‘കാളി ദേവിയെ അധിക്ഷേപിച്ചു’; മഹുവ മൊയ്ത്രയ്ക്ക് എതിരെ മധ്യപ്രദേശില്‍ കേസ്

0

 
ഭോപ്പാല്‍: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് എതിരെ കേസെടുത്ത് മധ്യപ്രദേശ് പൊലീസ്. കാളി ദേവിയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തിയതിന് സെക്ഷന്‍ 295 എ ചുമത്തിയാണ് ഭോപ്പാല്‍ ക്രൈംബ്രാഞ്ച് യൂണിറ്റ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

‘മഹുവ മോയിത്രയുടെ പ്രസ്താവന ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തി. ഹിന്ദു ദൈവങ്ങളോടും ദേവതകളോടും അനാദരവ് കാണിക്കുന്നത് ഞങ്ങള്‍ ഒരു കാരണവശാലും സഹിക്കില്ല’- മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. 

കാളി ദേവിയെ മാംസാഹാരവും മദ്യവും സ്വീകരിക്കുന്ന ദേവതയായി സങ്കല്‍പ്പിക്കാന്‍ ഒരു വ്യക്തിയെന്ന നിലയില്‍ തനിക്ക് എല്ലാ അവകാശവുമുണ്ടെന്ന് മഹുവ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.  ഓരോ വ്യക്തിക്കും അവരുടേതായ രീതിയില്‍ ദൈവത്തെയും ദേവതയെയും ആരാധിക്കാന്‍ അവകാശമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ലീനാ മണിമേഖല സംവിധാനം ചെയ്ത ഡോക്യുമെന്ററി ചിത്രമായ ‘കാളിയുടെ’ പോസ്റ്ററില്‍ കാളി ദേവിയെ ചിത്രീകരിച്ചിരിക്കുന്ന രീതിയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിരുന്നു മഹുവ ഇത് പറഞ്ഞത്. ലൈംഗിക ന്യൂനപക്ഷങ്ങളുടെ പതാകയുടെ പശ്ചാത്തലത്തില്‍ പുക വലിക്കുന്ന കാളിവേഷധാരിയുടെ ചിത്രമാണ്  പോസ്റ്റര്‍. ഇതിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തുവന്നിരുന്നു. 
തൃണമൂല്‍ കോണ്‍ഗ്രസും മഹുവയോട് വിഷയത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി. ഇതിന് പിന്നാലെ തൃണമൂലിന്റെ ട്വിറ്റര്‍ അക്കൗണ്ട് മൊയ്ത്ര അണ്‍ഫോളോ ചെയ്തു. 
മഹുവ നടത്തിയ പരാമര്‍ശങ്ങള്‍ വ്യക്തിപരമാണെന്നും അതിനെ പാര്‍ട്ടി ഒരുതരത്തിലും അംഗീകരിക്കുന്നില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. ഇത്തരം അഭിപ്രായപ്രകടനങ്ങളെ തൃണമൂല്‍ കോണ്‍ഗ്രസ് ശക്തമായി അപലപിക്കുന്നെന്നും പാര്‍ട്ടി ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here