പാലക്കാടിലെ അരുംകൊലയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന കാരണം പുറത്ത്

0

പാലക്കാട്: പാലക്കാടിലെ അരുംകൊലയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന കാരണം പുറത്ത്.പല്ലുതേക്കാതെ മകനെ ഉമ്മവെക്കണ്ടെന്ന ഭാര്യയുടെ പ്രതികരണമാണ് ഭർത്താവിനെ പ്രകോപിപ്പിച്ചത്. മണ്ണാർക്കാട് കാരാകുറിശ്ശിയിലാണ് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയത്. കണ്ടുകണ്ടം വീട്ടിക്കാട് വീട്ടിൽ അവിനാഷാണ് ഭാര്യ ദീപികയെ കൊടുവാൾ ഉപയോഗിച്ച് വെട്ടിക്കൊന്നത്. ഒന്നരവയസ്സുള്ള മകന്റെ കണ്മുന്നിൽവച്ചായിരുന്നു ദാരുണമായ കൊലപാതകം.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; ദമ്പതിമാർ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്.ചൊവ്വാഴ്ച രാവിലെ 8.45-ഓടെയായിരുന്നു സംഭവം. രാവിലെ എഴുന്നേറ്റ അവിനാഷ് മകനെ ഉമ്മവെയ്ക്കാൻ ശ്രമിച്ചു. എന്നാൽ പല്ല് തേക്കാതെ കുട്ടിയെ ഉമ്മവെയ്ക്കേണ്ടെന്നായിരുന്നു ഭാര്യയുടെ പ്രതികരണം. ഇതേച്ചൊല്ലിയുണ്ടായ വഴക്കാണ് ഭാര്യയെ ആക്രമിക്കുന്നതിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം.

ദീപികയുടെ കഴുത്തിലും കാലിലും കൈയിലുമാണ് വെട്ടേറ്റത്.കോയമ്പത്തൂർ സ്വദേശിയാണ് ദീപിക. വർഷങ്ങളായി ബെംഗളൂരുവിൽ താമസിച്ചിരുന്ന ദമ്പതിമാർ രണ്ടുമാസം മുമ്പാണ് നാട്ടിൽ താമസം തുടങ്ങിയത്. അഗ്‌നിരക്ഷാസേനയുടെ കരാർ ജോലികൾ ഏറ്റെടുത്ത് നടത്തിയിരുന്നയാളാണ് അവിനാഷ്. ഇയാൾ മാനസികപ്രശ്നങ്ങൾക്ക് ചികിത്സ തേടിയിരുന്നതായും വിവരങ്ങളുണ്ട്.

കരച്ചിൽ കേട്ട് അയൽവാസികൾ എത്തിയപ്പോൾ ദീപിക വെട്ടേറ്റ് വീണു കിടക്കുകയായിരുന്നു. ഒന്നര വയസുകാരൻ ഐവിൻ അമ്മയെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. കൊടുവാളുമായി സമീപത്ത് തന്നെ ഭർത്താവ് അവിനാശുമുണ്ടായിരുന്നു. ആളുകൾ എത്തിയതോടെ കടന്നുകളയാൻ അവിനാശ് നടത്തിയ ശ്രമം നാട്ടുകാർ തടയുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഗുരുതരമായി പരിക്കേറ്റ ദീപികയെ ഉടൻതന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here