വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യുവാക്കള്‍ക്കെതിരെ വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തി കേസ്

0

തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യുവാക്കള്‍ക്കെതിരെ വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തി കേസ്. മുഖ്യമന്ത്രിയെ ആക്രമിച്ചു വധിക്കുക എന്ന ഉദ്ദേശത്തോടെയാണ് യുവാക്കള്‍ വന്നതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.

‘നിന്നെ ഞങ്ങള്‍ വച്ചേക്കില്ലെടാ.. എന്ന് മുഖ്യമന്ത്രിക്ക് നേരെ ആക്രോശിച്ചു. തടയാന്‍ ശ്രമിച്ച ഗണ്‍മാന്‍ അനില്‍കുമാറിനെ ദേഹോദ്രപം ഏല്പിച്ചുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് ഫര്‍സിന്‍ മജീദ് (28), കണ്ണുര്‍ ജില്ലാ സെക്രട്ടറി ആര്‍.കെ നവീന്‍കുമാര്‍ (34), സുനിത് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയില്‍ അക്രമം കാണിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് വലിയതുറ പോലീസ് കേസെടുത്തിരിക്കുന്നത്.

അതിക്രമം തടയുന്നതിനിടെ പരിക്കേറ്റതായി മുഖ്യമന്ത്രിയുടെ ഗണ്‍മാനും പ്രൈവറ്റ് സെക്രട്ടറിയും പോലീസിന് മൊഴി നല്‍കിയിരുന്നു.

അതേസമയം, പ്രതിഷേധത്തില്‍ പങ്കെടുത്ത മൂന്നു പേരില്‍ ഒരാള്‍ ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം നടക്കുകയാണ്.

പ്രതികള്‍ മദ്യലഹരിയിലാണ് മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചതെന്ന ഇ.പി ജയരാജന്റെ പ്രസ്താവന ശരിയല്ലെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞു. യുവാക്കള്‍ മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായി.

ഇന്‍ഡിഗോ വിമാനത്തില്‍ നടന്ന പ്രതിഷേധത്തില്‍ എയര്‍ലൈന്‍സും അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here