മുതിർന്ന ബ്രിട്ടീഷ് മാധ്യമ പ്രവർത്തകൻ ഡോം ഫിലിപ്സിനേയും അദ്ദേഹത്തിന്റെ പ്രാദേശിക ഗൈഡ് ആയിരുന്ന ബ്രസീലിയൻ പൗരനേയും അതിക്രൂരമായി കൊന്ന് മൃതദേഹം ഒളിപ്പിച്ച കേസിൽ രണ്ട് സഹോദർന്മാർ അറസ്റ്റിലായി

0

മുതിർന്ന ബ്രിട്ടീഷ് മാധ്യമ പ്രവർത്തകൻ ഡോം ഫിലിപ്സിനേയും അദ്ദേഹത്തിന്റെ പ്രാദേശിക ഗൈഡ് ആയിരുന്ന ബ്രസീലിയൻ പൗരനേയും അതിക്രൂരമായി കൊന്ന് മൃതദേഹം ഒളിപ്പിച്ച കേസിൽ രണ്ട് സഹോദർന്മാർ അറസ്റ്റിലായി. ഇന്നലെ അവരെ നഗരത്തിൽ നിന്നെല്ലാം ദൂരെ മാറിയുള്ള ഒരു സ്ഥലത്ത് പൊലീസ് അന്വേഷണത്തിനായി എത്തിച്ചു. ഒളിപ്പിച്ച് മൃതദേഹങ്ങൾ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ് ഇവരെ ഇവിടെ എത്തിച്ചത്. ബ്രിട്ടീഷ് മാധ്യമ പ്രവർത്തകനും സഹായിയും അപ്രത്യക്ഷമായതിന്റെ പുറകിൽ ഈ സഹോദരങ്ങളാണെന്ന് സംശയിക്കുന്നു എന്നാണ് പൊലീസ് പറയുന്നത്.

കുറ്റസമ്മതം നടത്തിയതായി പൊലീസ് വെളിപ്പെടുത്തിയിട്ടില്ല എന്നാൽ, പ്രാദേശിക മാധ്യമമായ ബാൻഡ് ന്യുസ് ഇന്നലെ റിപ്പോർട്ട് ചെയ്തത്, ഇരുവരെയും കൊല ചയ്തതായി സഹോദരങ്ങൾ കുറ്റസമ്മതം നടത്തി എന്നാണ്. കഴിഞ്ഞയാഴ്‌ച്ച അനധികൃതമായി ആയുധങ്ങൾ കൈവശം വെച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട പെലാഡോ എന്ന് വിളീക്കുന്ന അമാരിൽഡോ ഡ കോസ്റ്റ എന്നയാളാണ് ഈ കേസിലെ മുഖ്യ പ്രതി എന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇയാളുടെ സഹോദരൻ ഒസെനി ഡാ കോസ്റ്റ കൂട്ടുപ്രതിയാണ്.

അറ്റാലിയ നദിക്കരയിലെ ആൾവസം ഇല്ലാത്ത സ്ഥലത്താണ് ഇന്നലെ പ്രതികളെ എത്തിച്ചത്. ഇവിടെ വച്ചായിരുന്നു ഡോം ഫിലിപ്പും സഹായിയും അപ്രത്യക്ഷരായത്. ഈ മാസം ആദ്യമാണ് ഇവരെ കാണാതായത്. കേസ് അതിവേഗം തെളിയിക്കാനാകുമെന്ന് പ്രസിഡണ്ട് ജെയർ ബോൽസൊനാരൊ പറഞ്ഞു. അതിനിടയിൽ, ഇനിയും മൃതദേഹം കണ്ടെത്താനായില്ലെങ്കിലും ഡോം ഫിലിപ്പിന്റെ കുടുംബത്തെ അദ്ദേഹം മരിച്ച നിലയിൽ കണ്ടെത്തി എന്ന് തെറ്റായി അറിയിച്ചതിൽ ഇന്നലെ ബ്രിട്ടനിലെ ബ്രസീലിയൻ അംബാസിഡർ ഖേദം പ്രകടിപ്പിച്ചു.

ഫിലിപ്പും സഹായിയും അപ്രത്യക്ഷമാകുന്നതിനു മുൻപായി പെലാഡോ ഒരു ബോട്ടിൽ അവർ സഞ്ചരിച്ചിരുന്ന ബോട്ടിനെ പിന്തുടരുന്നതായി ഉള്ള ഒരു ദൃക്സാക്ഷി മൊഴിയാണ് ഇപ്പോൾ പ്രതികളെ പിടിക്കാൻ സഹായകമായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പെലാഡോയുടെ ബോട്ടിൽ രക്തക്കറ പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ ഇത് പരിശോധനക്ക് അയച്ചിട്ടേയുള്ളു, വിശദവിവരങ്ങൾ ലഭിച്ചിട്ടില്ല. കാണാതെ പോയവരുടെ കൈകളിൽ ഉണ്ടായിരുന്ന ചില സാധനങ്ങൾ പെലാഡോയുടെ വീടിനു സമീപത്തുനിന്നും പൊലീസ് കണ്ടെത്തിയതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here