സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി സെക്രട്ടേറിയറ്റിൽ വാഹന പാസ് നിർബന്ധമാക്കുന്നു

0

തിരുവനന്തപുരം: സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി സെക്രട്ടേറിയറ്റിൽ വാഹന പാസ് നിർബന്ധമാക്കുന്നു. പാസില്ലാത്ത വാഹനങ്ങൾക്ക് സെക്രട്ടേറിയറ്റിനുള്ളിൽ പാർക്കിങ് അനുവദിക്കില്ല. പാർക്കിങ് സ്ഥലം നിറഞ്ഞാൽ പാസുള്ളവർക്കും പാർക്കിങ് അനുവദിക്കില്ല. നിരോധിക്കപ്പെട്ട സ്ഥലത്ത് പാർക്കിങ് അനുവദിക്കില്ല. ജീവനക്കാരന് ഒരു ഇരുചക്രവാഹനത്തിനും ഒരു നാലു ചക്രവാഹനത്തിനും പാസ് അനുവദിക്കും.

പാർക്കിങ് വരകൾക്ക് അകത്തല്ലാതെ അലക്ഷ്യമായി പാർക്ക് ചെയ്യുന്ന വാഹന ഉടമയിൽനിന്ന് ആയിരം രൂപ പിഴയീടാക്കാനും തീരുമാനിച്ചിട്ടുണ്ട്. സൈക്രട്ടേറിയറ്റിന്റെ എല്ലാ ഭാഗത്തും അത്യാവശ്യ സന്ദർഭങ്ങളിൽ ഫയർ എൻജിൻ തടസ്സം കൂടാതെ എത്താൻ സൗകര്യം ഒരുക്കുംവിധം അടയാളപ്പെടുത്തിയ മഞ്ഞവരയിൽ പാർക്കിങ് പാടില്ല. അങ്ങനെ പാർക്ക് ചെയ്താൽ വാഹനം റിക്കവറി വാഹനം ഉപയോഗിച്ച് നീക്കും. വാഹന ഉടമയ്ക്കെതിരേ നിയമനടപടിയും പിഴയും വരും. സെക്രട്ടേറിയറ്റ് ജീവനക്കാരും വകുപ്പ് വാഹനങ്ങളും പിഴ നൽകേണ്ടിവരുമെന്നാണ് പൊതുഭരണ വകുപ്പ് അറിയിച്ചിട്ടുള്ളത്.

സെക്രട്ടേറിയറ്റിനുള്ളിൽ നടക്കുന്ന ചടങ്ങുകൾ, മീറ്റിങ്ങുകൾ മറ്റ് ഔദ്യോഗികാവശ്യങ്ങൾ എന്നിവയ്ക്കായി വകുപ്പ്/ പൊതുമേഖല/ബോർഡ് മേധാവികൾക്ക് നൽകിയിരുന്ന ഹോളോഗ്രാം പാസും താത്കാലിക പാസും അവസാനിപ്പിക്കും. മീറ്റിങ്ങിനായുള്ള കത്തും ഉദ്യോഗസ്ഥന്റെ തിരിച്ചറിയൽ കാർഡും അടിസ്ഥാനമാക്കി സെക്രട്ടേറിയറ്റിലേക്ക് കടത്തിവിടും. വാഹന പാസുണ്ടായാലും സെക്യൂരിറ്റി ഓഫീസർ ആവശ്യപ്പെട്ടാൽ ജീവനക്കാർ തിരിച്ചറിയൽ കാർഡ് കാണിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

നിർദേശങ്ങൾ ഇങ്ങനെ

ഫയർ ലൈനിൽ പാർക്ക് ചെയ്ത വാഹനം നീക്കംചെയ്യാൻ സാധിക്കില്ലെങ്കിൽ ട്രാഫിക് വാർഡന്മാർ മേൽ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്യണം.

സെക്രട്ടേറിയറ്റ് വളപ്പിൽ ഉപയോഗശൂന്യമായി കിടക്കുന്ന വാഹനങ്ങൾ അതത് വകുപ്പുകൾ ഉടൻ നീക്കംചെയ്യണം.

സെക്രട്ടേറിയറ്റിനുള്ളിൽ പാർക്ക് ചെയ്യുന്ന സർക്കാർ വകുപ്പിലെ വാഹനങ്ങളിലെ ഡ്രൈവർമാർ വാഹനത്തിന്റെ പരിസരത്തുണ്ടാകണം.

ഡ്രൈവർ ഇല്ലാത്തതിനാൽ റിക്കവറി വാഹനം ഉപയോഗിച്ച് വാഹനം നീക്കേണ്ടിവന്നാൽ കഷ്ടനഷ്ടങ്ങൾക്ക് ഉത്തരവാദി ഡ്രൈവർ/വകുപ്പ് ആയിരിക്കും.

പാർക്കിങ് സ്ഥലം നിറഞ്ഞാൽ പാർക്കിങ് ഫുൾ എന്ന ബോർഡ് വയ്ക്കും.

അടുത്ത വാഹനത്തിനു തടസ്സമായോ വിലങ്ങനെയോ വഴി തടസ്സപ്പെടുത്തിയോ പാർക്കിങ് പാടില്ല. അടിയന്തരസാഹചര്യങ്ങളിൽ ഇരുചക്രവാഹനങ്ങൾ അങ്ങനെ പാർക്ക് ചെയ്യേണ്ടിവന്നാൽ പൂട്ടാൻ പാടില്ല.

ഇരുചക്രവാഹനങ്ങൾ സെൻട്രൽ സ്റ്റാൻഡിൽ വയ്ക്കണം. ചടങ്ങുകൾ, യോഗങ്ങൾ എന്നിവയ്ക്കായി ഉദ്യോഗസ്ഥരെ കൊണ്ടുവരുന്ന വാഹനങ്ങൾ സെക്രട്ടേറിയറ്റിനു പുറത്ത് പാർക്ക് ചെയ്യണം. ചടങ്ങിനുശേഷം വാഹനം സെക്രട്ടേറിയറ്റിലേക്കു വരുത്തി ട്രാഫിക് തടസ്സമുണ്ടാകാതെ തിരിച്ചുപോകണം. ഇലക്ട്രിക് ചാർജിങ് സ്റ്റേഷനിൽ വാഹനം ചാർജ് ചെയ്യാൻ അനുമതിയുള്ള വാഹനങ്ങളുടെ ഡ്രൈവർമാർ വാഹനം ചാർജ് ചെയ്യുമ്പോൾ ഡ്രൈവർ പരിസരത്തുണ്ടാകണം.

ഇലക്ട്രിക് വാഹന ഉടമകൾ സെക്രട്ടേറിയറ്റ് പരിസരത്തുള്ള ഇലക്ട്രിക് പോർട്ടുകളിൽനിന്നും സ്വന്തം വാഹനം ചാർജ് ചെയ്യാൻ പാടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here