ഒറ്റദിവസത്തേക്ക് ബെംഗളൂരുവിൽ പൊലീസ് ഓഫീസറായി ചുമതലയേറ്റ് ഒമ്പതാം ക്ളാസുകാരൻ

0

ബെംഗളൂരു: ഒറ്റദിവസത്തേക്ക് ബെംഗളൂരുവിൽ പൊലീസ് ഓഫീസറായി ചുമതലയേറ്റ് ഒമ്പതാം ക്ളാസുകാരനായ മുഹമ്മദ് സൽമാൻ. കുമരകത്തെ ശ്രീകുമാരമംഗലം പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് സൽമാന്റെ ജീവിത്തതിലെ ഏറ്റവും വലിയ ആഗ്രഹമാണ് ബംഗളൂരു നഗരം സാക്ഷാത്ക്കരിച്ചു നൽകിയത്. ഡപ്യൂട്ടി പൊലീസ് കമ്മിഷണറുടെ കസേരയിലിരുന്ന് വാക്കിടോക്കിയിൽ നിർദേശങ്ങൾ നൽകിയും പൊലീസുകാരോടും ചുറ്റുംകൂടിയ മാധ്യമപ്രവർത്തകരോടും കുശലംപറഞ്ഞും സൽമാൻ സ്റ്റാറായി.

തലാസീമിയ രോഗബാധിതനാണ് സൽമാൻ. മജ്ജമാറ്റിവെക്കൽ ചികിത്സയ്ക്കാണ് കഴിഞ്ഞമാസം സൽമാൻ രക്ഷിതാക്കൾക്കൊപ്പം ബെംഗളൂരുവിലെ നാരായണ ഹെൽത്ത് സിറ്റിയിലെത്തിയത്. നഗരത്തിൽ പ്രവർത്തിക്കുന്ന ‘മെയ്‌ക്ക് എ വിഷ് ഫൗണ്ടേഷൻ’ എന്ന സംഘടനാപ്രവർത്തകരുമായി പരിചയപ്പെടുന്നത് ഇവിടെവച്ചാണ്. ഇത്തരം രോഗമുള്ള കുട്ടികളുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കുന്നതിനായി പ്രയത്നിക്കുന്ന സന്നദ്ധസംഘടനയാണ് ഇത്.

ഭാവിയിൽ എന്തായിത്തീരണമെന്ന പ്രവർത്തകരുടെ ചോദ്യത്തിന് ഐ.പി.എസ്. ഓഫീസറാകണമെന്ന് മറുപടി നൽകി. എന്നാൽ അത് സാധാരണ ഒരു ചോദ്യമാണെന്നു കരുതിയ സൽമാനു തെറ്റി. വ്യാഴാഴ്ച കോറമംഗല പൊലീസ് സ്റ്റേഷന്റെ ചുമതലയേൽക്കാൻ ഒരുങ്ങാനറിയിച്ച് സംഘടനാ പ്രവർത്തകർ വീണ്ടും വിളിച്ചു. ഐ.പി.എസ്. ഓഫീസറുടെ യൂണിഫോമും തൊപ്പിയുമെല്ലാം സംഘടനതന്നെ സജ്ജമാക്കി.

രാവിലെ 11 മണിയോടെ ഐപിഎസ് ഓഫിസറായി സൽമാൻ യൂണിഫോമിൽ പൊലീസ് സ്റ്റേഷനിൽ ചെന്നിറങ്ങിയത്. ഡി.സി.പി. സി.കെ. ബാബയുടെ നേതൃത്വത്തിൽ പൊലീസുകാർ സ്വീകരിച്ചു. സ്റ്റേഷൻ പ്രവർത്തനങ്ങൾ വിശദീകരിച്ചുകൊടുത്തു. കർണാടകസ്വദേശിയായ 14-കാരൻ മിഥിലേഷിനും സൽമാനൊപ്പം ഐ.പി.എസ്. ഓഫീസറാകാനുള്ള ഭാഗ്യം ലഭിച്ചു.

സൗദിയിൽ സ്വകാര്യസ്ഥാപനത്തിലെ സുരക്ഷാജീവനക്കാരനായ കോട്ടയം നാട്ടകം ഇല്ലംപള്ളിയിൽ മുജീബ് റഹ്മാന്റെയും ജാരി മോളുടെയും മകനാണ് സൽമാൻ. മൂന്നുവർഷം മുമ്പ് വീടിനടുത്തുള്ള ഇല്ലിക്കൽ പാലം തകർന്നപ്പോൾ സംഭവസ്ഥലം സന്ദർശിക്കാനെത്തിയ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ കണ്ടതോടെയാണ് സൽമാന് ഐ.പി.എസുകാരനാകണമെന്ന മോഹമുദിച്ചത്. മൂന്നുവർഷങ്ങൾക്കിപ്പുറം ആഗ്രഹം സഫലമായപ്പോൾ സൽമാന് ഇരട്ടിസന്തോഷവുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here