അംഗീകൃത ദേശീയ പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവന കുറയുന്നു

0

ന്യൂഡൽഹി: അംഗീകൃത ദേശീയ പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവന കുറയുന്നു. ബിജെപിക്ക് അടക്കം കുറവുണ്ടായി. 2020-21 സാമ്പത്തിക വർഷം ലഭിച്ച സംഭാവനകൾ തലേ വർഷത്തെ അപേക്ഷിച്ച് പകുതിയോളം (41.49%) കുറഞ്ഞു. 420 കോടി രൂപയുടെ കുറവാണുള്ളതെന്ന് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) പുറത്തുവിട്ട കണക്കുകൾ പറയുന്നു. ബിജെപി, കോൺഗ്രസ്, സിപിഐ, സിപിഎം, ബിഎസ്‌പി, എൻസിപി, ടിഎംസി, നാഷനൽ പീപ്പിൾസ് പാർട്ടി എന്നിവയാണ് 8 അംഗീകൃത ദേശീയ കക്ഷികൾ.

കോവിഡ് പ്രതിസന്ധിയാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. 2019-20 ൽ ബിജെപിക്കു 785 കോടി രൂപയാണു ലഭിച്ചത്. 2020-21 ൽ 477.54 കോടി രൂപയായി കുറഞ്ഞു. 39.23 % ഇടിവ്. കോൺഗ്രസിനു 2019-20 ൽ ലഭിച്ചത് 139.16 കോടി രൂപ. 2020-21 ൽ 74.52 കോടിയായി കുറഞ്ഞു. 46.39 % ഇടിവ്. 2018-19 വർഷത്തെക്കാൾ 2019-20 ൽ കോൺഗ്രസിനു ലഭിച്ച സംഭാവന 6.44 % കുറഞ്ഞിരുന്നു. ഇതേ കാലയളവിൽ ബിജെപിക്ക് 5.88 % വർധനയായിരുന്നു.

ദേശീയ കക്ഷികൾക്കു ലഭിച്ച ആകെ സംഭാവനയുടെ 80 ശതമാനത്തിലേറെയും (480.65 കോടി) കോർപറേറ്റ്, ബിസിനസ് മേഖലയിൽനിന്നാണ്. 2258 വ്യക്തി സംഭാവനകളിലായി 111.65 കോടി രൂപ (18.8 %)യും. ഡൽഹിയിൽനിന്നാണ് ഏറ്റവും കൂടുതൽ സംഭാവന 246 കോടി രൂപ. മഹാരാഷ്ട്ര (71.68 കോടി), ഗുജറാത്ത് (47 കോടി). കോർപറേറ്റ് മേഖലയിൽനിന്നു ബിജെപിക്ക് ആകെ 416.79 കോടി രൂപ ലഭിച്ചു.

1071 വ്യക്തി സംഭാവനകളിലൂടെ 60.37 കോടിയും. കോൺഗ്രസിന് കോർപറേറ്റ് മേഖലയിൽനിന്ന് ആകെ 35.89 കോടി ലഭിച്ചു. 931 വ്യക്തി സംഭാവനകളിലായി 38.63 കോടിയും ലഭിച്ചു എന്നും റിപ്പോർട്ട് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here