ഫോണിലൂടെ ബുക്ക്‌ ചെയ്‌ത ടിക്കറ്റിന്‌ ഒന്നാം സമ്മാനം

0

തൊടുപുഴ: നമ്പര്‍പോലും അറിയാത്ത ലോട്ടറി ടിക്കറ്റിന്‌ തനിക്ക്‌ ഒന്നാം സമ്മാനമടിച്ചതിന്റെ അമ്പരപ്പില്‍ സന്ധ്യ. ഫോണ്‍ വഴി ബുക്ക്‌ ചെയ്‌ത ടിക്കറ്റ്‌ രണ്ടാമതൊരു ചിന്തയില്ലാതെ യഥാര്‍ഥ ഉടമയ്‌ക്കു കൈമാറി ലോട്ടറി ഏജന്റ്‌.
തൊടുപുഴ കാഞ്ഞിരമറ്റത്താണ്‌ സംഭവം. കാഞ്ഞിരമറ്റം വെട്ടികാട്‌ ലക്കി സെന്റര്‍ ഉടമ സാജന്‍ തോമസിന്റെ കടയില്‍ നിന്ന്‌ ഫോണ്‍ വഴി ബുക്ക്‌ ചെയത്‌ ലോട്ടറി ടിക്കറ്റിനാണ്‌ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചത്‌. ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌തത്‌ കോട്ടയം മാന്നാനം കുരിയാറ്റേല്‍ ശിവന്‍നാഥിന്റെ ഭാര്യയും കുമാരമംഗലം വില്ലേജ്‌ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഹെല്‍ത്ത്‌ നഴ്‌സുമാണ്‌ കെ.ജി സന്ധ്യമോള്‍.
കാഞ്ഞിരമറ്റത്തെ കടയില്‍ കാത്തു നിന്നവര്‍ക്കിടയിലൂടെ തനിക്കടിച്ച ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ്‌ സാജന്‍ ഉയര്‍ത്തി കാണിക്കുമ്പോഴും സത്യമാണെന്ന്‌ വിശ്വസിക്കാന്‍ സന്ധ്യക്കു കഴിഞ്ഞിരുന്നില്ല. ചൊവ്വാഴ്‌ച നറുക്കെടുത്ത സ്‌ത്രീ ശക്‌തി ലോട്ടറിയുടെ എസ്‌.ഡി 211059 എന്ന നമ്പരിനായിരുന്നു 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം. ലോട്ടറിയെടുക്കുന്ന ശീലമില്ലാത്ത സന്ധ്യ, മൂന്നു മാസം മുമ്പ്‌ ചില്ലറയുടെ ആവശ്യത്തിനായാണ്‌ സാജന്റെ ലോട്ടറിക്കടയിലെത്തിയത്‌. ഇടയ്‌ക്ക്‌ ഒരു സെറ്റ്‌ ടിക്കറ്റ്‌ എടുത്തു വെച്ചിട്ടുണ്ടെന്ന സാജന്റെ അറിയിപ്പുകളെ സന്ധ്യമോള്‍ അവഗണിച്ചിരുന്നില്ല. അടിച്ചാലും ഇല്ലെങ്കിലും ടിക്കറ്റിന്റെ പണം കൃത്യമായി നല്‍കും. ഒന്നാം സമ്മാനം തന്റെ കടയിലാണെന്ന്‌ തൊടുപുഴ മഞ്‌ജു ലക്കി സെന്ററില്‍ നിന്നാണ്‌ സാജനെ വിളിച്ചറിയിച്ചത്‌. മാറ്റിവെച്ച ആ 12 ടിക്കറ്റുകളിലൊന്നിനാണ്‌ സമ്മാനമെന്ന്‌ കണ്ട്‌ ഒരു സെക്കന്‍ഡ്‌ പോലും വൈകാതെ സന്ധ്യമോളെ വിളിച്ച്‌ സന്തോഷമറിയിച്ചു. നഗരസഭ കൗണ്‍സിലര്‍ ജിതേഷിന്റെയും മറ്റുള്ളവരുടെയും സാന്നിധ്യത്തില്‍ ടിക്കറ്റ്‌ അവര്‍ക്ക്‌ കൈമാറി. മറ്റ്‌ 11 ടിക്കറ്റുകള്‍ക്ക്‌ സമാശ്വാസ സമ്മാനവും ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here