മങ്കിപോക്സ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ

0

ന്യൂ‍ഡൽഹി: മങ്കിപോക്സ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ലോകത്തിന്റെ പലഭാഗങ്ങളിലും വൈറസ് പടരുന്ന സാഹചര്യത്തിലാണിത് ലോകാരോഗ്യ സംഘടനയുടെ തീരുമാനം. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാൻ അടുത്തയാഴ്ച്ച യുഎൻ ഹെൽത്ത് ഏജൻസി അടിയന്തിര യോഗം വിളിച്ചു ചേർക്കുന്നുണ്ട്.

ജൂൺ എട്ടുവരെയുള്ള കണക്കുകൾ പ്രകാരം 2821 പേരെയാണ് മങ്കിപോക്സ് ബാധിച്ചിരിക്കുന്നത്. യൂറോപ്പ്, നോർത്ത് അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ 1285 മങ്കിപോക്സ് കേസുകളാണുള്ളത്. കാമറൂൺ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, കോം​ഗോ, ലൈബീരിയ തുടങ്ങിയ എട്ടോളം ആഫ്രിക്കൻ രാജ്യങ്ങളിലും രോ​ഗം പടരുന്നുണ്ട്. രോ​ഗം പടരുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ 72 മരണമാണ് ജൂൺ എട്ടുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സ്ഥിതി കൈവിട്ടുപോകുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നും വേണ്ട നടപടി കൈക്കൊള്ളേണ്ട സമയമായെന്നും ലോകാരോ​ഗ്യസംഘന ഡയറക്ടർ ജനറൽ ടെഡ്രോസ് അദനോം ​ഗബ്രിയേഷ്യസ് പറഞ്ഞു. കോവി‍ഡിനോളം അപകടകാരിയല്ല മങ്കിപോക്സ് എങ്കിലും രോ​ഗംബാധിച്ച ഒരാളെ കൃത്യമായി ഐസൊലേറ്റ് ചെയ്യുന്നതിൽ തുടങ്ങി അപകടസാധ്യതയുള്ളവരെ മാറ്റിനിർത്തുക, ടെസ്റ്റുകൾ വർധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിൽ മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിക്കേണ്ടതുണ്ടെന്നും വിദ​ഗ്ധർ പറയുന്നു.
അതിനിടെ മങ്കിപോക്സ് വാക്സിനേഷൻ സംബന്ധിച്ച് ലോകാരോ​ഗ്യ സം​ഘടന പുറത്തിറക്കിയ മാർ​ഗനിർദേശങ്ങളിൽ സ്മോൾപോക്സിനു ഉപയോ​ഗിക്കുന്ന വാക്സിൻ മങ്കിപോക്സിന് നൽകാമെന്നും പറയുന്നുണ്ട്.
എന്താണ് മങ്കിപോക്‌സ്‌?
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ്. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി മങ്കിപോക്സ്. ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 9 വയസുള്ള ആൺകുട്ടിയിലാണ് മനുഷ്യരിൽ മങ്കിപോക്സ് ആദ്യമായി കണ്ടെത്തിയത്.

രോഗ പകർച്ച
രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴി നേരിട്ടുള്ള സമ്പർക്കത്തിലൂടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരാം. അണ്ണാൻ, എലികൾ, വിവിധ ഇനം കുരങ്ങുകൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങളിൽ വൈറസ് അണുബാധയുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകൾക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പർക്കമുണ്ടായാൽ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.
രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ, കിടക്ക പോലുള്ള വസ്തുക്കൾ എന്നിവയുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് മങ്കിപോക്‌സ്‌ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.പ്ലാസന്റ വഴി അമ്മയിൽ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കിൽ ജനനസമയത്തോ, അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയും രോഗസംക്രമണം സംഭവിക്കാം. .
ലക്ഷണങ്ങൾ
സാധാരണഗതിയിൽ ഇൻകുബേഷൻ കാലയളവ് 6 മുതൽ 13 ദിവസം വരെയാണ്. എന്നാൽ ചില സമയത്ത് ഇത് 5 മുതൽ 21 ദിവസം വരെയാകാം. 2 മുതൽ 4 ആഴ്ച വരെ ലക്ഷണങ്ങൾ നീണ്ടു നിൽക്കാറുണ്ട്. മരണ നിരക്ക് പൊതുവെ കുറവാണ്. പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി വന്ന് 13 ദിവസത്തിനുള്ളിൽ ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കൺജങ്ക്റ്റിവ, കോർണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.
രോഗം ഗുരുതരമാകുന്നത് രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീർണതകൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്. അണുബാധകൾ, ബ്രോങ്കോന്യുമോണിയ, സെപ്സിസ്, എൻസെഫലൈറ്റിസ്, കോർണിയയിലെ അണുബാധ എന്നിവയും തുടർന്നുള്ള കാഴ്ച നഷ്ടവും ഈ രോഗത്തിന്റെ സങ്കീർണതകളിൽ ഉൾപ്പെടുന്നു. രോഗലക്ഷണങ്ങളില്ലാതെയുള്ള അണുബാധ എത്രത്തോളം സംഭവിക്കാം എന്നത് അജ്ഞാതമാണ്.
പ്രതിരോധം
അസുഖം ബാധിച്ച സമയത്തും, അവയുടെ മൃതശരീരങ്ങൾ കൈകാര്യം ചെയ്യുന്ന സമയത്തും വന്യമൃഗങ്ങളുമായുള്ള സുരക്ഷിതമല്ലാത്ത സമ്പർക്കം ഒഴിവാക്കുക. അവയുടെ മാംസം, രക്തം, മറ്റ് ഭാഗങ്ങൾ എന്നിവയുമായുള്ള സമ്പർക്കവും ഒഴിവാക്കണം. ഇതോടൊപ്പം മൃഗങ്ങളുടെ മാംസം കഴിക്കുന്നതിനു മുമ്പ് നന്നായി വേവിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം.
രോഗബാധിതരായ മനുഷ്യരുമായി അടുത്തിടപഴകുന്നതാണ് വൈറസ് അണുബാധയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരും രോഗബാധിതരുടെ സ്രവങ്ങൾ കൈകാര്യം ചെയ്യുന്നവരും രോഗപ്പകർച്ച ഒഴിവാക്കുന്നതിനായി നിർബന്ധമായും സാധാരണ സ്വീകരിക്കുന്ന അണുബാധ നിയന്ത്രണ മുൻകരുതലുകളെടുക്കണം

LEAVE A REPLY

Please enter your comment!
Please enter your name here