സെർവർ തകരാറു മൂലം രജിസ്‌ട്രേഷൻ വകുപ്പിന്റെ ഓൺലൈൻ സേവനങ്ങൾ മിക്കയിടത്തും മുടങ്ങി

0

തിരുവനന്തപുരം: സെർവർ തകരാറു മൂലം രജിസ്‌ട്രേഷൻ വകുപ്പിന്റെ ഓൺലൈൻ സേവനങ്ങൾ മിക്കയിടത്തും മുടങ്ങി. ആവർത്തിച്ചു ശ്രമിച്ചിട്ടും സെർവർ തകരാർ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. പ്രശ്‌നം ശ്രദ്ധയിൽപ്പെട്ടു മാസങ്ങളായിട്ടും തകരാർ പരിഹരിക്കാൻ നടപടിയില്ലാത്തതിനാൽ ആധാരം എഴുത്തുകാരും ബുദ്ധിമുട്ടുകയാണ്. പ്രതിദിനം നൂറു റജിസ്‌ട്രേഷനുകൾ നടന്നിരുന്ന സ്ഥലങ്ങളിൽ ഇപ്പോൾ നാലോ അഞ്ചോ എണ്ണം മാത്രമാണ് നടക്കുന്നത്. വിവാഹ റജിസ്‌ട്രേഷൻ മുടങ്ങിയതു കാരണം വിദേശ രാജ്യങ്ങളിൽ പോകാനുള്ള അവസരം നഷ്ടമാകുന്നതായും ആരോപണമുണ്ട്.

ഇന്നലെ രാവിലെ ഒരു മണിക്കൂർ മാത്രമാണ് ഓൺലൈൻ സേവനങ്ങൾ നടത്താൻ കഴിഞ്ഞതെന്നു ആധാരം എഴുത്തുകാർ പറഞ്ഞു. ഇതിനുശേഷം സെർവർ കേടായി. വൈകുന്നേരമായിട്ടും തകരാർ പരിഹരിക്കാൻ കഴിഞ്ഞില്ല. വസ്തു ക്രയവിക്രയങ്ങൾ നടത്താനോ ബാധ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എടുക്കാനോ കഴിയുന്നില്ല. സർക്കാരിനു ലഭിക്കേണ്ട ഇ പേമെന്റ് പോലും നടത്താൻ കഴിയുന്നില്ല. മൂന്ന് തവണ പേമെന്റ് ഓപ്ഷൻ കൊടുത്താലും ടൈം സ്ലോട്ട് കിട്ടിയില്ലെങ്കിൽ പണം നഷ്ടമാകും. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒട്ടേറെ പേരുടെ പണം നഷ്ടമായിട്ടുണ്ടെന്നാണു വിവരം.

രജിസ്‌ട്രേഷൻ സെർവറിന്റെ ശേഷിക്കുറവാണ് കാരണമെന്നാണ് വകുപ്പ് അധികൃതർ പറയുന്നത്. സെർവർ ശേഷി കൂട്ടാനായി എൻഐസി വഴി പുതിയ സെർവർ സോഫ്റ്റ് വെയർ സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും പൂർണതോതിൽ പ്രവർത്തനക്ഷമമായില്ല. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here