വ്യത്യസ്‌ത സംസ്‌ഥാനങ്ങളില്‍ 24 മണിക്കൂറിനിടെ മൂന്നു പോലീസുദ്യോഗസ്‌ഥരെ അക്രമികള്‍ വാഹനമിടിപ്പിച്ചു കൊന്നു

0

ന്യൂഡല്‍ഹി: വ്യത്യസ്‌ത സംസ്‌ഥാനങ്ങളില്‍ 24 മണിക്കൂറിനിടെ മൂന്നു പോലീസുദ്യോഗസ്‌ഥരെ അക്രമികള്‍ വാഹനമിടിപ്പിച്ചു കൊന്നു. ഗുജറാത്തിലെ ആനന്ദ്‌ ജില്ലയില്‍ നൈറ്റ്‌ പട്രോളിങ്ങിലായിരുന്ന കോണ്‍സ്‌റ്റബിളിനെ ട്രക്കിടിപ്പിച്ചതാണ്‌ ഒടുവിലത്തെ സംഭവം. മണിക്കൂറുകള്‍ക്കു മുമ്പ്‌ ഹരിയാനയിലും ഝാര്‍ഖണ്ഡിലും സമാനമായ രീതിയില്‍ രണ്ടു പോലീസുദ്യോഗസ്‌ഥരും കൊല്ലപ്പെട്ടിരുന്നു.
കിരണ്‍ രാജ്‌ എന്ന കോണ്‍സ്‌റ്റബിളാണ്‌ ഗുജറാത്തില്‍ കൊല്ലപ്പെട്ടത്‌. നൈറ്റ്‌ പട്രോളിങ്ങിനിടെ സംശയാസ്‌പദമായി കാണപ്പെട്ട ട്രക്ക്‌ നിര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ അദ്ദേഹത്തിനു നേരേ ആക്രമണമുണ്ടായത്‌.
നിര്‍ത്തുന്നതിനു പകരം രാജസ്‌ഥാന്‍ നമ്പര്‍ പ്ലേറ്റുള്ള ട്രക്ക്‌ കോണ്‍സ്‌റ്റബിളിനു നേരേ ഓടിച്ചു കയറ്റിയിട്ട്‌ ഡ്രൈവര്‍ രക്ഷപ്പെടുകയായിരുന്നു. കിരണിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കുറ്റക്കാരനായ ഡ്രൈവറെ തിരിച്ചറിഞ്ഞതായി പോലീസ്‌ അറിയിച്ചു. ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ സന്ധ്യ ടോപ്‌നോ എന്ന പോലീസുദ്യോഗസ്‌ഥയാണു കൊല്ലപ്പെട്ടത്‌. മൃഗങ്ങളെ അനധികൃതമായി കടത്തിക്കൊണ്ടുപോയ വാഹനത്തെ പിന്തുടര്‍ന്നു പിടിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ഇവര്‍ക്കു നേരേയുള്ള ആക്രമണം. വാഹനത്തെ മറികടന്നു ചെന്ന ഉദ്യോഗസ്‌ഥയ്‌ക്കു നേരേ ഡ്രൈവര്‍ വണ്ടി ഓടിച്ചു കയറ്റി. സംഭവസ്‌ഥലത്തുവച്ചുതന്നെ ഉദ്യോഗസ്‌ഥ മരിച്ചു.
അതിനിടെ, ഹരിയാനയില്‍ ഡിവൈ.എസ്‌.പി: സുരേന്ദ്രസിങ്‌ ബിഷ്‌ണോയിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ട്രക്ക്‌ ഡ്രൈവര്‍ പിടിയിലായി. രാജസ്‌ഥാനിലെ ഭരത്‌പുരില്‍നിന്നാണ്‌ പ്രതി സാബിര്‍ പിടിയിലായതെന്ന്‌ ഹരിയാനാ പോലീസ്‌ അറിയിച്ചു. അനധികൃത ഖനനം നടക്കുന്ന വിവരമറിഞ്ഞ്‌ ചൊവ്വാഴ്‌ച മേവത്തിനടുത്തുള്ള പഞ്ചോണ്‍ മേഖലയിലെത്തിയ ബിഷ്‌ണോയിയെ ഖനന മാഫിയാസംഘം വാഹനം ഓടിച്ചു കയറ്റി കൊല്ലുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here