ടീച്ചറിന്റെ സ്‌കൂട്ടറുമായി കൂട്ടുകാരനെ ട്യൂഷൻ ക്ലാസിലേക്ക് കൂട്ടികൊണ്ടുവരാൻ പുറപ്പെട്ട വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0

കോതമംഗലം: ടീച്ചറിന്റെ സ്‌കൂട്ടറുമായി കൂട്ടുകാരനെ ട്യൂഷൻ ക്ലാസിലേക്ക് കൂട്ടികൊണ്ടുവരാൻ പുറപ്പെട്ട വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പോത്താനിക്കാട് പൂമറ്റത്തിൽ അനിൽ- ബീന ദമ്പതികളുടെ മകൻ അബിൻ അനിൽ (15) ആണ് മരണമടഞ്ഞത്. കാളിയാർ -മൂവാറ്റുപുഴ റൂട്ടിലോടുന്ന റോസ്ലാന്റ് ബസ് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.

ഇന്ന് രാവിലെ 8.30 ഓടെ പോത്താനിക്കാട് പഞ്ചായത്ത് ഓഫീസിന് സമീപത്തുനിന്നും ഒന്നരകിലോമീറ്ററോളം പെരിനീർ ഭാഗത്തുവച്ചായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന പൈങ്ങോട്ടൂർ സെന്റ് ജോസഫസ് സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിയായ ജോബിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും ഉടൻ തൊടുപുഴയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അബിന്റെ ജീവൻ രക്ഷിക്കാനായില്ല.

അദ്ധ്യാപികയായ ശോഭ നടത്തിവരുന്ന ട്യൂഷൻ സെന്റിലെ പഠിതാക്കളായിരുന്നു ഇരുവരും. അബിൻ ട്യൂഷൻ സെന്ററിൽ എത്തിയപ്പോൾ ജോബിൻ എത്തിയിരുന്നില്ല. തുടർന്ന് ടീച്ചറിന്റെ സ്‌കൂട്ടറുമെടുത്ത് അബിൻ ജോബിനെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുവരാൻ പുറപ്പെടുകയായിരുന്നു.മരിച്ച അബിൻ പോത്താനിക്കാട് സെന്റ് മേരീസ് സ്‌കൂൾ വിദ്യാർത്ഥിയാണ്.

മൃതദേഹം മുവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അബിന്റെ പിതാവ് അനിലും ജോബിന്റെ പിതാവ് ജോബിയും പോത്താനിക്കാട് കവലയിലെ ഓട്ടോറിക്ഷ ഡ്രൈവർമാരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here