വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ആവേശജയം;നിർണായക വിക്കറ്റിന് പിന്നിൽ മലയാളി താരം സഞ്ജു സാംസൺ

0

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ആവേശജയം സ്വന്തമാക്കിയപ്പോൾ നിർണായകമായത് വിക്കറ്റിന് പിന്നിൽ മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനം. നേരത്തെ ബാറ്റിംഗിനിറങ്ങിയപ്പോൾ 12 റൺസ് മാത്രമെടുത്ത് പുറത്തായി ആരാധകരെ നിരാശരാക്കിയെങ്കിലും വിക്കറ്റിന് പിന്നിൽ അവസാന ഓവറിലെ മിന്നും സേവുമായി ഇന്ത്യയുടെ രക്ഷകനാവുകയായിരുന്നു.

മുഹമ്മദ് സിറാജ് എറിഞ്ഞ അവസാന ഓവറിൽ വിൻഡീസിന് ജയിക്കാൻ 15 റൺസായിരുന്നു വേണ്ടിയിരുന്നത്. റൊമാരിയോ ഷെപ്പേർഡും അക്കീൽ ഹൊസൈനുമായിരുന്നു ക്രീസിൽ. ഓഫ് സ്റ്റംപിന് പുറത്തുവന്ന സിറാജിന്റെ ആദ്യ പന്ത് നേരിട്ട അക്കീൽ ഹൊസൈന് റൺസ് നേടാനായില്ല. രണ്ടാം പന്തിൽ അക്കീൽ ലെഗ് ബൈയിലൂടെ ഒരു റണ്ണെടുത്ത് വമ്പനടിക്കാരനായ റൊമാരിയോ ഷെപ്പേർഡിന് സ്‌ട്രൈക്ക് കൈമാറി.

മൂന്നാം പന്തിൽ ഷെപ്പേർഡ് ബൗണ്ടറി നേടി. അടുത്ത പന്തിൽ രണ്ട് റൺസ്. ഇതോടെ അവസാന രണ്ട് പന്തിൽ വിൻഡീസിന് ജയിക്കാൻ വേണ്ടിയിരുന്നത് എട്ട് റൺസ്. ഇതിനുശേഷമായിരുന്നു സഞ്ജുവിന്റെ സൂപ്പർമാൻ സേവ്. നിർണായക അഞ്ചാം പന്ത് മുഹമ്മദ് സിറാജ് ലെഗ് സ്റ്റംപിന് പുറത്തേക്കാണ് എറിഞ്ഞത്. വൈഡ് മാത്രമല്ല പന്ത് ബൗണ്ടറി കടക്കുമെന്നുറപ്പിച്ച നിമിഷം. എന്നാൽ പന്തിലേക്ക് പറന്നു ചാടിയ സഞ്ജു പന്ത് ബൗണ്ടറി കടക്കുന്നത് തടഞ്ഞതിനൊപ്പം സിംഗിൾ മാത്രമാണ് വഴങ്ങിയത്.


അടുത്ത പന്തിൽ സിറാജ് രണ്ട് റൺസ് വഴങ്ങിയതോടെ അവസാന പന്തിൽ വിൻഡീസിന് ജയത്തിലേക്ക് വേണ്ടത് നാലു റൺസ്. അവസാന പന്തിൽ സിംഗിളെടുക്കാനെ ഷെപ്പേർഡിന് കഴിഞ്ഞുള്ളൂ. ഇതോടെ ഇന്ത്യ മൂന്ന് റൺസിന്റെ ആവേശജയവുമായി പരമ്പരയിൽ 1-0ന് മുന്നിലെത്തി. സഞ്ജുവിന്റെ രക്ഷപ്പെടുത്തലിനെ മുൻ താരം ആകാശ് ചോപ്ര അടക്കമുള്ളവർ അഭിനന്ദിച്ച് രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here