ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ രൂപതയുടെ അധികാരത്തില്‍ ഉടന്‍ തിരിച്ചെത്തുമെന്ന പ്രചാരണം അടിസ്ഥാനരഹിതം

0

കോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ രൂപതയുടെ അധികാരത്തില്‍ ഉടന്‍ തിരിച്ചെത്തുമെന്ന പ്രചാരണം അടിസ്ഥാനരഹിതം. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി (ന്യൂണ്‍ഷ്യോ) ആര്‍ച്ച് ബിഷപ് ലിയോപോള്‍ഡോ ഗിരെല്ലിയുടെ പേരിലാണ് പ്രചാരണം. ബിഷപ് ഫ്രാങ്കോയെ വെറുതെവിട്ട വിചാരണ കോടതി വിധി വത്തിക്കാന്‍ അംഗീകരിക്കുന്നുവെന്ന് കഴിഞ്ഞയാഴ്ച ജലന്ധറില്‍ നടന്ന വൈദിക സമ്മേളനത്തില്‍ ന്യൂണ്‍ഷ്യോ പറഞ്ഞുവെന്നാണ് വാര്‍ത്ത.

എന്നാല്‍ വൈദിക സമ്മേളനത്തില്‍ കേസ് ഒരു വൈദികന്‍ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ ന്യുണ്‍ഷ്യോ നല്‍കിയ വിശദീകരണത്തെ ബിഷപ് ഫ്രാങ്കോ അനുകൂലികള്‍ വളച്ചൊടിച്ച് കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളെ അടക്കം തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ജലന്ധറില്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമാകുന്നു.

മാത്രമല്ല, ബിഷപ് ഫ്രാങ്കോ ജലന്ധറില്‍ തിരിച്ചെത്തുന്നതിനെ ഭൂരിപക്ഷം വൈദികരും അനുകൂലിക്കുന്നില്ല. പുതിയ ബിഷപ് വേണമെന്നാണ് രൂപത ഒന്നടങ്കം ന്യുണ്‍ഷ്യോയോട് ആവശ്യപ്പെട്ടത്.

വൈദിക സമ്മേളനത്തിനെത്തിയ ആര്‍ച്ച്ബിഷപ് ലിയോപോള്‍ഡോ ഗിരെല്ലി, വൈദികരും സന്യസ്തരും അത്മായരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വൈദികരുടെ യോഗത്തില്‍ രൂപതയുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ ആരാഞ്ഞപ്പോള്‍ ആരും തന്നെ പരസ്യമായി പ്രതികരിക്കാന്‍ ആദ്യം തയ്യാറായിരുന്നില്ല. ഈ സമയം ഒരു വൈദികന്‍ എഴുന്നേറ്റ് ബിഷപ് ഫ്രാങ്കോയ്‌ക്കെതിരായ കേസ് ശ്രദ്ധയില്‍ പെടുത്തി. അതില്‍ ആര്‍ച്ച് ബിഷപിന്റെ നിലപാട് തേടി. ഈ സമയം ‘ഇന്ത്യന്‍ നിയമമനുസരിച്ച് അദ്ദേഹം കുറ്റക്കാരനല്ല, കോടതി വിധി ഞങ്ങള്‍ മാനിക്കുന്നു.’ എന്ന മറുപടി മാത്രമാണ് അദ്ദേഹം നല്‍കിയത്.

ഫ്രാങ്കോയെ കോടതി വെറുതെ വിട്ടുവെങ്കിലും കത്തോലിക്കാ സഭയുടെ പഠനപ്രകാരമുള്ള പ്രമാണത്തി​െ​ന്റ ലംഘനം നടന്നുവെന്ന കാര്യം വ്യക്തമല്ലേയെന്നും അതില്‍ സഭയുടെ നിലപാട് എന്താണെന്നും വൈദികന്‍ ആരാഞ്ഞു. ‘അതില്‍ സഭ നടത്തുന്ന അന്വേഷണത്തില്‍ കാനോനികവും സഭാപരവുമായി തീരുമാനമുണ്ടാകുമെന്നും’ അദ്ദേഹം മറുപടി നല്‍കി. എല്ലാ കാര്യങ്ങളും സഭ സൂക്ഷ്മമായി വീക്ഷിക്കുകയാണെന്നും സഭയുടെ അന്വേഷണത്തിനു ശേഷമേ അന്തിമ തീരുമാനമുണ്ടാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരാളുടെ നന്മയല്ല, സഭയുടെ മൊത്തം നന്മയാണ് വത്തിക്കാന്‍ ആഗ്രഹിക്കുന്നത്. ഒരു വ്യക്തിയെന്ന നിലയില്‍ ബിഷപ് ഫ്രാങ്കോയ്ക്ക് ഇവിടെ വരാം. എന്നാല്‍ ബിഷപ് എന്ന നിലയില്‍ വരാന്‍ കഴിയില്ലെന്ന് ന്യൂണ്‍ഷ്യോ അസന്നിഗ്ധമായി വ്യക്തമാക്കി. As a citizen Franco can come here, but as a bishop he can not come here എന്നാണ് ന്യുണ്‍ഷ്യോ പറഞ്ഞതെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത വൈദികരില്‍ ഒരാള്‍ ‘മംഗളം ഓണ്‍ലൈനോട്’ പ്രതികരിച്ചു.

കന്യാസ്ത്രീകളുടെ ഭാഗത്തുനിന്നുള്ള അഭിപ്രായങ്ങള്‍ ന്യൂണ്‍ഷ്യോ തേടിയെങ്കിലും എല്ലാവര്‍ക്കും മൗനമായിരുന്നു മറുപടി. അത്മായരിലും ആരും തന്നെ ഫ്രാങ്കോ മുളയ്ക്കലിനെ ന്യായീകരിക്കാന്‍ തയ്യാറായില്ല.

അതേസമയം, ജലന്ധര്‍ രൂപതയ്ക്ക് പുതിയ ബിഷപ് വേണമെന്ന് വൈദികരും അത്മായരും ന്യുണ്‍ഷ്യോയോട് ആവശ്യപ്പെട്ടു. രൂപത കൂരിയ അടക്കം ഈ ആവശ്യം ഉന്നയിച്ചു. വൈദികര്‍ ഏകകണ്ഠമായാണ് പുതിയ ബിഷപ്പിനായി ആവശ്യം ഉന്നയിച്ചത്. ആരും തന്നെ മാറി നിന്നില്ലെന്നാണ് ജലന്ധറില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ഇക്കാര്യം സജീവമായി പരിഗണിക്കുമെന്ന് ന്യുണ്‍ഷ്യോ മറുപടിയും നല്‍കി.

മാത്രമല്ല, പരാതിക്കാരിയായ കന്യാസ്ത്രീയെ കാണാന്‍ സഭയില്‍ നിന്ന് ആരും പോയിട്ടില്ലെന്നും ഒരു വിഭാഗം വൈദികര്‍ ചൂണ്ടിക്കാട്ടി. അവരുടെ ഭാഗം കേള്‍ക്കാന്‍ ഇതുവരെ ആരും തയ്യാറായിട്ടില്ല. ഒരു അന്വേഷണ കമ്മീഷന്‍ രൂപീകരിക്കണമെന്ന് കൂരിയയും ആലോചന സമിതിയും ന്യുണ്‍ഷ്യോയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഇക്കാര്യം പരിഗണിക്കാമെന്ന മറുപടിയാണ് ന്യുണ്‍ഷ്യോ നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here