വികസനം ആഗ്രഹിക്കുന്നവര്‍ കേന്ദ്രത്തെ തിരുത്തണം: മുഖ്യമന്ത്രി

0

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കാനാണു സര്‍ക്കാര്‍ ആലോചിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിക്കു തടസമുണ്ടാകില്ലെന്ന പ്രതീക്ഷയാണു സംസ്‌ഥാനസര്‍ക്കാരിന്‌ ഉണ്ടായിരുന്നതെന്നും വികസനം ആഗ്രഹിക്കുന്നവരെല്ലാം കേന്ദ്രനിലപാട്‌ തിരുത്തിക്കാന്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതി ആരംഭിക്കാന്‍ കേന്ദ്രാനുമതി വേണം. സംസ്‌ഥാനത്തിനു മാത്രമായി നടപ്പാക്കാനാവില്ല. പദ്ധതിക്കെതിരായ നിലപാടാണു കേന്ദ്രം ഇപ്പോള്‍ സ്വീകരിക്കുന്നത്‌. അതു മാറ്റി, നാടിനാവശ്യമാണെന്നു കരുതി അനുമതി തരണം. അനുമതി കിട്ടുന്നതിനു മുമ്പ്‌ സംസ്‌ഥാനത്തിനു ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളാണ്‌ ആലോചിച്ചത്‌. എന്നാല്‍, ഇപ്പോള്‍ സംഭവിക്കുന്നതു നിര്‍ഭാഗ്യകരമാണ്‌. കേന്ദ്രത്തിന്റെ ഭാഗത്തുനിന്നു സംസാരിക്കുന്ന പലരും പദ്ധതിയെ എതിര്‍ക്കുന്നു. പദ്ധതിക്കായി എന്തിനാണ്‌ ഇത്ര ധൃതിയെന്നു ചിലര്‍ ചോദിക്കുന്നു. പദ്ധതിക്കായുള്ള സാമൂഹികാഘാതപഠനം നിലച്ചിട്ടില്ല. സര്‍വേ നടക്കുന്നുണ്ടെങ്കിലും കേന്ദ്രനിലപാട്‌ തടസമായിട്ടുണ്ട്‌ -മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply