നടിയെ ആക്രമിച്ച കേസിൽ പ്രൊസിക്യൂഷന് തിരിച്ചടി

0

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രൊസിക്യൂഷന് തിരിച്ചടി.പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി കോടതി തള്ളി. ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്നു തെളിയിക്കാൻ പ്രോസിക്യൂഷനായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.വിചാരണക്കോടതി ജഡ്ജി ഹണി എം വർഗീസാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കേസ് അട്ടിമറിക്കുന്നതിന് പ്രതിയുടെ ഭാഗത്തു നിന്നു നീക്കമുണ്ടായി എന്നാരോപിച്ചാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. ജാമ്യ വ്യവസ്ഥകൾ തുടർച്ചയായി ലംഘിച്ചുവെന്നും പ്രോസിക്യൂഷൻ ഹർജിയിൽ ആരോപിച്ചു. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.

അഭിഭാഷകരുടെ നിർദ്ദേശമനുസരിച്ച് ദിലീപ് പത്തിലേറെ സാക്ഷികളെ സ്വാധീനിച്ചെന്നും തെളിവുകൾ നശിപ്പിച്ചെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ദിലീപിന്റെ മൊബൈൽ ഫോണിലെ തെളിവുകൾ സൈബർ വിദഗ്ധനെ ഉപയോഗിച്ചു നശിപ്പിച്ചതും അന്വേഷണ സംഘം ചൂണ്ടിക്കാട്ടി.

പ്രോസിക്യൂഷൻ വാദങ്ങളെ ദിലീപ് എതിർത്തു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും കേസിൽ പുകമറ സൃഷ്ടിക്കാനാണ് പ്രോസിക്യൂഷന്റെ ശ്രമമെന്നും ദിലീപ് ആരോപിച്ചു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ തിരക്കഥക്ക് അനുസരിച്ചാണ് പ്രോസിക്യൂഷന്റെ ഹർജി എന്നും വെളിപ്പെടുത്തലിന് പിന്നിൽ അന്വേഷണ സംഘത്തിന്റെ ഗൂഢാലോചനയാണെന്നും പ്രതിഭാഗം വാദിച്ചു.

കേസിൽ രണ്ടാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ട് നൽകാൻ കോടതി നിർദ്ദേശിച്ചു. കഴിഞ്ഞ വർഷവും പ്രോസിക്യൂഷന്റെ സമാന ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു.തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ നൽകാനുള്ള സമയപരിധി രണ്ട് ആഴ്ചയ്ക്കകം പൂർത്തിയാകാനിരിക്കെയാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി തള്ളിയത്.

LEAVE A REPLY

Please enter your comment!
Please enter your name here