സില്‍വര്‍ ലൈന്‍ പദ്ധതി : തിടുക്കംകാട്ടി കുളമാക്കി : ഹൈക്കോടതി

0

കൊച്ചി: സംസ്‌ഥാനസര്‍ക്കാരിന്റെ അനാവശ്യതിടുക്കമാണു സില്‍വര്‍ ലൈന്‍ പദ്ധതിയെ ഈ അവസ്‌ഥയിലെത്തിച്ചതെന്നു ഹൈക്കോടതി. പദ്ധതി സംബന്ധിച്ച സാമൂഹികാഘാതപഠനത്തിന്റെ തല്‍സ്‌ഥിതി അറിയിക്കാനും കോടതി സര്‍ക്കാരിനോടു നിര്‍ദേശിച്ചു. പദ്ധതി എന്തുകൊണ്ട്‌ ഈ അവസ്‌ഥയിലായെന്നു സര്‍ക്കാരിനോട്‌ ആരാഞ്ഞ കോടതി, അതു നടപ്പാക്കാന്‍ തീരുമാനിച്ച രീതിയാണു പ്രശ്‌നമായതെന്നും ചൂണ്ടിക്കാട്ടി.
പദ്ധതിയുടെ സാമൂഹികാഘാതപഠനത്തെ കേന്ദ്രസര്‍ക്കാര്‍ തള്ളുകയോ കൊള്ളുകയോ ചെയ്‌തിട്ടില്ല. പദ്ധതി കൈയൊഴിയുന്ന നിലപാടാണു കേന്ദ്രത്തിന്റേതെന്നും കോടതി നിരീക്ഷിച്ചു.
സാമൂഹികാഘാതപഠനവുമായി ബന്ധപ്പെട്ട്‌ കെ-റെയില്‍ കമ്പനിയുണ്ടാക്കുന്ന പ്രശ്‌നങ്ങളില്‍ തങ്ങള്‍ക്ക്‌ ഉത്തരവാദിത്വമില്ലെന്നു കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.
കെ-റെയില്‍ ഉപയോഗിക്കുന്ന ഫണ്ട്‌ കമ്പനിയെന്ന നിലയ്‌ക്കായതിനാല്‍ ഇടപെടാനാവില്ലെന്നും കേന്ദ്രം വ്യക്‌തമാക്കി.

കോടതി ശത്രുവല്ല; കേന്ദ്രം കൈവിട്ടില്ലേ?

സില്‍വര്‍ ലൈന്‍ പദ്ധതി നല്ലതാണെന്നും പക്ഷേ നടപ്പാക്കേണ്ടത്‌ ഈ രീതിയിലല്ലെന്നും ജസ്‌റ്റിസ്‌ ദേവന്‍ രാചമന്ദ്രന്‍ പറഞ്ഞു. ഹര്‍ജികള്‍ ഓഗസ്‌റ്റ്‌ 10-നു പരിഗണിക്കാനായി മാറ്റി. പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ അനാവശ്യധൃതി കാട്ടിയെന്നു കോടതി അഭിപ്രായപ്പെട്ടു. നല്ലൊരു പദ്ധതി എങ്ങനെ ഈ അവസ്‌ഥയിലായെന്നു സര്‍ക്കാരും കെ-റെയിലും ആലോചിക്കണം. മഞ്ഞക്കുറ്റി ഉപയോഗിച്ചുള്ള സര്‍വേ ഇനിയുണ്ടാകില്ലെന്നു സര്‍ക്കാര്‍ പറഞ്ഞത്‌ കോടതി രേഖപ്പെടുത്തി. കോടതി പറഞ്ഞതു സര്‍ക്കാര്‍ ആദ്യമേ കേള്‍ക്കണമായിരുന്നു. പകരം, കോടതിയെ കുറ്റപ്പെടുത്താനാണു ശ്രമിച്ചത്‌. കോടതി ആരുടെയും ശത്രുവല്ല. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കൈയൊഴിഞ്ഞില്ലേയെന്നും ജസ്‌റ്റിസ്‌ ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.
സാമൂഹികാഘാതപഠനവും ജിയോ ടാഗിങ്ങുമായി മുന്നോട്ടുപോകുകയാണോയെന്നു കോടതി സര്‍ക്കാരിനോടു ചോദിച്ചു. പഠനത്തിന്റെ തല്‍സ്‌ഥിതി അറിയിക്കാന്‍ രണ്ടാഴ്‌ച സാവകാശവും അനുവദിച്ചു. നിലപാടറിയിക്കാന്‍ രണ്ടാഴ്‌ച അനുവദിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം അംഗീകരിച്ചാണിത്‌. കോടതി സാമൂഹികാഘാതപഠത്തിനു തടസമുണ്ടാകുന്ന ഇടപെടല്‍ നടത്തിയിട്ടില്ല. വിധി പ്രസ്‌താവിക്കുന്നതിനു മുമ്പ്‌ ആവശ്യമായ വിവരങ്ങള്‍ ബോധിപ്പിക്കാനും കോടതി നിര്‍ദേശിച്ചു.

Leave a Reply