൽ നിർദേശിച്ചു.

മഞ്ഞ വരയിൽ വാഹനങ്ങൾ പാർക്ക്​ ചെയ്യുന്നത്​ വിലക്കി. എല്ലാ ഭാഗത്തും ഫയർ എൻജിൻ തടസ്സം കൂടാതെ എത്താൻ സൗകര്യം ഒരുക്കുന്നതിനാണിത്​. അത്തരം വാഹനം റിക്കവറി വാൻ ഉപയോഗിച്ച്​ നീക്കും. ഉടമക്കും ഡ്രൈവർക്കുമെതിരെ നിയമനടപടി സ്വീകരിക്കും. പിഴയും ഈടാക്കും. സെക്രട്ടേറിയറ്റ്​ വളപ്പിൽ പ്രധാന പാർക്കിങ്​ ഇടങ്ങളിൽ ഉപയോഗശൂന്യ വാഹനങ്ങൾ തുരുമ്പെടുത്ത്​ കിടക്കുന്നത്​ ഉടൻ മാറ്റും. പാർക്ക്​ ചെയ്യുന്ന സർക്കാർ വാഹനങ്ങളുടെ ഡ്രൈവർമാർ പരിസരത്ത്​ ഉണ്ടാകണം. വാഹനം മാറ്റേണ്ട സമയത്ത്​ ഡ്രൈവർമാർ ഇല്ലെങ്കിൽ റിക്കറി വാൻ ഉപയോഗിച്ച്​ നീക്കും. അതിന്‍റെ പേരിലെ നഷ്ടത്തിന്​ വകുപ്പും ഡ്രൈവറും ഉത്തരവാദിയാകും.

LEAVE A REPLY

Please enter your comment!
Please enter your name here