കേരളത്തിലെ കലാലയങ്ങളിൽ നേരിൽ കണ്ടാൽ കൊമ്പുകോർക്കുന്ന വിദ്യാർത്ഥി സംഘടനയിലെ നേതാക്കന്മാർ‌ ഒരുമിച്ച് നടത്തിയ മോഷണ കഥയാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം

0

മലപ്പുറം: കേരളത്തിലെ കലാലയങ്ങളിൽ നേരിൽ കണ്ടാൽ കൊമ്പുകോർക്കുന്ന വിദ്യാർത്ഥി സംഘടനയിലെ നേതാക്കന്മാർ‌ ഒരുമിച്ച് നടത്തിയ മോഷണ കഥയാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. മലപ്പുറം ഗവൺമെന്റ് കോളേജിലെ മോഷണക്കേസിൽ ഇരുകൂട്ടരും പരസ്പരം കുറ്റപ്പെടുത്താൻ കഴിയാത്ത വിധം സമ്മർദ്ദത്തിലായിരിക്കുകയാണെന്ന് ചുരുക്കി പറയാം. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി വിക്ടര്‍ ജോണ്‍സണ്‍, കെഎസ് യു യൂണിറ്റ് പ്രസിഡന്റ് ആത്തിഫ് എന്നിവരടക്കം ഏഴ് വിദ്യാർത്ഥികളെയാണ് കോളേജിലെ മോഷണ കേസിൽ പൊലീസ് പിടികൂടിയത്.

11 ഇൻവർട്ടർ ബാറ്ററികളും പ്രൊജക്ടറുകളുമാണ് കേളേജിൽ നിന്നും മോഷണം പോയിരിക്കുന്നത്. ബാറ്ററികളെല്ലാം നേതാക്കളുൾപ്പെട്ട സംയുക്ത സംഘം ആക്രിക്കടയിൽ വിറ്റ് കാശാക്കിയതായാണ് പോലീസ് പറയുന്നത്. കഴിഞ്ഞയാഴ്ചയാണ് സാധനങ്ങൾ നഷ്ടപ്പെട്ട വിവരം കോളേജ് അധികൃതരുടെ ശ്രദ്ധയിൽ പെടുന്നത്. ഒരു പൂർവ വിദ്യാർത്ഥിയും ഇപ്പോൾ കോളേജിൽ പഠിച്ചുകൊണ്ടിരിക്കുന്ന ആറ് പേരുമാണ് കേസിൽ പ്രതികൾ. ആക്രിക്കടയിൽ ഇവ വിറ്റ് കിട്ടിയ പണം മുഴുവൻ അന്ന് തന്നെ ഇവർ ചെലവഴിച്ചു. പ്രൊജക്ടർ എവിടെയാണ് ഉള്ളതെന്ന് കണ്ടെത്തിയിട്ടില്ല.

എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് പുറമെ മൂന്ന് എസ്എഫ്ഐ പ്രവർത്തകരും മോഷണക്കേസിൽ പിടിയിലായിട്ടുണ്ട്. ഇവരെയെല്ലാം പുറത്താക്കിയെന്ന് മലപ്പുറം എസ്എഫ്ഐ ഏരിയാ കമ്മിറ്റി അറിയിച്ചു. എന്നാൽ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റിനെതിരെ കെഎസ്‌യു നേതൃത്വം ഇതുവരെ നടപടിയെടുത്തതായി അറിയിച്ചിട്ടില്ല. പ്രതികളെ കോടതിയിൽ ഹാജരാക്കും. നഷ്ടപ്പെട്ട പ്രൊജക്ടറിനായി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here